മലപ്പുറം: സമസ്തക്കെതിരെ പ്രമേയം അവതരിപ്പിച്ച് സി.ഐ.സി. ഹക്കീം ഫൈസിക്കെതിരെയുള്ള സമസ്ത ആരോപണം സി.ഐ.സി സെനറ്റ് തള്ളി. വാഫി വഫിയ കോഴ്‌സുകള്‍ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം നീക്കങ്ങളില്‍ നിന്ന് സ്ഥാപനങ്ങള്‍ പിന്മാറണമെന്നും സി.ഐ.സി ആവശ്യപ്പെട്ടു.
ഇന്ന് ഉച്ചയ്ക്ക് മലപ്പുറത്ത് ചേര്‍ന്ന സെനറ്റ് യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. സമസ്ത സി.ഐ.സിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പ്രമേയം തള്ളി. ഹക്കീം ഫൈസിക്കെതിരെ സമസ്ത ഉന്നയിച്ച ആരോപണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും പ്രമേയത്തില്‍ പറയുന്നു. സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ളവര്‍ സെനറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു.
കരാര്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത കോഴ്‌സുകള്‍ കാലാവധി പൂര്‍ത്തിയാക്കി പഠിക്കുമെന്ന് വിദ്യാര്‍ത്ഥികളും അതിന് വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുമെന്ന് സ്ഥാപനങ്ങളും കരാര്‍ ചെയ്യുന്ന രീതിയാണ് സി.ഐ.സിയും അഫിലിയേറ്റഡ് സ്ഥാപനങ്ങളും സ്വീകരിച്ചു വരുന്നത്. ഇതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് അപലപനീയമാണെന്നും പ്രമേയത്തില്‍ പറയുന്നു.
ബാഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വഴങ്ങിയോ അല്ലാതെയോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്വമുള്ള സ്ഥാപനങ്ങളില്‍ നിന്നുണ്ടാകാന്‍ പാടില്ലെന്നും പ്രമേയത്തില്‍ പറയുന്നു.
വാഫി വഫിയ മുന്നോട്ട് വെച്ച കോഴ്‌സുകള്‍ നിര്‍ത്തലാക്കണമെന്നും പകരം സമസ്ത മുന്നോട്ട് വെച്ച കോഴ്‌സുകള്‍ നടപ്പാക്കണം എന്നുമായിരുന്നു സ്ഥാപനങ്ങളോടുള്ള സമസ്തയുടെ നിര്‍ദേശം. ഇതിനുള്ള നടപടികളുമായി സമസ്ത മുന്നോട്ട് പോകുന്നതിനിടെയാണ് സി.ഐ.സി പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.
സുന്നി വിരുദ്ധ ആശയങ്ങളാണ് ഹക്കീം ഫൈസിയും സി.ഐ.സിയും മുന്നോട്ട് വെക്കുന്നതെന്ന സമസ്തയുടെ ആരോപണത്തെയും പ്രമേയം തള്ളി.
എന്നാല്‍ സമസ്തയും സി.ഐ.സിയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചെന്നും സമസ്ത ഉന്നയിച്ച ആവശ്യങ്ങളെല്ലാം സി.ഐ.സി സെനറ്റ് അംഗീകരിക്കാന്‍ തയ്യാറായി എന്നുമാണ് സാദിഖലി തങ്ങള്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
കഴിഞ്ഞ ദിവസം സമസ്ത-സി.ഐ.സി പ്രശ്‌നം പരിഹരിക്കുന്നതിനായി സമസ്ത നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. സമസ്ത-സി.ഐ.സി പ്രശ്‌നം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ച സാഹചര്യത്തിലായിരുന്നു ചര്‍ച്ച.