മുംബൈ: ആഡംബര കപ്പലില്‍ ലഹരിമരുന്ന് കേസില്‍ കേവലം വാട്‌സ്ആപ്പ് ചാറ്റുകളെ മാത്രം അടിസ്ഥാനമാക്കി ആചിത് കുമാര്‍, ആര്യന്‍ ഖാന് ലഹരി മരുന്ന് വിതരണം ചെയ്തു എന്ന് കണക്കാക്കാനാവില്ലെന്ന് മുംബൈ പ്രത്യേക കോടതി. ആചിത് കുമാറിന്റെ ജാമ്യഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
‘എന്‍.സി.ബിയുടെ റിപ്പോര്‍ട്ട് പ്രകാരം ആചിത് കുമാറാണ് ഇരുവര്‍ക്കും (ആര്യന്‍ ഖാന്‍, അര്‍ബാസ് മെര്‍ച്ചന്റ്) ലഹരി മരുന്ന് എത്തിച്ചു നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ വാദത്തെ സാധൂകരിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ എന്‍.സി.ബിക്ക് കഴിഞ്ഞിട്ടില്ല.
കുറ്റാരോപിതനുമായുള്ള (ആര്യന്‍ ഖാന്‍) വാട്‌സ്ആപ്പ് ചാറ്റ് മാത്രമാണ് അവര്‍ക്ക് ഹാജരാക്കാന്‍ സാധിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങളുമായി ആചിത് കുമാറിന് ബന്ധമുണ്ടെന്ന് കാണിക്കാന്‍ മറ്റൊരു തെളിവും ഹാജരാക്കിയിട്ടുമില്ല.
എന്നാല്‍ കേവലം വാട്‌സ്ആപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കി ആചിത് ആര്യന്‍ ഖാന് ലഹരി മരുന്ന് വിതരണം ചെയ്തുവെന്ന് കണക്കാക്കാന്‍ സാധിക്കില്ല,’ കോടതി നിരീക്ഷിച്ചു.
2.6 ഗ്രാം കഞ്ചാവുമായാണ് എന്‍.സി.ബി കുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇയാള്‍ ഒരു കഞ്ചാവ് വില്‍പനക്കാരനാണെന്നും ആണെന്നും നഗരത്തിലെ ‘കഞ്ചാവ് ശൃംഖലയുടെ’ ഭാഗമാണെന്നും എന്‍.സി.ബി പറഞ്ഞിരുന്നു.
എന്നാല്‍, ഇത്തരം അവകാശവാദങ്ങളെ സ്ഥിരീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ ആരോപണങ്ങള്‍ 22-കാരനായ വിദ്യാര്‍ത്ഥിയുടെ കരിയറില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ആചിതിന്റെ അഭിഭാഷകന്‍ വാദിച്ചു.
വിചാരണ വേളയില്‍ ഗൂഢാലോചനയുടെ വശം പരിഗണിക്കുമെന്ന് എന്‍.സി.ബി പറഞ്ഞപ്പോള്‍, ഗൂഢാലോചനയ്ക്കും പ്രേരണയ്ക്കും കേസുണ്ടെങ്കില്‍ ഏജന്‍സി പ്രഥമദൃഷ്ട്യാ അതിന് തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ടെന്നാണ് കോടതി പറഞ്ഞത്.
ഗൂഢാലോചനയുടെ ഭാഗമായുള്ള തെളിവുകള്‍ ഹാജരാക്കാന്‍ എന്‍.സി.ബിക്ക് കഴിഞ്ഞിട്ടില്ലാത്തതിനാലും, ഇയാള്‍ ഗൂഢാലോചന നടത്തിയെന്നാരോപിക്കുന്ന പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനാലും ആചിത് കുമാറിനും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു.
ഒക്ടോബര്‍ രണ്ടിനാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു.