ന്യൂ ദല്‍ഹി: ഭൂരിഭാഗം ഇന്ത്യക്കാരും ബഹുസ്വരതയിലാണ് വിശ്വസിക്കുന്നതെന്ന് സി.എസ്.ഡി.എസ് – ലോക്‌നീതി സര്‍വേയുടെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സി.എസ്.ഡി.എസ് ഈ പ്രീ പോള്‍ സര്‍വേ നടത്തിയത്.
ന്യൂ ദല്‍ഹി: ഭൂരിഭാഗം ഇന്ത്യക്കാരും ബഹുസ്വരതയിലാണ് വിശ്വസിക്കുന്നതെന്ന് സി.എസ്.ഡി.എസ് – ലോക്‌നീതി സര്‍വേയുടെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സി.എസ്.ഡി.എസ് ഈ പ്രീ പോള്‍ സര്‍വേ നടത്തിയത്.
സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം പേരും ഇന്ത്യ എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ് എന്നാണ് അഭിപ്രായം. സര്‍വേയില്‍ പങ്കെടുത്ത 11 ശതമാനം ആളുകള്‍ മാത്രമാണ് ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണെന്ന അഭിപ്രായം പറഞ്ഞത്.
എല്ലാ പൊതു തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പും ശേഷവും ദി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് നടത്തുന്ന സര്‍വേയാണ് ഇത്. രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളില്‍ ഒന്നായാണ് സി.എസ്.ഡി.എസ് – ലോക്‌നീതി സര്‍വേകളെ കാണുന്നത്.
ഈ സര്‍വേ പ്രകാരം നഗരപ്രദേശങ്ങളിലെ 85 ശതമാനം ആളുകളും ബഹുസ്വരതയില്‍ വിശ്വസിക്കുന്നവരാണ്. ഉന്നത വിദ്യാഭ്യാസമുള്ളവരില്‍ 83 ശതമാനം ആളുകളും സ്‌കൂള്‍ വിദ്യാഭ്യാസമില്ലാത്തവരില്‍ 72 ശതമാനം ആളുകളും ബഹുസ്വരതയില്‍ വിശ്വസിക്കുന്നവരാണെന്ന് ഈ സര്‍വേ പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള അഭിപ്രായവും സര്‍വേയില്‍ പങ്കുവെച്ചു. കമ്മീഷനിലുള്ള വിശ്വാസ്യത ഇടിഞ്ഞിട്ടുണ്ട് എന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 58 ശതമാനം ആളുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള തങ്ങളുടെ അവിശ്വാസം രേഖപ്പെടുത്തിയത്.
2019ല്‍ നടന്ന സര്‍വേയില്‍ 78 ശതമാനം ആളുകളായിരുന്നു കമ്മീഷനില്‍ വിശ്വാസമുണ്ടെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത്തവണത്തെ സര്‍വേയില്‍ ഇത് 42 ശതമാനമായി കുറഞ്ഞു. 45 ശതമാനം ആളുകള്‍ ഭരണകക്ഷി വോട്ടുയന്ത്രത്തില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നുണ്ട്.
രാമക്ഷേത്രവും സര്‍വേയുടെ ചര്‍ച്ചാ വിഷയമായിരുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ എട്ടു ശതമാനം പേര്‍ മാത്രമാണ് രാമക്ഷേത്രം തങ്ങളുടെ പ്രധാന വിഷയമാണെന്ന അഭിപ്രായം അറിയിച്ചത്. 22 ശതമാനം ആളുകള്‍ ബി.ജെ.പി സര്‍ക്കാറിന്റെ ഏറ്റവും ഇഷ്ടപ്പെടുന്ന നടപടിയായി കാണുന്നത് രാമക്ഷേത്രമാണ്. രാമക്ഷേത്ര നിര്‍മാണം ഹിന്ദു ഐക്യത്തിന് കാരണമാകുമെന്ന് അഭിപ്രായപ്പെട്ടത് 48 ശതമാനം ആളുകളാണ്.
Content Highlight: CSDC Survey Says Ten Percents Believes India Belongs To Hindus; 8 Percent Believes Ram Temple Is Their Main Topic