| Tuesday, 8th August 2017, 10:11 am

രക്ഷാബന്ധന്‍ ദിനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അപമാനിച്ച് സി.ആര്‍.പി.എഫ് ജവാന്‍മാര്‍; അന്വേഷണത്തിന് ഉത്തരവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അപമാനിച്ച് സി.ആര്‍.പി.എഫ് ജവാന്‍മാര്‍. ചണ്ഡീഗഡ് ദന്തേവാല ജില്ലയിലെ സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളോടാണ് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ അപമര്യാദയായി പെരുമാറിയത്. ജൂലൈ 31 ന് സി.ആര്‍.പി.എഫ് ട്രൂപ്പുകള്‍ നടത്തിയ രക്ഷാബന്ധന്‍ പരിപാടിക്കിടെയായിരുന്നു സംഭവം.


Dont Miss ബി.ജെ.പി വിരുദ്ധ പോസ്റ്റുകള്‍ ഇടുന്നത് നിര്‍ത്തിയില്ലെങ്കില്‍ മക്കള്‍ക്ക് അച്ഛനുണ്ടാവില്ല; പ്രവാസി മലയാളി യുവാവിന്റെ ഭാര്യക്ക് ആര്‍.എസ്.എസ്സിന്റെ ഭീഷണിക്കത്ത്


സി.ആര്‍.പി.എഫ് ജവാന്‍മാരുടെ കയ്യില്‍ രാഖികെട്ടിക്കൊടുത്തുകൊണ്ടായിരുന്നു പരിപാടി ആരംഭിച്ചത്. എന്നാല്‍ പരിപാടി നടന്നുകൊണ്ടിരിക്കെ ടോയ്‌ലറ്റില്‍ പോയി മടങ്ങിവരികയായിരുന്ന വിദ്യാര്‍ത്ഥികളെ യൂണിഫോമിട്ട ചില സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തുകയായിരുന്നെന്നാണ് പരാതി. ഒരാള്‍ തങ്ങളെ പരിശോധിക്കുകയും കൂടെയുണ്ടായിരുന്ന ഒരാളെ ഇത് നോക്കിനില്‍ക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ അഞ്ചംഗ പാനലിനെ ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.സ്‌കൂളിലെ 500 ഓളം വരുന്ന വിദ്യാര്‍ത്ഥികളാണ് രക്ഷാബന്ധന്‍ ചടങ്ങില്‍ പങ്കെടുത്തത്.

അതേസമയം കുട്ടികള്‍ക്ക് ഇവര്‍ ആരെല്ലാമാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ സംഭവത്തെ കുറിച്ച് ഹോസ്റ്റല്‍ വാര്‍ഡനോട് പരാതിപ്പെടുകയും ഹോസ്റ്റല്‍ വാര്‍ഡന്‍ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് സൂപ്രണ്ടും സി.ആര്‍.പി.എഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലും സ്‌കൂള്‍ ഹോസ്റ്റലില്‍ ചെന്ന് വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കുകയായിരുന്നു.

സി.ആര്‍.പി.എഫ് സംഘത്തില്‍പ്പെട്ട രണ്ട് പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. അതേസമയം ഇവര്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. സ്‌കൂളിലെ സിസി ടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

അതേസമയം എത്രയും പെട്ടെന്ന് തന്നെ കുറ്റക്കാരായ സി.ആര്‍.പി.എഫ് ജവാന്‍മാരെ പിടികൂടുമെന്നും കടുത്തശിക്ഷ തന്നെ അവര്‍ക്ക് നേടിക്കൊടുക്കമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more