സൗദി പ്രോ ലീഗിലെ രണ്ട് മികച്ച ടീമുകളാണ് അൽ നസറും അൽ ഇത്തിഹാദും. പ്രോ ലീഗ് ടൈറ്റിൽ സ്വന്തമാക്കാനായുള്ള ടൈറ്റിൽ പോരാട്ടത്തിൽ മികച്ച മത്സരമാണ് ഇരു ടീമുകളും കാഴ്ച വെക്കുന്നത്. പ്രോ ലീഗ് ടേബിൾ പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ഇരു ടീമുകളും മറ്റൊരു സൂപ്പർ പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ്. സൗദി സൂപ്പർ കപ്പിന്റെ സെമി ഫൈനലിലാണ് വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി 11 മണിക്ക് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.
മത്സരത്തിൽ വിജയിച്ച് ഫൈനലിലേക്ക് മാർച്ച് ചെയ്യാനായാൽ ഒരു നീണ്ട കാലയളവിന് ശേഷം റൊണാൾഡോക്ക് ഒരു ഫൈനൽ മത്സരം കളിക്കാനുള്ള അവസരമൊരുങ്ങും.
അൽ നസറിന്റെ ലീഗ് വൈരികളായ അൽ ഇത്തിഹാദിനെ തോൽപ്പിക്കാനായാൽ റൊണാൾഡോയുടെ ക്ലബ്ബിലെ ജനപ്രീതി വീണ്ടും വർധിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
‘അടുത്ത മത്സരത്തിനായി ഞങ്ങൾ തയ്യാറെടുത്തുകഴിഞ്ഞു. മുന്നോട്ട് പോകൂ ടീം,’ റൊണാൾഡോ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
സെമി ഫൈനലിൽ അൽ ഇത്തിഹാദിനെ തോൽപ്പിക്കാൻ സാധിച്ചാൽ പ്രോ ലീഗിലെ വമ്പൻ ക്ലബ്ബായ അൽ ഹിലാലിനെയാണ് ഫൈനലിൽ അൽ നസറിന് നേരിടേണ്ടി വരിക. ജനുവരി 29 ഞായറാഴ്ച കിങ്ങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് സൗദി സൂപ്പർ കപ്പിന്റെ ഫൈനൽ നടക്കുന്നത്.
സൗദി പ്രോ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലായാണ് അൽ നസർ, അൽ ഹിലാൽ, അൽ ഇത്തിഹാദ് മുതലായ ക്ലബ്ബുകളുടെ സ്ഥാനം. പോയിന്റ് പട്ടികയിൽ 33 പോയിന്റുകളുമായി അൽ നസർ ഒന്നാമതുള്ളപ്പോൾ 32 പോയിന്റുമായി അൽ ഹിലാൽ രണ്ടാമതും അൽ ഇത്തിഹാദ് മൂന്നാമതുമാണുള്ളത്.