| Saturday, 22nd June 2024, 8:56 am

അതും ചോര്‍ന്നു; സി.എസ്.ഐ.ആര്‍-യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചത് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടർന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഈ മാസം നടക്കാനിരുന്ന സി.എസ്.ഐ.ആര്‍-യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചത് ചോദ്യപേപ്പര്‍ ചോര്‍ന്നത് കൊണ്ടെന്ന് റിപ്പോര്‍ട്ട്. ഒഴിവാക്കാനാകാത്ത കാരണങ്ങള്‍ കൊണ്ടാണ് പരീക്ഷ റദ്ദാക്കിയതെന്നാണ് കഴിഞ്ഞ ദിവസം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പറഞ്ഞത്.

വെള്ളിയാഴ്ച കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രദാന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സി.എസ്.ഐ.ആര്‍-യു.ജി.സി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകളും ഡാര്‍ക്ക് വെബില്‍ ചോര്‍ന്നെന്ന് വിവരം ലഭിച്ചിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷ റദ്ദാക്കി കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയത്.

ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരുന്ന പരീക്ഷയാണ് റദ്ദാക്കിയത്. രണ്ട് ലക്ഷം പേരായിരുന്നു സി.എസ്.ഐ.ആര്‍-യു.ജി.സി നെറ്റ് പരീക്ഷക്ക് വേണ്ടി തയ്യാറെടുത്തിരുന്നത്.

നേരത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് അവസാനം നടത്തിയ യു.ജി.സി നെറ്റ് എന്‍.ടി.എ റദ്ദാക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം എന്‍.ടി.എക്കെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും ഉയരുന്നതിനിടയിലാണ് ഇപ്പോള്‍ സി.എസ്.ഐ.ആര്‍ നെറ്റ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്.

അതേസമയം യു.ജി.സി-നെറ്റ് പരീക്ഷ ക്രമക്കേടില്‍ ചോദ്യപേപ്പര്‍ ഡാര്‍ക്ക് വെബില്‍ വിറ്റത് ആറ് ലക്ഷം രൂപക്കാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പരീക്ഷ നടക്കുന്നതിന്റെ 48 മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പര്‍ ടെലിഗ്രാമിലടക്കം ചോര്‍ന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സി.ബി.ഐയുടെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. എന്നാല്‍ എവിടെ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് കണ്ടെത്താന്‍ സി.ബി.ഐക്ക് സാധിച്ചിട്ടില്ല. ഇതിന് വേണ്ടിയുള്ള അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നതായും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. ചില നെറ്റ് കോച്ചിങ് സെന്ററുകള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് സി.ബി.ഐയുടെ നിഗമനം. സംശയമുള്ള കോച്ചിങ് സെന്ററുകള്‍ നിരീക്ഷണത്തിലാണെന്നും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

Content Highlight: CSIR-UGC NET exam canceled after question paper leak

We use cookies to give you the best possible experience. Learn more