| Sunday, 12th May 2024, 5:37 pm

രാജസ്ഥാനെ വലിഞ്ഞ് മുറുക്കി ചെന്നൈ; ചെപ്പോക്കില്‍ സിമര്‍ജീത് താണ്ഡവം!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ രാജസ്ഥാന്‍ റോയല്‍സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ചെന്നൈയുടെ തട്ടകമായചെപ്പോക് സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടാന്‍ സാധിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് ചെന്നൈ കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി റിയാന്‍ പരാഗാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. പുറത്താകാതെ 35 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 47 റണ്‍സ് ആണ് താരം അടിച്ചുകൂട്ടിയത്.

തുടക്കത്തിലെ തന്നെ ബാറ്റിങ് തകര്‍ച്ച നേരിട്ട രാജസ്ഥാനെ ചെന്നൈ ബൗളര്‍മാര്‍ വലിഞ്ഞു മുറുക്കുകയായിരുന്നു.

യശസ്വി ജെയ്‌സ്വാള്‍ 21 പന്തില്‍ 24 റണ്‍സ് നേടി പുറത്തായപ്പോള്‍ ജോസ് ബട്ട്‌ലര്‍ 25 പന്തില്‍ 21 റണ്‍സ് നേടിയാണ് തുഷാര്‍ ദേശ്പാണ്ഡെയുടെ കയ്യില്‍ പെടുകയായിരുന്നു. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ സഞ്ജു 19 പന്തില്‍ 15 റണ്‍സ് നേടിയിരിക്കെ ഋതുരാജിന്റെ കൈയിലും പെട്ടു. ചെന്നൈക്ക് വേണ്ടി മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കിയത് സിമര്‍ജീത് സിങ്ങാണ്.

ശേഷം ഇറങ്ങിയ ധ്രുവ് ജുറല്‍ 18 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ഫോറും അടക്കം 28 റണ്‍സ് നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ശുഭം ദുബെ പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ അശ്വിന്‍ ഒരു റണ്‍സും നേടി പുറത്താകാതെ നിന്നു.

സിമര്‍ജീത്തിന് പുറമേ തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകളില്‍ വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

രാജസ്ഥാന്‍ റോയല്‍സ് ഇലവന്‍: ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍, ശുഭം ദുബെ, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, അവേഷ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍

ചെന്നൈ സൂപ്പര്‍ കിങ്സ് ഇലവന്‍: ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രച്ചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (കീപ്പര്‍), ശര്‍ദുല്‍ താക്കൂര്‍, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ, സിമര്‍ജീത് സിങ്

Content Highlight: CSK Need 142 Runs To Win Against Rajasthan Royals

We use cookies to give you the best possible experience. Learn more