'അല്പമെങ്കിലും നാണമുണ്ടെങ്കില്‍ ആദരവ് അര്‍പ്പിക്കാനെന്നും പറഞ്ഞ് പട്ടാളക്കാരുടെ മൃതദേഹത്തിനടുത്ത് വരരുത്' രാജ്‌നാഥ് സിങ്ങിനോട് സി.ആര്‍.പി.എഫ് ജവാന്‍
India
'അല്പമെങ്കിലും നാണമുണ്ടെങ്കില്‍ ആദരവ് അര്‍പ്പിക്കാനെന്നും പറഞ്ഞ് പട്ടാളക്കാരുടെ മൃതദേഹത്തിനടുത്ത് വരരുത്' രാജ്‌നാഥ് സിങ്ങിനോട് സി.ആര്‍.പി.എഫ് ജവാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th April 2017, 9:54 am

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സി.ആര്‍.പി.എഫ് ജവാന്‍. ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെയാണ് രാജ് നാഥ് സിങ്ങിനെതിരെ വിമര്‍ശനവുമായി പങ്കജ് മിശ്ര എന്ന സി.ആര്‍.പി.എഫ് ജവാന്‍ രംഗത്തെത്തിയിരിക്കുന്നത്.

“നിങ്ങള്‍ക്ക് നാണമുണ്ടെങ്കില്‍ ആദരവ് അര്‍പ്പിക്കാനെന്നും പറഞ്ഞ് സൈനികരുടെ മൃതദേഹങ്ങള്‍ക്ക് അരികില്‍ വരരുത്” എന്നാണ് വീഡിയോയിലൂടെ ജവാന്‍ പറയുന്നത്. സുക്മയില്‍ നക്‌സല്‍ ആക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പങ്കജ് രാജ് നാഥ് സിങ്ങിനെതിരെ രംഗത്തുവന്നിരിക്കുന്നത്.


Don”t Miss: ബാഹുബലി തമിഴ് പതിപ്പ് ഇന്റര്‍നെറ്റില്‍


“ഡി.ജി സാഹബും മറ്റ് ഉദ്യോഗസ്ഥരും സുക്മ സന്ദര്‍ശിക്കാനൊരുങ്ങുന്നുണ്ടെന്നാണ് ഞാനറിഞ്ഞത്. അവിടെപ്പോയിട്ട് ഒരു കാര്യവുമില്ലെന്നാണ് അവരോട് എനിക്കു പറയാനുള്ളത്. നിങ്ങള്‍ 20-25 ബെറ്റാലിയനുകള്‍ അയക്കൂ. എന്നിട്ട് ഓപ്പറേഷന്‍ തുടങ്ങൂ. രാജ് നാഥ് സിങ്ങിനോടു പറയാനുള്ളത് നിങ്ങള്‍ ഒരു നല്ല രാഷ്ട്രീയ നേതാവെന്ന നിലയിലല്ല മുന്നോട്ടുപോകുന്നത്. നിങ്ങള്‍ ആഭ്യന്തരമന്ത്രിയായിരിക്കെ സി.ആര്‍.പി.എഫ് ജവാന്മാര്‍ കാനുകളാല്‍ മര്‍ദ്ദിക്കപ്പെടുകയാണ്. അവര്‍ രക്തസാക്ഷികളാവുകയാണ്.” അദ്ദേഹം വീഡിയോയില്‍ പറയുന്നു.

“ഇതേ സി.ആര്‍.പി.എഫ് ജവാന്മാരാണ് അമിത് ഷായ്ക്കും മറ്റ് വി.ഐ.പികള്‍ക്കും സുരക്ഷ നല്‍കുന്നത്. നിങ്ങള്‍ക്കോ ബി.ജെ.പിക്കോ അല്ല ഞങ്ങള്‍ വോട്ടു ചെയ്തതെന്നും ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ഞങ്ങള്‍ വോട്ടു ചെയ്തത് മോദിക്കാണ്.” അദ്ദേഹം പറയുന്നു.


Also Read: വിവാഹസദ്യക്ക് ഇറച്ചിയില്ലെന്ന കാരണത്താല്‍ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; ചടങ്ങിനെത്തിയ മറ്റൊരാള്‍ വധുവിന്റെ കഴുത്തില്‍ മിന്നുകെട്ടി 


സി.ആര്‍.പി.എഫിന് വളരെ മോശമായ പരിശീലനം നല്‍കിയ പ്രതിരോധ വിദഗ്ധരെയും മിശ്ര വിമര്‍ശിക്കുന്നുണ്ട്.

“നിങ്ങളുടെ ജവാന്മാരുടെ തല പാകിസ്ഥാന്‍ അറുത്തപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? പത്താന്‍കോട്ടിലെ വ്യോമതാവളം തീവ്രവാദികള്‍ ആക്രമിച്ചപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു.” എന്നു ചോദിച്ചുകൊണ്ടാണ് പങ്കജ് പ്രതിരോധ വിദഗ്ധര്‍ക്കെതിരെ രംഗത്തുവന്നത്.

മാധ്യമങ്ങളോടും പങ്കജ് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. സുക്മയിലെ യഥാര്‍ത്ഥ പ്രശ്‌നം അറിയണമെങ്കില്‍ നിങ്ങള്‍ പ്രതിരോധ വിദഗ്ധരോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് നിര്‍ത്തി സുക്മയിലേക്കു പോകണമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെടുന്നത്.

“സുക്മയിലേക്കു പോയി സി.ആര്‍.പി.എഫ് ജവാന്മാരോട് സംസാരിക്കൂ. എവിടെയാണ് പ്രശ്‌നമെന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. റോഡുകള്‍ നിര്‍മ്മിച്ചപ്പോള്‍ അതിന്റെ ക്രഡിറ്റ് പോയത് ഛത്തീസ്ഗഢ് സര്‍ക്കാറിനാണ്. പക്ഷെ ജവാന്മാര്‍ക്കാണ് ജീവന്‍ ത്യജിക്കേണ്ടി വന്നത്. രാജ് നാഥ് സിങ് ജി നിങ്ങള്‍ക്ക് അല്പമെങ്കിലും നാണമുണ്ടെങ്കില്‍ രക്തസാക്ഷികളായ പട്ടാളക്കാര്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ വരാതിരിക്കൂ. അവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് അവരോട് ആദരവോടെ പെരുമാറൂ.” മിശ്ര നിര്‍ദേശിക്കുന്നു.

മറ്റാരെയും ഭയക്കാതെ പ്രതിഷേധവുമായി മുന്നോട്ടുവരാന്‍ അദ്ദേഹം മറ്റ് സി.ആര്‍.പി.എഫ് ജവാന്മാരോടും ആവശ്യപ്പെടുന്നുണ്ട്.

“മരിക്കുമെന്ന ഭയമാണ് നിങ്ങള്‍ക്കെങ്കില്‍ ഓര്‍ക്കുക, ഒരിക്കല്‍ നമ്മളെല്ലാം മരിക്കേണ്ടവര്‍ തന്നെയാണെന്ന്.” അദ്ദേഹം വ്യക്തമാക്കി.

2013ലാണ് മിശ്ര സി.ആര്‍.പി.എഫില്‍ ചേര്‍ന്നതെന്നാണ് അദ്ദേഹത്തെ ഉദ്ധരിച്ച് ക്വിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഈ വീഡിയോയുടെ പേരില്‍ സി.ആര്‍.പി.എഫ് സ്വീകരിക്കുന്ന നടപടികള്‍ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് തേജ് ബഹദൂര്‍ യാദവിന്റെ ആരോപണങ്ങളെയും മിശ്ര ശരിവെച്ചു. മേലുദ്യോഗസ്ഥരില്‍ നിന്നും ജവാന്മാര്‍ സമാനമായ ചൂഷണങ്ങളാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.