ഒരു കുഞ്ഞ് ആംബുലന്‍സില്‍ അഞ്ച് മൃതദേഹങ്ങള്‍ അട്ടിയട്ടിയായിട്ടാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോവുക.
ഒരു രാത്രി മുഴുവന്‍ തന്റെ മകനൊപ്പം ഒരു ആശുപത്രി കിടക്ക തേടി അലഞ്ഞ് പുലര്‍ച്ചെ രണ്ടരയോടെ നിരാശനായി വീട്ടിലേക്ക് തിരിച്ചെത്തിയ മനുഷ്യനാണ്. അടുത്ത ദിവസം രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ ഗവണ്‍മെന്റ് ആശുപത്രികളില്‍ ഒന്നില്‍ ഒരു ബെഡ് കിട്ടിയപ്പോഴേക്കും അയാളുടെ ഓക്‌സിജന്‍ ലെവല്‍ അറുപതിലേക്ക് താഴ്ന്നിരുന്നു. പിന്നെ പത്ത് ദിവസത്തിലധികം അവിടെ. അതിനിടയില്‍ കൂടെ നിന്ന മൂത്ത മകനും ഭാര്യയും ഇളയ മകനുമെല്ലാം കോവിഡ് ബാധിതരായി.
ഓരോ ദിവസവും അയാളുടെ ആരോഗ്യം മോശമായിക്കൊണ്ടിരുന്നു. ഒടുവില്‍ മെയ് അഞ്ചിന് പുലര്‍ച്ചെ രണ്ടരയോടെ ആ മനുഷ്യന്‍ മരിച്ചു. രാവിലെ നിരനിരയായി നിര്‍ത്തിയിട്ട ആംബുലന്‍സുകളിലൊന്നില്‍ പൊതിഞ്ഞ് കൂട്ടിയിട്ട അഞ്ച് ശരീരങ്ങളിലൊന്ന് അയാളുടേതായിരുന്നു. ആ ആംബുലന്‍സ് ദല്‍ഹിയിലെ പഞ്ചാബി ഭാഗ് ശ്മശാനത്തേക്ക് നീങ്ങി. തൊട്ടുപിറകെ ഒരു ടാക്‌സിയില്‍ ഞങ്ങളും.
അമ്മയും ഇളയ മകനും വീട്ടിലാണ്. മരണ വാര്‍ത്ത അവരെ അറിയിച്ചിട്ടില്ല. അറിഞ്ഞാല്‍, അവരൊന്ന് തളര്‍ന്ന് വീണാല്‍ ചേര്‍ത്ത് പിടിക്കാന്‍ ഒരു മനുഷ്യന്‍ പോലും ചുറ്റിലുമുണ്ടായിരുന്നില്ല. അറിയുന്ന വളരെ ചുരുക്കം ചിലര്‍ സ്വാഭാവികമായ കൊവിഡ് ഭീതിയില്‍ അങ്ങോട്ട് പോയതുമില്ല.
ശ്മശാനത്തിലേക്ക് ഞങ്ങള്‍ക്ക് വരാനാകില്ലെന്നും എത്രയും വേഗം ആ വീട്ടിലേക്ക് എത്തിച്ചേരണമെന്നും മൃതദേഹം സംസ്‌കരിക്കാനുള്ള ഏര്‍പ്പാട് ചെയ്യണമെന്നും അപേക്ഷിച്ചു നോക്കിയതാണ്. അത് നിരാകരിക്കപ്പെട്ടു. സംസ്‌കാരം നടക്കണമെങ്കില്‍ വേണ്ടപ്പെട്ടവര്‍ ആരെങ്കിലും അവിടെ എത്തണമെന്നും ചില ഡോക്യുമെന്റുകള്‍ ഏല്‍പിക്കണമെന്നും ആവശ്യപ്പെട്ടു.
ശ്മശാനത്തില്‍ എത്തിയപ്പോഴാണറിയുന്നത് ഗ്യാസ് അടുപ്പില്‍ സംസ്‌കരിക്കണമെങ്കില്‍ ആ പകല്‍ മുഴുവന്‍ അവിടെ കാത്തിരിക്കണമെന്ന്. അത്രയേറെ മൃതദേഹങ്ങള്‍ ക്യൂവിലുണ്ടെന്ന്. നിങ്ങള്‍ കുറച്ച് വൈകിപ്പോയി എന്നാണ് ഒരാള്‍ പറഞ്ഞത്. എന്തിന്? ആ മനുഷ്യന്‍ അവസാന ശ്വാസമെടുക്കാനോ എന്ന് നമുക്ക് ചോദിക്കാനാകില്ല. അവിടെ എത്തിയ എല്ലാ മൃതദേഹങ്ങളും സംസ്‌കരിക്കപ്പെടണം. അതൊരു മനുഷ്യന് ഇവിടെ ജീവിച്ചതിന് നമ്മള്‍ കൊടുക്കുന്ന അവസാനത്തെ കൂലിയാണ്. നമുക്കെല്ലാം അവകാശപ്പെട്ടത്.
മറ്റൊരു വഴി വിറകുപയോഗിച്ച് ദഹിപ്പിക്കുകയാണ്. അത് നമ്മള്‍ തന്നെ ചെയ്യണം. എണ്‍പതോളം ശവങ്ങള്‍ സംസ്‌കരിക്കുവാനുള്ള ഇടങ്ങളില്‍ നിന്ന് ഒന്ന് ഞങ്ങള്‍ക്ക് തരും. വിറക് അടുക്കുന്നതും മൃതദേഹം വയ്ക്കുന്നതും എല്ലാം നമ്മള്‍ തന്നെ. പണം കൊടുത്താല്‍ ചില ചെറിയ സഹായങ്ങള്‍ മാത്രം ലഭിക്കും.
വിറക് പുരയ്ക്ക് തീ പിടിച്ചത് പോലെ ശ്മശാനം. ഏകദേശം എല്ലാ അടുപ്പുകളിലും ശ്വാസം മുട്ടി മരിച്ച മനുഷ്യര്‍ കത്തിയമര്‍ന്നുകൊണ്ടിരിക്കുന്നു. ഓരോ പത്ത് മിനിട്ടിലുമെന്നോണം മൂടിപ്പുതഞ്ഞ ശരീരങ്ങള്‍ അതിനകത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. ഏങ്ങലടിച്ച് കരയുന്ന മനുഷ്യര്‍, നിര്‍ത്താതെ നിരനിരയായി കത്തുന്ന ശ്മശാന അടുപ്പുകള്‍, കത്തിക്കരിഞ്ഞു പോയ ശ്മശാന വളപ്പിലെ മരങ്ങള്‍, അതിനിടയില്‍ ഒരു പി.പി.ഇ കിറ്റ് പോലും ധരിക്കാനില്ലാതെ ഞങ്ങള്‍.
വിവരമറിഞ്ഞ് അതിനടുത്ത് താമസിക്കുന്ന മറ്റൊരു മനുഷ്യന്‍ കൂടി ശ്മശാനത്തിലേക്കെത്തിയിരുന്നു. എത്രയും വേഗം മൃതദേഹം സംസ്്കരിക്കണം. ഭാര്യയും മകനും മരണവാര്‍ത്തയറിയുമ്പോഴേക്കും ഞങ്ങള്‍ക്ക് അവിടെയെത്തണം.
വിറക് നിരത്തി, മൃതദേഹം എടുത്ത് വച്ച്, വിറകു കൊണ്ട് മൂടി ദഹിപ്പിക്കാനുള്ള അനുവാദം കാത്ത് ഞങ്ങള്‍ നിന്നു. ആ നില്‍പ് പിന്നെയും നീണ്ടു.
ഒന്നു രണ്ട് നിരകള്‍ കൂടി ശവങ്ങള്‍ വച്ചാലേ കത്തിക്കാനാകൂ എന്ന് മറുപടി. അടുപ്പിന്റെ നിരകള്‍ ശവങ്ങള്‍ കൊണ്ട് നിറച്ച് ഒരറ്റത്ത് നിന്നും കത്തിച്ച് തുടങ്ങുകയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ആ അഗ്‌നിഗോളങ്ങള്‍ക്കിടയില്‍ ഇടയ്ക്കിടയ്ക്ക് ശവങ്ങള്‍ സംസ്‌കരിക്കാനായി തയ്യാറാക്കി വെക്കാനാകില്ല. പിന്നെ നിങ്ങള്‍ കാത്തിരിക്കുക എന്തിന് വേണ്ടിയാണെന്നറിയുമോ? ആ നിരകള്‍ നിറയാന്‍ കൂടുതല്‍ ശവങ്ങള്‍ എത്തിച്ചേരാന്‍. ആ ചുടലപ്പറമ്പില്‍ നിന്നും ഒന്ന് രക്ഷപ്പെടാന്‍.
കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഒരു ഓക്‌സിജന്‍ സിലിണ്ടറിനായി രണ്ട് രോഗികളുടെ ബന്ധുക്കള്‍ വഴക്ക് കൂട്ടുന്നതും അതിലൊരാള്‍ കണ്‍മുന്നില്‍ മരിച്ചതും നിസഹായതയോടെ നോക്കി നില്‍ക്കേണ്ടി വന്നതിനെക്കുറിച്ച് സഖാവ് വിജൂ കൃഷ്ണന്‍ പറഞ്ഞിരുന്നു. ശ്മശാനത്തിലെ വഴക്ക് ആദ്യമെത്തിയ ശവം ആരുടേതാണ് എന്നതിനെ ചൊല്ലിയായിരുന്നു. നിസ്സഹായതയാണ് ഈ രാജ്യത്തിന്റെ ഭാഷ. അതു കൊണ്ടാണ് ഒരു ശവം കത്തിത്തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് എന്തോ ഒരാശ്വാസം തോന്നുന്നത്.
ഒടുവില്‍ ജീവിതത്തിലിന്നേവരെ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്റെ സംസ്‌കാരം മകനും മരുമകനുമൊപ്പം നടത്തി അവരുടെ വീട്ടിലേക്ക് ഞങ്ങള്‍ മടങ്ങി. മടങ്ങുമ്പോള്‍ ആ ചിത കത്തിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഗതികേട് കൊണ്ടാണ്, തീ പിടിച്ചുവെന്ന് ഉറപ്പായ നിമിഷം മടങ്ങേണ്ടി വന്നത്. ഒന്നുമറിയാതെ രണ്ടു പേര്‍ വീട്ടില്‍ ഒറ്റയ്ക്കാണ്. നമ്മളും ഒറ്റയ്ക്കാണ്. ഈ രാജ്യം അതിന്റെ ജനതയെ മുഴുവന്‍ ഒറ്റയാക്കുകയാണ്. പഞ്ചാബി ഭാഗിലെ ആ ശ്മശാനമാണ് ഇന്ന് ഇന്ത്യ.
(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight:Crucial situation of crimation in india on covid time