Advertisement
Sports News
ഇത് ആഘോഷത്തിന് പറ്റിയ സമയമല്ല മോനേ; ധോണി പുറത്തായതിന് പിന്നാലെ യുവതാരത്തെ ട്രോളിയ സി.എസ്.കെക്ക് പറ്റിയ വമ്പന്‍ അമളി!
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 12, 04:17 pm
Friday, 12th May 2023, 9:47 pm

ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ധോണിയുടെ പുറത്താകലിന് പിന്നാലെ സ്വന്തം താരത്തെ കളിയാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് അഡ്മിന്‍ പങ്കുവെച്ച ട്വീറ്റിന് പിന്നാലെ യുവതാരം നല്‍കിയ മറുപടി ശ്രദ്ധേയമാകുന്നു. സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെ ധോണി മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്.

ധോണി പവലിയനിലേക്ക് മടങ്ങുന്നതിനിടെ പകര്‍ത്തിയ ചിത്രത്തില്‍ ക്രിസ്റ്റ്യാനോയുടെ ‘ലവ് ഫോര്‍ നാപ്പിങ്’ ഗോള്‍ സെലിബ്രേഷനോട് സാദൃശ്യമുള്ള രീതിയിലായിരുന്നു മതീശ പതിരാന ഉണ്ടായിരുന്നത്. ഉടനെ ചെന്നൈയുടെ സോഷ്യല്‍ മീഡിയ അഡ്മിന്‍ ഈ ഫോട്ടോ സഹിതം ട്വിറ്ററില്‍ പതിരാനയെ ടാഗ് ചെയ്തു ട്വിറ്ററില്‍ ‘ഇത് ആഘോഷത്തിന് പറ്റിയ സമയമല്ല കേട്ടോ’ എന്ന് പോസ്റ്റിട്ടു.

കളി പൂര്‍ത്തിയായ ശേഷം പോസ്റ്റ് കണ്ട പതിരാന നല്‍കിയ മറുപടിയാണ് ടീം അഡ്മിനെ ഞെട്ടിച്ചത്. ‘ബ്രോ… അത് നെഞ്ചിലെ ക്വാഡ് മസിലുകളുടെ വ്യായാമമാണ്’ എന്നാണ് പതിരാന പോസ്റ്റിന് താഴെ കുറിച്ചത്. ഇതിന് പിന്നാലെ ചെന്നൈ ടീമിന്റെ ആരാധകരും പോസ്റ്റിന് താഴെ അഡ്മിനെ കളിയാക്കുന്ന കമന്റുകളുമായെത്തി.

അതേസമയം, കളിക്ക് ശേഷമുള്ള പ്രസന്റേഷന്‍ സെറിമണിക്കിടെ പതിരാനയെ പുകഴ്ത്തിയാണ് ധോണി സംസാരിച്ചത്. ‘മലിംഗയുടെ ആക്ഷനിനോട് സാമ്യമുള്ള യുവ ലങ്കന്‍ പേസറുടെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കുന്നത്.

അദ്ദേഹത്തിന്റെ വേറിട്ട ആക്ഷന്‍ കൊണ്ട് ബാറ്റര്‍ക്ക് പന്തുകള്‍ കളിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എനിക്ക് തോന്നുന്നത് പതിരാന ടെസ്റ്റ് ക്രിക്കറ്റ് കളിക്കരുതെന്നാണ്. ഐ.സി.സി മത്സരങ്ങള്‍ കളിക്കാം.

കഴിഞ്ഞ സീസണിലേക്കാള്‍ താരത്തിന് മസിലുകളൊക്കെ വന്നിട്ടുണ്ട്. കൂടുതല്‍ കരുത്തനുമായിട്ടുണ്ട്. അദ്ദേഹം ലങ്കന്‍ ക്രിക്കറ്റിന് ഒരു മുതല്‍ക്കൂട്ട് തന്നെയാണ് ‘ ധോണി പറഞ്ഞു.

content highlights: CSK Teases Youngster On Twitter After MS Dhoni Dismissal