| Monday, 29th August 2016, 9:13 pm

സിന്ധു ഇനി സി.ആര്‍.പി.എഫ് കമാന്‍ഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയോ: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് അതുല്യനേട്ടത്തിന് ലഭിക്കുന്ന അംഗീകാരങ്ങളും സമ്മാനങ്ങളും നിലയ്ക്കുന്നില്ല. ഏറ്റവുമൊടുവില്‍ രാജ്യത്തെ ഏറ്റവും വലിയ അര്‍ദ്ധ സൈനീക വിഭാഗമായ സി.ആര്‍.പി.എഫ് ആണ് സിന്ധുവിന്റെ നേട്ടത്തില്‍ അംഗീകാരവുമായി രംഗത്തെത്തിയിരിക്കുന്നത്.

സി.ആര്‍.പി.എഫിന്റെ ബ്രാന്‍ഡ് അംബാസിഡറായി സിന്ധുവിനെ തിരഞ്ഞെടുത്തു. കൂടാതെ സിന്ധുവിന് ഹോണററി കമാന്‍ഡന്റ് പോസ്റ്റ് നല്‍കാനും തീരുമാനമായിട്ടുണ്ട്. ഇത് സംബന്ധിച്ച് സി.ആര്‍.പി.എഫ് കേന്ദ്ര അഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം ആരാഞ്ഞിട്ടുണ്ട്.

അഭ്യന്തര വകുപ്പില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായാല്‍ ഉടന്‍ തന്നെ ഒരു ചടങ്ങ് സംഘടിപ്പിച്ച് സിന്ധുവിനെ ആദരിക്കാനും കമാന്‍ഡന്റ് പദവി സമ്മാനിക്കാനുമാണ് സി.ആര്‍.പി.എഫ് തീരുമാനം. സിന്ധുവിന്റെ തീരുമാനമറിഞ്ഞതിന് ശേഷമാണ് സി.ആര്‍.പി.എഫിന്റെ നീക്കം.

പോലീസിലെ എസ്.പി റാങ്കിന് തുല്യമാണ് സി.ആര്‍.പി.എഫിലെ കമാന്‍ഡന്റ് പദവി. സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് സിന്ധുവിനെ കമാന്‍ഡന്റ് പദവി നല്‍കി ആദരിക്കുന്നതെന്ന് സിആര്‍.പി.എഫ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ബ്രാന്‍ഡ് അംബാസിഡര്‍ പദവി നല്‍കുന്നതിലൂടെ സൈനീകര്‍ക്ക് മോട്ടിവേഷണല്‍ ക്ലാസ്സുകള്‍ എടുക്കാന്‍ സിന്ധുവിനെ ചുമതലപ്പെടുത്തുകയാണ് സി.ആര്‍.പി.എഫ് ലക്ഷ്യം. സിന്ധുവിന് മത്സരവും പ്രാക്ടീസും ഇല്ലാത്ത സമയങ്ങളില്‍ ഇത്തരത്തില്‍ സിന്ധുവിന്റെ സേവനം ഉപയോദപ്പെടുത്തുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.എസ്.എഫ് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിനെ ബ്രാന്‍ഡ് അംബസിഡറാക്കി നിയമിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more