പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ചരിത്ര വിജയം. മണ്ഡലത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഭൂരിപക്ഷ കണക്കുകളെ തള്ളിയാണ് രാഹുലിന്റെ വിജയം.
18724 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിലനിര്‍ത്തിയത്. ഇത് മുന്‍ എം.എല്‍.എ ഷാഫി പറമ്പിൽ നേടിയതിനേക്കാൾ അധികം ഭൂരിപക്ഷമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ 53313 വോട്ടുകളാണ് നേടിയത്.
പിരായിരി പഞ്ചായത്തിൽ വോട്ടെണ്ണിയപ്പോളാണ് രാഹുലിന്‍റെ ലീഡ് കുത്തനെ ഉയർന്നത്. ഇവിടെ മാത്രം 6775 വോട്ടുകളാണ് രാഹുൽ നേടിയത്. ഒൻപതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 10291 വോട്ടിന്റെ ലീഡായിരുന്നു രാഹുലിനുണ്ടായിരുന്നത്.
പാലക്കാട് രാഹുലിന്റെ കന്നിയങ്കം കൂടിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം പാലക്കാട് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. വടകര എം.പിയും മുന്‍ എം.എല്‍.എയുമായിരുന്ന ഷാഫി പറമ്പിലിന്റെ നോമിനിയാണ് രാഹുല്‍ എന്നായിരുന്നു വിമര്‍ശനം.
ഇതേ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് ഐ.ടി സെല്‍ മേധാവിയായിരുന്ന ഡോ. പി. സരിന്‍ പാര്‍ട്ടി വിട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇടതുപക്ഷത്തിന് പിന്തുണ നല്‍കുകയും എല്‍.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആകുകയും ചെയ്തു.
എന്നാൽ അന്തിമ ഫലം വരുമ്പോള്‍ സരിന്‍ മൂന്നാം സ്ഥാനത്താണ്. ഒരു റൗണ്ടില്‍ മാത്രമാണ് സരിന് ലീഡ് ഉയര്‍ത്താന്‍ സാധിച്ചത്.
പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി നേരിട്ടത് വലിയ തിരിച്ചടിയുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ. ശ്രീധരന്‍ നേടിയതിനേക്കാള്‍ കുറവ് വോട്ടാണ് സി. കൃഷ്ണകുമാര്‍ ഇത്തവണ നേടിയത്. പാര്‍ട്ടിക്ക് സ്വാധീനമുള്ള നഗരമേഖലകളില്‍ പോലും ബി.ജെ.പി തിരിച്ചടി നേരിട്ടു.