ചെന്നൈ: തമിഴ്‌നാട്ടിലെ പെരിയാര്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സി.ആര്‍.പി.എഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് പ്രതിമ തകര്‍ത്തതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്താലാണ് ഇയാളെ പിടികൂടിയത്. പ്രതിമയുടെ തലയറുത്ത ഇയാള്‍ ട്രാഫിക് റൗണ്ട് അപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം ഇയാള്‍ സിസോര്‍ഫീനിയ എന്ന അസുഖത്തിന് ചികിത്സക്കായി ഒരാഴ്ച മുന്‍പ് അവധിയെടുത്ത് നാട്ടില്‍ പോയതാണെന്ന സി.ആര്‍.പി.എഫ് പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണ വിധേയമായി ഇയാളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും സി.ആര്‍.പി.എഫ് അറിയിച്ചു.
Also Read: ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ വീടിനുനേരെ ബോംബേറ്: കാര്‍ തകര്‍ത്തു
തമിഴ്നാട്ടിലെ പുതുക്കോട്ടൈയില്‍ സ്ഥാപിച്ച പെരിയാര്‍ പ്രതിമയാണ് ഇന്നലെ തലയറുത്ത നിലയില്‍ കണ്ടെത്തിയത്.
ത്രിപുര തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പല പ്രമുഖരുടെയും പ്രതിമകള്‍ക്കുനേരെ ആക്രമണം ഉണ്ടായിരുന്നു.
നേരത്തേ, ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു.
തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയായിരുന്നു അന്നു നശിപ്പിച്ചത്. പ്രതിമയുടെ മൂക്കും കണ്ണടയുമായിരുന്നു തകര്‍ത്തത്.
ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമകളും തകര്‍ക്കുമെന്നായിരുന്നു എച്ച്.രാജ പറഞ്ഞിരുന്നത്.