| Monday, 25th December 2023, 1:05 pm

മോദിയേക്കാള്‍ വലിയ മിമിക്രിക്കാരന്‍ ആരുണ്ട്, കര്‍ഷകന്റെ മകനെന്ന് പറയുന്ന നിങ്ങള്‍ എത്ര തവണ വയലില്‍ ഇറങ്ങി; ഉപരാഷ്ട്രപതിയോട് തൃണമൂല്‍ എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരായ പ്രതിഷേധത്തിനിടെ രാജ്യസഭാ സ്പീക്കര്‍ ജഗ്ദീപ് ധന്‍കറിനെ കളിയാക്കിക്കൊണ്ട് മിമിക്രി ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജി.

നര്‍മം മനസിലാക്കാത്തവരുടെ കാര്യത്തില്‍ താന്‍ നിസ്സഹായനാണ് എന്നായിരുന്നു കല്യാണ്‍ ബാനര്‍ജി പറഞ്ഞത്. മോദിയുടെ കാര്യം വെച്ച് നോക്കുമ്പോള്‍ താന്‍ ചെയ്യുന്ന മിമിക്രിയൊന്നും ഒന്നുമല്ലെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

തന്റെ ലോക്സഭാ മണ്ഡലമായ സെറാംപൂരില്‍ രാഷ്ട്രീയ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കല്യാണ്‍ ബാനര്‍ജി. ലോക്സഭയില്‍ ആദ്യമായി മിമിക്രി അവതരിപ്പിച്ച വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അത് താനല്ലെന്നും പറഞ്ഞ ബാനര്‍ജി വേദിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അനുകരിച്ചു കാണിച്ചു.

മോദി മിമിക്രി കാണിച്ചപ്പോള്‍ അന്ന് ചിരിച്ചവരാണ് ഇവരെന്നും അന്ന് ഒരു അപവാദവും ആരും ഉയര്‍ത്തിയിരുന്നില്ലെന്നും ബാനര്‍ജി പറഞ്ഞു.

മിമിക്രി ഒരു കലയാണ്. ആര്‍ക്കെങ്കിലും കല മനസ്സിലാകുന്നില്ലെങ്കില്‍ ഞാനെന്തു ചെയ്യും, ആര്‍ക്കെങ്കിലും നര്‍മം മനസ്സിലാകുന്നില്ലെങ്കില്‍, അതിനുള്ള കഴിവില്ലെങ്കില്‍, പറയുന്നതെല്ലാം തന്നെ കുറിച്ചാണ് എന്ന് തോന്നുന്നുണ്ടെങ്കില്‍ ഞാന്‍ നിസ്സഹായനാണ്, ഉപരാഷ്ട്രപതിയുടെ പേര് പരാമര്‍ശിക്കാതെ കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

‘ഞാന്‍ പറയുന്നത് നിങ്ങളെക്കുറിച്ചാണെന്ന് നിങ്ങള്‍ കരുതുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, അദ്ദേഹം പകല്‍ മുതല്‍ രാത്രി വരെ ഇരുന്ന് കരയുകയാണ്. ഒരു കുട്ടിയെ പോലെ’, ഇതിന് പിന്നാലെ അമ്മയോട് പരാതി പറയുന്ന ഒരു കുട്ടിയെയും കല്യാണ്‍ ബാനര്‍ജി വേദിയില്‍ അനുകരിച്ച് കാണിച്ചു.

തൃണമൂല്‍ എം.പിയുടെ മിമിക്രി നടപടി തന്നെ വേദനിപ്പിച്ചെന്നും ജാട്ട് സമുദായത്തില്‍ നിന്നുള്ള ഒരു കര്‍ഷകന്റെ മകനെന്ന നിലയില്‍ തന്നെ അപമാനിച്ചെന്നുമായിരുന്നു ധന്‍ഖര്‍ പറഞ്ഞത്. കല്യാണ്‍ ബാനര്‍ജിയുടെ മിമിക്രിയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

എന്നാല്‍ കര്‍ഷകന്റെ മകനെന്ന നിലയില്‍ അപമാനിക്കപ്പെട്ടുവെന്ന ഉപരാഷ്ട്രപതിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കല്യാണ്‍ ബാനര്‍ജിയും രംഗത്തെത്തി. കര്‍ഷകന്റെ മകനായ താങ്കള്‍ എത്ര ദിവസം വയലില്‍ ജോലി ചെയ്തുവെന്ന് രാജ്യത്തെ ജനങ്ങളോട് പറയാന്‍ ധൈര്യമുണ്ടോയെന്നായിരുന്നു ബാനര്‍ജിയുടെ ചോദ്യം.

‘നിങ്ങള്‍ പറയുന്നത് നിങ്ങള്‍ ഒരു കര്‍ഷകന്റെ മകനാണ് എന്നാണ്. നിങ്ങള്‍ 20 ലക്ഷം രൂപ വിലയുള്ള സ്യൂട്ട് ധരിക്കുന്നു. ഈ ശൈത്യകാലത്ത് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഒരു പുതപ്പ് പോലും വാങ്ങാന്‍ കഴിയുന്നില്ല. ഈ നിലയില്‍ നിങ്ങള്‍ ഉയര്‍ന്നതിന് ശേഷം ആ പാവപ്പെട്ട കര്‍ഷകരുടെ വീടുകളിലേക്ക് എത്ര ലക്ഷം പുതപ്പുകള്‍ അയച്ചു. ദയവായി ജനങ്ങളോട് പറയൂ,’ എന്നായിരുന്നു കല്യാണ്‍ ബാനര്‍ജി പറഞ്ഞത്.

‘നിങ്ങള്‍ പറയുന്നത് നിങ്ങള്‍ ഒരു കര്‍ഷകന്റെ മകനാണെന്നാണ്, എന്നിട്ട് നിങ്ങളുടെ അഭിഭാഷക ജീവിതത്തിനിടയില്‍, എത്ര തവണ നിങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്തിട്ടുണ്ട്? ഞാന്‍ അത് ചെയ്തിട്ടുണ്ട്. 40 വര്‍ഷമായി ഞാന്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു. .

ബി.ജെ.പി എം.പിയും മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സാക്ഷി മാലിക്കിനെ ഉപരാഷ്ട്രപതി എന്തുകൊണ്ട് പിന്തുണച്ചില്ലെന്നും ബാനര്‍ജി ചോദിച്ചു.

പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താന്‍ മാത്രമാണ് ഉപരാഷ്ട്രപതി ശ്രമിക്കുന്നത്. നിങ്ങള്‍ പ്രതിപക്ഷത്തിന്റെ ശബ്ദം ഞെരുക്കി. എന്നിട്ട് നരേന്ദ്ര മോദി ഈ നൂറ്റാണ്ടിലെ ‘മഹാപുരുഷന്‍’ ആണെന്ന് നിങ്ങള്‍ പറയുന്നു, നിങ്ങള്‍ അദ്ദേഹത്തെ എത്രമാത്രം സന്തോഷിപ്പിക്കുന്നു എന്ന് വ്യക്തമാണ്, കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

Content Highlight: Crying Like A Child”: Trinamool MP’s Swipe At Veep Amid Mimicry Row

We use cookies to give you the best possible experience. Learn more