| Wednesday, 5th May 2021, 11:57 am

മൂന്നാറില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം നടത്തി, രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ചു മരിച്ചു; സഭാ നേതൃത്വത്തിനെതിരെ കേസെടുക്കണമെന്ന് വിശ്വാസികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂന്നാര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സഭാ വൈദികര്‍ ധ്യാനം നടത്തിയെന്ന പരാതിയുമായി വിശ്വാസികള്‍. സി.എസ്.ഐ സഭ വൈദികര്‍ക്കെതിരെയാണ് വിശ്വാസികള്‍ ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയത്.

ഏപ്രില്‍ 13 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലാണ് മൂന്നാറില്‍ ധ്യാനം നടന്നത്. ധ്യാനത്തില്‍ 480 വൈദീകര്‍ പങ്കെടുത്തിരുന്നു. ധ്യാനത്തിന് ശേഷം രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 80 വൈദികര്‍ ചികിത്സയിലാണെന്നും പരാതിയില്‍ പറയുന്നു.

ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ പള്ളികളിലുമെത്തിയിരുന്നു. സി.എസ്.ഐ സഭാ ബിഷപ്പ് ധര്‍മരാജ് റസാലവും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

ധ്യാനം നടത്തിയത് വൈദികരുടെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണെന്നാണ് പരാതിയില്‍ പറയുന്നത്. അതുകൊണ്ട് തന്നെ സഭാനേതൃത്വത്തിനെതിരെ കേസെടുക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 37,190 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,42,588 പേരിലാണ് പരിശോധന നടത്തിയത്. 57 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവില്‍ 345872 പേരാണ് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ധനവ് കാണിക്കുന്നത് രോഗികളുടെ എണ്ണം ഇനിയും കൂടുമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: CSI christian groups conduct retreat in Munnar breaking Covid protocols, causes Covid spread

We use cookies to give you the best possible experience. Learn more