| Thursday, 7th July 2016, 9:49 am

നായയെ കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ചെറിഞ്ഞ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നായയെ കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ച് എറിഞ്ഞ രണ്ട് എം.ബി.ബി.എസ് വിദ്യാര്‍ഥികളെ കോളജില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു.

സംഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍.

ചെന്നൈയിലെ സ്വകാര്യ മെഡിക്കല്‍കോളജ് വിദ്യാര്‍ഥികളായ ഗൗതം സുദര്‍ശന്‍, ആഷിഷ് പാല്‍ എന്നിവരായിരുന്നു മൂന്നു നില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞത്.

ആഷിഷ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് നേരമ്പോക്കിന് വേണ്ടിയാണ് കൊടുംക്രൂരത ചെയ്തത്.

സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നായയെ കഴുത്തിന് തൂക്കി പിടിച്ച് താഴേയ്ക്ക് എറിയുന്നതും താഴെ വീഴുന്ന നായ ദയനീയമായി കരയുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

ഇവ ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിച്ചതോടെ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടനയാണ് ചെന്നൈ സിറ്റി പൊലിസ് കമ്മീഷണര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയും സുഹൃത്തുമാണ് കൃത്യം ചെയ്തതെന്ന് വ്യക്തമാവുകയായിരുന്ന. പോലീസ് കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇരുവരെയും പിന്നീട് ജാമ്യത്തില്‍വിട്ടു. മൃഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നായയുടെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

വീഴ്ചയില്‍ കാലുകള്‍ ഒടിഞ്ഞ നായയെ ചികില്‍സിച്ച് ഭേദമാക്കാനുള്ള ശ്രമത്തിലാണ് മൃഗസ്‌നേഹികള്‍.

We use cookies to give you the best possible experience. Learn more