കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും സംരക്ഷണം നല്‍കുമെന്ന് സി.എസ്.ഡി.എസ് (ചേരമ സാംബവ ഡെവല്പമെന്റ് സൊസൈറ്റി) ജനറല്‍ സെക്രട്ടറി സുരേഷ് കെ.കെ. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണം എന്ന നിലപാടുള്ള സംഘടനയാണ് സി.എസ്.ഡി.എസ് എന്നും അതിന്റെ അടിസ്ഥാനത്തില്‍ അത്തരം ആളുകള്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടെന്നും സുരേഷ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.
“ബിന്ദുവിനും കനകദുര്‍ഗയ്ക്കും പോകുന്നതിനും മറ്റുമുള്ള വഴിയും കാര്യങ്ങളും അവര്‍ ഞങ്ങളോട് ചോദിച്ച് മനസിലാക്കിയിരുന്നു. ആദ്യം ഇവര്‍ പോയപ്പോള്‍ ഇവര്‍ക്ക് അവിടെ കയറാന്‍ വേണ്ടിയുള്ള അനുവാദം കിട്ടിയില്ല. പ്രതിഷേധം കാരണം അവര്‍ തിരിച്ചുപോയി. അതിന് ശേഷം അവിടെ കയറണമെന്ന പ്രതിജ്ഞയോടു കൂടി അവര്‍ ഇവിടെ പത്തനംതിട്ടയിലും കോട്ടയത്തുമായി ഉണ്ടായിരുന്നു. അതിനിടെയാണ് ഇന്നലെ രാത്രി അവര്‍ പോകുകയും ദര്‍ശനം നടത്തുകയും ചെയ്തത്. സുപ്രീം കോടതി വിധി ഇന്നലെയാണ് നടപ്പായത് എന്ന് പറയാം”- സുരേഷ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.
ALSO READ: ശബരിമല യുവതി പ്രവേശനം; സംസ്ഥാനത്തുടനീളം സംഘപരിവാര്‍ അക്രമം, കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറ്
“ബിന്ദുവും കനകദുര്‍ഗയും നേരത്തെ ഞങ്ങളെ വിളിച്ചിരുന്നു. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട സംഘടനയാണ് സി.എസ്.ഡി.എസ്. അതുകൊണ്ടായിരിക്കാം അവര്‍ എന്നെ വിളിച്ചത്. തീര്‍ച്ചയായും നിങ്ങള്‍ ശബരിമലയില്‍ എത്തണം. ശബരിമലയില്‍ നിങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്ന് ഞാന്‍ അവരെ അറിയിച്ചതാണ്. അത് അനുസരിച്ച് അവര്‍ വരികയും ഞങ്ങളുടെ ചില പ്രവര്‍ത്തകര്‍ അവരോടൊപ്പം ശബരിമലയിലും പരിസരത്തുമായി പോകുകയും അവരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് വേണ്ട സംരക്ഷണം കൊടുക്കണമെന്ന് പൊലീസിനോട് ഞങ്ങളും ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് ശബരിലമയില്‍ ദര്‍ശനത്തിന് പോകാമെന്ന് അവര്‍ തീരുമാനിക്കുന്നത്”- സുരേഷ് പറഞ്ഞു.
“ഭരണഘടന സംരക്ഷിക്കുന്ന വിഷയത്തില്‍ സി.എസ്.ഡി.എസ് അവര്‍ക്ക് സംരക്ഷണം നല്‍കും. മാത്രമല്ല സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചാല്‍ ഈ സംഘപരിവാറിന്റെ അക്രമത്തെ ചെറുക്കാന്‍ പറ്റും. പലപ്പോഴും യഥാസമയത്ത് ഒരു ഇടപെടല്‍ നടക്കുന്നില്ല. ന്യൂനപക്ഷം ആളുകളാണ് ഈ അക്രമം നടത്തുന്നത്. ഭൂരിപക്ഷം ആളുകളും ഈ ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന ആളുകളാണ്. അതിന്റെയൊരു പ്രതിഫലനമായിരുന്നു ഇന്നലെ കണ്ട വനിതാ മതില്‍.
90 ശതമാനം ആളുകളും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന ആളുകളാണ്. ഞങ്ങളും വനിതാ മതിലിനെ പിന്തുണച്ചിട്ടിട്ടുണ്ട്. വനിതാ മതിലിന് ശേഷം ഇന്ന് കേരളം കണ്ട വാര്‍ത്ത ഭരണഘടനാ വിധി നടപ്പിലാക്കാന്‍ കേരളത്തിന് കഴിഞ്ഞുവെന്നതാണ്. അത് കേരളത്തിന്റെ ചരിത്ര വിജയം തന്നെയാണ്. ആ കാര്യത്തില്‍ പൊലീസ് എടുത്തിട്ടുള്ള നിലപാട് സ്വാഗതാര്‍ഹമാണ്. യുവതികള്‍ക്ക് സംരക്ഷണം കൊടുത്ത കേരള പൊലീസിനെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുകയാണ്. മറ്റു തലത്തില്‍ ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല. അവര്‍ എല്ലാവരും ഇന്ത്യന്‍ ഭരണഘടനയെ അനുസരിച്ച് മുന്നോട്ട് പോകേണ്ട സാഹചര്യം ഉണ്ടാകും എന്നാണ് വിശ്വാസമെന്നും” സുരേഷ് പറഞ്ഞു.
“സംഘപരിവാറിന്റെ ഭീഷണി ബിന്ദുവിനും കനകദുര്‍ഗയ്ക്കും നേരെയുണ്ട്. മാത്രമല്ല സംഘപരിവാര്‍ ഈ രാജ്യത്ത് അക്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനെ നിയമത്തെ ഉപയോഗിച്ച് നേരിടേണ്ട ബാധ്യത പൊലീസിനുണ്ട്. ഗവണ്‍മെന്റിനുണ്ട്. ആ ഗവണ്‍മെന്റിനൊപ്പം ഞങ്ങളുണ്ടാകും. ഈ അക്രമ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് ഇന്ന് ശബരിമലയില്‍ ശുദ്ധികലശം നടത്തിയിരിക്കുകയാണ്. ശുദ്ധികലശം നടത്തുക എന്നത് ഒരു ദളിത് വനിത ദര്‍ശനം നടത്തിയതിന്റെ പേരിലാണ് അവര്‍ ശുദ്ധികലശവുമായി വന്നതെന്നും സുരേഷ് പറഞ്ഞു.A
ശബരിമല നട അടക്കാനുള്ള അവകാശമൊന്നും തന്ത്രിക്കില്ല. ശബരിമല നട അടക്കാനുള്ള തന്ത്രിയുടെ തീരുമാനം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ബിന്ദു എന്ന് പറയുന്ന ദളിത് യുവതി പ്രവേശിച്ചതുകൊണ്ടായിരിക്കാം അവര്‍ ശുദ്ധികലശം നടത്തിയത്. ആ സാഹചര്യത്തില്‍ അട്രോസിറ്റി ആക്ട് പ്രകാരം തന്ത്രിക്കെതിരെ കേസ് എടുക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. അതുമാത്രമല്ല സുപ്രീം കോടതി വിധിയുടെ ലംഘനമാണ് അവിടെ നടന്നത്. ഇതിനെതിരെ ശക്തമായി ഞങ്ങള്‍ പ്രതിഷേധിക്കും. ഇപ്പോള്‍ നടക്കുന്ന അക്രമത്തെ കേരള ജനത ഒറ്റക്കെട്ടായി നേരിടും. ഈ കാര്യത്തില്‍ ഗവണ്‍മെന്റ് എടുക്കുന്ന എല്ലാ നിലപാടുകളോടും സി.എസ്.ഡി.എസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിന്ദുവിനോടും കനകദുര്‍ഗയോടുമൊപ്പം ഞങ്ങളുണ്ടാകും” സുരേഷ് ഡൂള്‍ ന്യൂസിനോടു പറഞ്ഞു.
WATCH THIS VIDEO: