ന്യൂദല്‍ഹി: ക്രിപ്റ്റോകറന്‍സിയെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നത് നിരീക്ഷിച്ചു വരികയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഡിജിറ്റല്‍ കറന്‍സികളെ കുറിച്ചുള്ള പരസ്യം നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ക്രിപ്റ്റോകറന്‍സികളുടെ നിയന്ത്രണ ശേഷിയെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ബില്ല് പാസാകുന്നതിനായി കാത്തിരിക്കാം എന്നും സീതാരാമന്‍ പറഞ്ഞു.
”പഴയ ബില്ലില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടതായി വന്നു. ഇപ്പോള്‍ ഒരു പുതിയ ബില്‍ പ്രകാരം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ്,” നിര്‍മല സീതാരാമന്‍ പറഞ്ഞു.
രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ കേന്ദ്രത്തിന് തീരുമാനമില്ലെന്നും ബിറ്റ്കോയിന്‍ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
‘ബാങ്ക് നോട്ട്’ എന്നതിന്റെ കീഴില്‍ ഡിജിറ്റല്‍ കറന്‍സി ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി എന്ന നിര്‍ദ്ദേശം ആര്‍.ബി.ഐ അവതരിപ്പിച്ചിരുന്നു.
ഇന്ത്യയിലെ രൂപ പോലെ ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ കറന്‍സി ഫിയറ്റ് കറന്‍സികളുടെ ഡിജിറ്റല്‍ പതിപ്പാണ്.
അതേസമയം, ക്രിപ്റ്റോകറന്‍സികള്‍ മാക്രോ-ഇക്കണോമിക്, സാമ്പത്തിക സ്ഥിരത അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നതിനെ പറ്റിയുള്ള ആശങ്കകള്‍ ആര്‍.ബി.ഐ ഉന്നയിച്ചിട്ടുണ്ട്.