'നിസാരമായ വിലവര്‍ധനയിലുടെ കര്‍ഷക പ്രതിഷേധം ഇല്ലാതാക്കമെന്നാണ് കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി'; കര്‍ഷകരെ പരിഹസിക്കേണ്ടെന്ന് കേന്ദ്രത്തോട് അമരീന്ദര്‍ സിങ്
national news
'നിസാരമായ വിലവര്‍ധനയിലുടെ കര്‍ഷക പ്രതിഷേധം ഇല്ലാതാക്കമെന്നാണ് കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി'; കര്‍ഷകരെ പരിഹസിക്കേണ്ടെന്ന് കേന്ദ്രത്തോട് അമരീന്ദര്‍ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd September 2020, 7:49 am

ന്യൂദല്‍ഹി: റാബി വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിച്ച് കര്‍ഷക പ്രതിഷേധം ശമിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെ പരിഹസിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.

വിളകള്‍ക്കു താങ്ങുവില നല്‍കുന്നതും, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിര്‍ത്തലാക്കുന്നതിനും വഴിവെക്കുന്ന ഫാം ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പരിഹസിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. കര്‍ഷകരോട് ഹൃദയശൂന്യമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിസാരമായ ഈ വിലവര്‍ധനയിലൂടെ രാജ്യത്തെ കര്‍ഷക പ്രതിഷേധം ഇല്ലാതാക്കാം എന്നാണ് കേന്ദ്രം കരുതുന്നതെങ്കില്‍ അവര്‍ക്ക് ഇതുവരെ കാര്യം മനസിലായിട്ടില്ല. അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ ഹീനമായ പ്രവൃത്തിക്കാരണം ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്ന ഒരാള്‍ക്ക് നേരെ അപ്പകഷ്ണം എറിഞ്ഞ് കൊടുക്കുകയാണ് നിങ്ങള്‍ ചെയ്യുന്നതെന്നും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന സമരങ്ങളെ തണുപ്പിക്കാന്‍ തിങ്കളാഴ്ച റാബി വിളകള്‍ക്കുള്ള താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനമെടുത്തിരുന്നു. പുതിയ ബില്ലുകളില്‍ താങ്ങുവിലയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും താങ്ങുവില എടുത്തുമാറ്റാനാണ് സര്‍ക്കാര്‍ നീക്കമെന്നും പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ വര്‍ധന വരുത്തിയത്.

ഗോതമ്പിന്റെ താങ്ങുവില 50 രൂപയാണ് വര്‍ധിപ്പച്ചത്. ഈ സീസണില്‍ 1975 രൂപയായിരിക്കും ഗോതമ്പിന്റെ താങ്ങുവില. കടുകിന്റെയും പയറുവര്‍ഗങ്ങളുടെയും താങ്ങുവിലയില്‍ 225 രൂപയുടെ വര്‍ധനവുണ്ടായി.

പരിപ്പിന്റെ താങ്ങുവിലയിലാണ് ഏറ്റവും വലിയ വര്‍ധന. 300 രൂപയാണ് പരിപ്പിന് വര്‍ധിപ്പിച്ചത്. റാബി വിളകളുടെ താങ്ങുവില വര്‍ധനവ് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നല്‍കിയെന്ന് എക്കണോമിക് അഫയേഴ്സ് കാബിനറ്റ് കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് താങ്ങുവില വര്‍ധിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: cruel joke on farmers amarinder singh on centre’s rate hike