ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ കടലില്‍ കേരളത്തോട് ചേര്‍ന്നുകാണപ്പെടുന്ന ദ്വീപസമൂഹങ്ങളാണ് ലക്ഷദ്വീപ് എന്നറിയപ്പെടുന്നത്. 99 ശതമാനവും മുസ്ലിങ്ങള്‍ ജീവിക്കുന്ന, ശാന്ത സുന്ദരമായ ഭൂപ്രകൃതിയുള്ള ലക്ഷദ്വീപ്, ഇന്ത്യയിലെ ഏറ്റവും സമാധാനം നിറഞ്ഞ പ്രദേശങ്ങളിലൊന്നായിരുന്നു ഇക്കഴിഞ്ഞ 2020 ഡിസംബര്‍ 5 വരെ. ലക്ഷദ്വീപിന്റെ ആ സമാധാനം ഇന്ന് നഷ്ടപ്പെട്ടിരിക്കുകയാണ്.
ലക്ഷദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള നിയമപരിഷ്‌കാരങ്ങളും പദ്ധതികളുമാണ് ഓരോ ദിവസവും ദ്വീപില്‍ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 99 ശതമാനവും മുസ്ലിങ്ങള്‍ ജീവിക്കുന്ന ഇന്ത്യയിലെ ഏക പ്രദേശമായ ലക്ഷദ്വീപിനെ തകര്‍ത്തുതരിപ്പണമാക്കി തങ്ങളുടെ രാഷ്ട്രീയ വ്യാവസായിക പദ്ധതികള്‍ നടപ്പിലാക്കാനുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ നീക്കങ്ങളില്‍ ലക്ഷദ്വീപ് ജനത ഇന്ന് പൊറുതിമുട്ടുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറ്റ സുഹൃത്ത് കൂടിയായ പ്രഫുല്‍ കെ. പട്ടേല്‍ എന്ന പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ തന്റെ അധികാരമുപയോഗിച്ച് തകര്‍ത്തുകൊണ്ടിരിക്കുന്നത് നൂറ്റാണ്ടുകളുടെ ചരിത്രവും പൈതൃകവുമുള്ള ഒരു നാടിനെയും സമാധാനം നിറഞ്ഞ അവിടുത്തെ സാമൂഹികാന്തരീക്ഷത്തെയുമാണ്.
ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ അപ്രതീക്ഷിതമായി മരണപ്പെട്ടതോടെയാണ് ദ്വീപിലെ സ്ഥിതിഗതികള്‍ മാറിമറിയുന്നത്. ദിനേശ്വര്‍ ശര്‍മ്മയ്ക്ക് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചുമതലപ്പെടുത്തിയത് തന്റെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തര വകുപ്പ് മന്ത്രിയും ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ അഡ്മിനിസ്ട്രേറ്ററുമായിരുന്ന പ്രഫുല്‍ കെ. പട്ടേലിനെയാണ്.
പ്രഫുല്‍ കെ. പട്ടേല്‍
നിരവധി വിവാദങ്ങളില്‍ നേരത്തെ തന്നെ ഇടം പിടിച്ചിരുന്ന പ്രഫുല്‍ പട്ടേല്‍ ആദ്യമായി ലക്ഷദ്വീപിലെത്തിയത് പോലും ദ്വീപ് ജനത അന്നോളം കാത്തുസൂക്ഷിച്ചിരുന്ന കൊവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടായിരുന്നു. രാജ്യം മുഴുവന്‍ കൊവിഡ് വ്യാപനം സംഭവിച്ചപ്പോഴും ഒരു വര്‍ഷത്തോളം ഒരൊറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സ്ഥിതിയില്‍ ലക്ഷദ്വീപിന് നിലനില്‍ക്കാനായത് ഈ നിയന്ത്രണങ്ങള്‍ പാലിച്ചത് കൊണ്ടായിരുന്നു. എന്നാല്‍ ആ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് പുതിയ അഡ്മിനിസ്‌ട്രേറ്ററും സംഘവും ദ്വീപിലെത്തിയതിന് ശേഷമാണ് ലക്ഷദ്വീപിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും മരണങ്ങള്‍ വരെ സംഭവിച്ചതും.
ആദ്യമായി ലക്ഷദ്വീപിലെത്തിയ പ്രഫുല്‍ പട്ടേല്‍ അവിടെ കണ്ടത് ദ്വീപിലെ ജനങ്ങള്‍ നേരത്തെ പൗരത്വ സമരകാലത്ത് സ്ഥാപിച്ച മോദിക്കെതിരായ എന്‍.ആര്‍.സി സി.എ.എ വിരുദ്ധ ബോര്‍ഡുകളായിരുന്നു. ഇതു കണ്ട് കലിപൂണ്ട പ്രഫുല്‍ പട്ടേല്‍ ആദ്യം ചെയ്തത് ആ ബോര്‍ഡ് സ്ഥാപിച്ചവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീടങ്ങോട്ട് ദ്വീപിനോട് ശത്രുതാപരമായ മനോഭാവം മാത്രം വെച്ച് പുലര്‍ത്തിയ അദ്ദേഹം ഓരോരോ നീക്കങ്ങളിലൂടെ ലക്ഷദ്വീപിന്റെ സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കുകയായിരുന്നു.
മോഷണം, അടിപിടി, അക്രമം, കൊലപാതകം തുടങ്ങി യാതൊരുവിധ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇന്ത്യയിലെ ഏക പ്രദേശമെന്ന് വിളിക്കാന്‍ സാധിക്കുന്ന സ്ഥലമാണ് ലക്ഷദ്വീപ്. ദ്വീപിലെ ഒഴിഞ്ഞുകിടക്കുന്ന ജയിലും ക്രിമിനല്‍ കേസുകളൊന്നുമില്ലാത്ത പൊലിസ് സ്റ്റേഷനും പുറത്തുനിന്നെത്തുന്നവര്‍ക്ക് ഏറെ കൗതുകം നല്‍കുന്ന ഒന്നാണ്. അത്തരമൊരിടത്ത് അഡ്മിനിസ്‌ട്രേറ്റര്‍ ആയി വന്ന പ്രഫുല്‍ പട്ടേല്‍ ആദ്യമായി നടപ്പിലാക്കിയ നിയമപരിഷ്‌കാരം ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കുക എന്നതായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരായി പ്രതിഷേധിക്കുന്നവരെ ഗുണ്ടാ ആക്ട് പ്രകാരം പ്രതിരോധിക്കുക എന്നതാണ് പ്രഫുല്‍ പട്ടേലിന്റെ ലക്ഷ്യമെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്. കുറ്റകൃത്യങ്ങളൊന്നും നടക്കാത്ത ദ്വീപില്‍ എന്തിനാണ് ഗുണ്ടാ ആക്ട് എന്ന ചോദ്യത്തിന് അഡ്മിനിസ്ട്രേഷന്റെ കയ്യില്‍ ഉത്തരവുമില്ല.
ദ്വീപ് ജനതയുടെ വിശ്വാസ രീതികളെ പ്രകോപിപ്പിക്കുന്നതായിരുന്നു പ്രഫുല്‍ പട്ടേലിന്റെ അടുത്ത നീക്കം. തദ്ദേശവാസികളെല്ലാം മുസ്ലിങ്ങളായതിനാല്‍ വിശ്വാസപരമായ കാരണങ്ങളാല്‍ ദ്വീപില്‍ മദ്യത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ഈ നിയന്ത്രണങ്ങള്‍ പ്രഫുല്‍ പട്ടേല്‍ എടുത്തുമാറ്റിയതും ദ്വീപില്‍ മദ്യമൊഴുക്കാന്‍ തീരുമാനിച്ചതും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടായിരുന്നില്ല മറിച്ച് ദ്വീപ് ജനതയുടെ വിശ്വാസങ്ങളെ പോറലേല്‍പ്പിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു.
തുടര്‍ന്ന് പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയ രണ്ട് പരിഷ്‌കരണങ്ങളും ദ്വീപ് ജനതയുടെ ഭക്ഷ്യരീതിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. ആദ്യം ദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത വര്‍ഷത്തേക്കുള്ള ഭക്ഷ്യമെനുവില്‍ നിന്നും മാംസാഹാരങ്ങളെ പൂര്‍ണമായും ഒഴിവാക്കി. ശേഷം ദ്വീപില്‍ മുഴുവനായും ഗോവധ നിരോധനം നടപ്പാക്കുന്നതിനുള്ള നീക്കങ്ങളും പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്നു.
പശുക്കളെ കശാപ്പ് ചെയ്യുന്നത് വര്‍ഷങ്ങള്‍ നീണ്ട തടവു ശിക്ഷക്ക് കാരണമാകുന്ന കുറ്റമായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് പ്രഫുല്‍ പട്ടേല്‍ നടത്തിയത്. മറ്റു മൃഗങ്ങളെ കശാപ്പ് ചെയ്യണമെങ്കിലും അധികൃതരുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു. മാംസാഹാരം ഭക്ഷ്യശീലങ്ങളുടെ ഭാഗമായിട്ടുള്ള, മുസ്ലിങ്ങള്‍ 99 ശതമാനമുള്ള ഒരു പ്രദേശത്താണ് മാംസനിരോധനവും നിയന്ത്രണവും കൊണ്ടുവരാന്‍ ഒരു ഭരണകൂടം ശ്രമിക്കുന്നത് എന്നതോര്‍ക്കണം.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ കൊണ്ടുവന്ന കരട് നിയമം അക്ഷരാര്‍ത്ഥത്തില്‍ ദ്വീപിലെ രാഷ്ട്രീയ സാഹചര്യങ്ങളെ അട്ടിമറിയ്ക്കുന്നത് ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്നായിരുന്നു കരട് നിയമത്തിലുണ്ടായിരുന്നത്. നിലവില്‍ ദ്വീപിലെ പ്രാദേശിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരെയെല്ലാം ഒഴിവാക്കുന്നതിന് വേണ്ടിയാണ് വിചിത്രമായ ഈ നിയമം കൊണ്ടുവന്നതെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്.
ഇതിനിടെ ദ്വീപിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും 38ഓളം അംഗനവാടികള്‍ അടച്ചുപൂട്ടുകയും ചെയ്തു. ടൂറിസംവകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. മൃഗസംരക്ഷണവകുപ്പ്, കാര്‍ഷികവകുപ്പ് എന്നിവയില്‍ നിന്നും നിരവധിപേരെ പുറത്താക്കി. ഇതെല്ലാം ദ്വീപുകാര്‍ക്കിടയില്‍ വലിയ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്.
ലക്ഷദ്വീപിലെ ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്‍ഗം മത്സ്യബന്ധനമാണ്. മത്സ്യത്തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പുതിയ അഡ്മിനിസ്‌ട്രേഷന്‍ പൊളിച്ചുമാറ്റുകയാണുണ്ടായത്. നേരത്തെയുണ്ടായിരുന്ന അഡ്മിനിസ്‌ട്രേഷന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം നല്‍കിയ ഇളവനുസരിച്ച് നിര്‍മിച്ച താത്കാലിക കെട്ടിടങ്ങളാണ് ഇപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചുനീക്കിയത്. വലിയ നഷ്ടങ്ങളാണ് ഇത് മൂലം തൊഴിലാളികള്‍ക്കുണ്ടായത്.
ദ്വീപുകാര്‍ വര്‍ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതല്‍ ആശ്രയിക്കണമെന്ന തീരുമാനവും അഡ്മിനിസ്‌ട്രേഷന്‍ കൈക്കൊണ്ടിരുന്നു. ദ്വീപുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ബേപ്പൂരിനെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധത്തെ ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.
വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമുള്ള ദ്വീപില്‍ നിലവില്‍ ഗതാഗതവുമായി ബന്ധപ്പെട്ട യാതൊരു ബുദ്ധിമുട്ടുകളും ഇല്ലെന്നിരിക്കെ നിരവധി വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടി വരുന്ന രീതിയില്‍ 7 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാനുള്ള നീക്കവും നടന്നുവരുന്നുണ്ട്. ദ്വീപിലെ ജനവാസത്തെ ദുസ്സഹമാക്കുന്ന രീതിയിലുള്ള വലിയ ടൂറിസം വികസന പദ്ധതികളും നടപ്പാക്കാനൊരുങ്ങുകയാണ് പുതിയ അഡ്മിനിസ്‌ട്രേഷന്‍.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ കടലിലെ വിവിധങ്ങളായ ദ്വീപുകളില്‍ വിവിധങ്ങളായ പ്രതിസന്ധികളോട് പൊരുതി പതിറ്റാണ്ടുകള്‍കൊണ്ട് ജീവിതം നെയ്‌തെടുത്തവരാണ് ദ്വീപിലെ സാധാരണക്കാരായ ജനങ്ങള്‍. മത്സ്യബന്ധനവും കൃഷിയും ജീവിതവരുമാനമാക്കിയ, വൈവിധ്യമാര്‍ന്ന സംസ്‌കാരവും കലാരൂപങ്ങളും ആചാരങ്ങളും ജീവിതചര്യകളുമെല്ലാമായി ജിവിച്ചുപോരുന്ന അടിസ്ഥാന വര്‍ഗത്തില്‍പ്പെട്ട മനുഷ്യര്‍. യാതൊരു അടിസ്ഥാവുമില്ലാത്തതും ക്രൂരവുമായ നിയമപരിഷ്‌കരണങ്ങളിലൂടെ ഈ ജനതയെ ദ്രോഹിക്കാനിറങ്ങിത്തിരിച്ചിരിക്കുകയാണ് ഇന്നിപ്പോള്‍ ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടം. ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വലിയ ശബ്ദങ്ങള്‍ രാജ്യത്ത് ഉയരേണ്ടിയിരിക്കുന്നു.
ചിത്രങ്ങള്‍: ബിജു ഇബ്രാഹിം
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Cruelties of Lakh dives administration – praful patel –