പുല്‍വാമയില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണം; പരിക്കേറ്റ രണ്ട് സൈനികരും മരിച്ചു
India
പുല്‍വാമയില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണം; പരിക്കേറ്റ രണ്ട് സൈനികരും മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2019, 11:29 am

പുല്‍വാമ: പുല്‍വാമയില്‍ ഇന്നലെ സൈനിക വാഹനത്തിനു നേരെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് സൈനികര്‍ മരിച്ചു. സൈനിക വാഹനത്തിന് നേരെ ഇന്നലെ വൈകുന്നേരമാണ് ഐ.ഇ.ഡി സ്‌ഫോടനം ഉണ്ടായത്.

44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. ഒരു വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.

സ്‌ഫോടനത്തിന് ശേഷം വാഹനത്തിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരാക്രമണം ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് മുന്നിറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. പുല്‍വാമയിലെ അരിഹല്‍ ഗ്രാമത്തിലാണ് സൈനിക വാഹനത്തിന് നേരെ ആക്രമണം നടന്നത്.

പട്രോളിങ്ങിനായി പോകവെ കുഴിബോംബ് പൊട്ടത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ വാഹനം പൂര്‍ണ്ണമായി തകര്‍ന്നു. വാഹനത്തിന് നേരെ ഭീകരര്‍ വെടിവച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

അതിനിടെ ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗില്‍ ഇന്ന് വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. രാവിലെ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനും മരണപ്പെട്ടിട്ടുണ്ട്. മൂന്ന് ഭീകരര്‍ കൂടി പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് പൊലീസ് നിഗമനം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ അനന്ത്‌നാഗിലെ അക്കാബലില്‍ ഭീകരര്‍ക്കായി നടത്തിയ തെരച്ചിലിനിടെ വെടിയേറ്റ് ഒരു മേജര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.