| Monday, 28th November 2022, 10:02 am

'കരയുന്ന' കുഞ്ഞുങ്ങളുമായിനി പേടിക്കാതെ തിയേറ്ററില്‍ പോകാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചെറിയ കുഞ്ഞുങ്ങളുമായി തിയേറ്ററില്‍ പോകുമ്പോള്‍ രക്ഷിതാക്കള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് കെ.എസ്.എഫ്.ഡി.സി.

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം കൈരളി തിയറ്റര്‍ കോംപ്ലക്‌സില്‍ ‘ക്രൈ റൂം’ എന്ന സംവിധാനം ഒരുക്കിയിരിക്കുകയാണ് കെ.എസ്.എഫ്.ഡി.സി.

കുഞ്ഞുങ്ങളുടെ ശബ്ദം പുറത്തേക്ക് കേള്‍ക്കാത്ത രീതിയിലാണ് ക്രൈ റൂമിന്റെ നിര്‍മാണം.  റൂമില്‍ തൊട്ടിലും ഡയപ്പര്‍ മാറ്റാനുമുള്ള സൗകര്യവുമുണ്ട്. കുഞ്ഞിനെ ഉറക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ക്രൈ റൂമിന് മുന്നിലെ ചില്ലിലൂടെ സിനിമയും കാണാം.

ക്രൈ റൂമിന് പുറമേ മുലയൂട്ടല്‍ കേന്ദ്രം, വയോജനങ്ങള്‍ക്കുള്ള പ്രത്യേക സൗകര്യം, സാനിറ്ററി പാഡ് വെന്റിങ് മെഷീന്‍ എന്നിവയുമുണ്ടാകും അത്യാധുനിക രീതിയില്‍ നവീകരിച്ച തിയേറ്ററില്‍. ശുചിമുറിയില്‍ പോയാലും സിനിമ മുറിഞ്ഞുപോകില്ല. ശുചിമുറികളിലെ സ്പീക്കറുകളിലൂടെ സംഭാഷണം കേള്‍ക്കാം.

ഇത് മറ്റ് തിയേറ്ററുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കെ.എസ്.എഫ്.ഡി.സി. നിലവില്‍ ചലച്ചിത്രവികസന കോര്‍പറേഷന് കീഴില്‍ 15 തിയേറ്ററുകളാണുള്ളത്. കിഫ്ബി സഹായത്തോടെ 100 കോടി മുടക്കിയാണ് തിയറ്ററുകളുടെ നിര്‍മാണപ്രവര്‍ത്തനം.

തൃശൂരിലെ തിയേറ്റര്‍ കോംപ്ലക്സിലും ഈ വര്‍ഷം ‘ക്രൈ റൂം’ സംവിധാനമൊരുക്കും. നിര്‍മാണം ആരംഭിച്ച പയ്യന്നൂര്‍, ആമ്പല്ലൂര്‍, കായംകുളം, വൈക്കം എന്നിവിടങ്ങളിലും ഇതുള്‍പ്പെടെ അത്യാധുനിക സൗകര്യമൊരുക്കും. വൈക്കം ഒഴിച്ച് മറ്റ് മൂന്നിടത്തും നിര്‍മാണം പൂര്‍ത്തിയായി വരികയാണ്.

കൊവിഡ് കാലത്തിനുശേഷം ആളുകള്‍ വരാന്‍ മടിച്ചത് തിയേറ്റര്‍ നവീകരിക്കാന്‍ കാരണമായെന്ന് കെ.എസ്.എഫ്.ഡി.സി എം.ഡി എന്‍. മായ പറഞ്ഞു.

‘യുവജനങ്ങളെ ആകര്‍ഷിക്കാന്‍ സാങ്കേതികമേന്മ വര്‍ധിപ്പിച്ചു. തിയേറ്ററിനെ സ്ത്രീസൗഹൃദമാക്കി. ഇതോടെ കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങി. മികച്ച ശബ്ദവിന്യാസവും ദൃശ്യമികവും ആവശ്യപ്പെടുന്ന അന്യഭാഷ ചിത്രങ്ങള്‍ കാണാന്‍ കൂടുതല്‍പേര്‍ കൈരളിയിലെത്തി,’ കെ.എസ്.എഫ്.ഡി.സി എം.ഡി പറഞ്ഞു.

Content Highlight: CRY ROOM Facility in Kairali Theater Thiruvananthapuram

Latest Stories

We use cookies to give you the best possible experience. Learn more