അമേരിക്കന്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ അരങ്ങേറ്റ മത്സരം നടന്നത്. ലീഗ് കപ്പിലെ ആദ്യ മത്സരത്തില്‍ ക്രൂസ് അസൂളിനെതിരെയായിരുന്നു മെസി കളത്തിലിറങ്ങിയത്. 1-1ന്റെ സമനിലയില്‍ പിരിയാനൊരുങ്ങിയ മത്സരത്തിന്റെ 94ാം മിനിട്ടില്‍ മെസിയുടെ ഫ്രീ കിക്കിലൂടെ ഇന്റര്‍ മയാമി ജയിക്കുകയായിരുന്നു.
മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ മെസിയെ കസ്റ്റാനോ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് മയാമിക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചത്. എന്നാല്‍ അത് ഫൗള്‍ അല്ലായിരുന്നെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ക്രൂസ് അസൂള്‍ ക്യാപ്റ്റന്‍ കാര്‍ലോസ് സല്‍കേഡോ.
റഫറിമാരുടെ ഭാഗത്ത് നിന്ന് വലിയ നാണക്കേടാണ് ഉണ്ടായിരിക്കുന്നതെന്നും ഇടക്കൊക്കെ VAR പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു സല്‍കേഡോയുടെ പ്രതികരണം.
റഫറിമാരോട് ഇടക്കൊക്കെ VAR പരിശോധിക്കാന്‍ പറയണം. നമ്മളെല്ലാവരും മനുഷ്യരാണ്, നമുക്കെല്ലാവര്‍ക്കും തെറ്റുകള്‍ സംഭവിക്കും. പക്ഷെ എന്റെ സഹതാരമായ കെവിന്റെ ഭാഗത്ത് നിന്ന് എന്ത് വീഴ്ച പറ്റിയെന്നാണ് റഫറി പറയുന്നത്. എന്തൊരു നാണംകെട്ട കാര്യമാണ് റഫറിമാരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്,’ സല്‍കേഡോ കുറിച്ചു.
മെസി ഇറങ്ങി പത്ത് മിനിട്ട് കഴിഞ്ഞപ്പോഴേക്കും യൂറിയല്‍ അന്റൂന ക്രൂസ് അസൂളിനായി സമനില പിടിച്ചു. മികച്ച വരവേല്‍പ്പായിരുന്നു ലോക ചാമ്പ്യന് അമേരിക്കന്‍ ലീഗിലെ തന്റെ ആദ്യ മത്സരത്തില്‍ ലഭിച്ചത്. ഓരോ തവണ താരം പന്ത് തൊടുമ്പോഴും ഗ്യാലറിയില്‍ മെസി ചാന്റുകള്‍ മുഴങ്ങി.
ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മെസിയുടെ മേജര്‍ ലീഗ് സോക്കര്‍ അരങ്ങേറ്റം കാണാനെത്തിയിരുന്നു. അതേസമയം, മത്സരത്തില്‍ ജയിക്കാനായെങ്കിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുകയാണ് മയാമി. ഇതുവരെ കളിച്ച 22 മത്സരങ്ങളില്‍ അഞ്ച് തവണ മാത്രമാണ് ഇന്റര്‍ മയാമിക്ക് ജയിക്കാനായത്. മത്സരത്തില്‍ ജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ഇന്റര്‍ മയാമി ഇപ്പോഴും അവസാന സ്ഥാനത്ത് തന്നെയാണ്.