ആക്രമിച്ചാലല്ലാതെ തോക്ക് ഉപയോഗിക്കാനോ ലാത്തി ചാര്‍ജ് നടത്താനോ സാധിക്കില്ല; പ്രതിഷേധങ്ങളെ തടയാനാവാതെ സി.ആര്‍.പി.എഫ്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധങ്ങള്‍ തടയാനാവാതെ സി.ആര്‍.പി.എഫ്. നിലവില്‍ ഗവര്‍ണറുടെ സുരക്ഷ കേന്ദ്ര സേനയായ സി.ആര്‍.പി.എഫും കേരള പൊലീസും സംയുക്തമായി ഏറ്റെടുത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സി.ആര്‍.പി.എഫിന്റെ 40 ഉദ്യോഗസ്ഥര്‍ ഗവര്‍ണറുടെ സുരക്ഷ ഏറ്റെടുത്തു. ഉദ്യോഗസ്ഥരുടെ സംഘം മൂന്ന് ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിക്കുക. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) കമാന്‍ഡോകളായി 5 വര്‍ഷം പ്രവര്‍ത്തിച്ച ദല്‍ഹിയിലെയും ബെംഗളൂരുവിലെയും ഉദ്യോഗസ്ഥരാണ് സുരക്ഷാ സംഘത്തില്‍ ഉള്‍പ്പെടുന്നത്.
കേരള പൊലീസിന് പുറമെ ഗവര്‍ണറുടെ വാഹനത്തിനുള്ളില്‍ പേര്‍സണല്‍ സെക്യൂരിറ്റി ഓഫീസറായി ഇനി സി.ആര്‍.പി.എഫ് കമാന്‍ഡോ യാത്ര ചെയ്യും. അതേസമയം ഗവര്‍ണര്‍ക്കൊപ്പം യാത്ര ചെയ്യുന്ന സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ കൈവശം ലാത്തിയോ മറ്റു ഉപകരണങ്ങളോ ഉണ്ടാവില്ല.
എന്നാല്‍ ഉത്തരവില്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് തോക്ക് കൈവശം വെക്കാമെന്ന് പറയുന്നുണ്ട്. ഗവര്‍ണറെ ആരെങ്കിലും ആക്രമിക്കാനോ ജീവഹാനി വരുത്താനോ ശ്രമിച്ചാല്‍ മാത്രമേ തോക്ക് ഉപയോഗിക്കാന്‍ കേന്ദ്ര സേനയുടെ ഉദ്യോഗസ്ഥര്‍ക്ക് കഴിയുകയുള്ളു. ഇനി ആരെങ്കിലും ഗവര്‍ണറെ ആക്രമിക്കാന്‍ എത്തിയാല്‍ അവരെ പിടിച്ച് കേരള പൊലീസിന് നല്‍കാനുള്ള അവസരവും സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ട്.
ചുരുക്കത്തില്‍ കരിങ്കൊടി പ്രതിഷേധവുമായി എത്തുന്നവര്‍ക്കെതിരെ പ്രതിരോധം നടത്താനും ലാത്തി ചാര്‍ജിന് ആഹ്വാനം ചെയ്യാനും സാധിക്കില്ലെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഗവര്‍ണര്‍ക്കായുള്ള നിലവിലെ കേരള പൊലീസിന്റെ എസ്‌കോര്‍ട്ടും പൈലറ്റും തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ഗവര്‍ണറുടെ സുരക്ഷക്കായി 72 ഉദ്യോഗസ്ഥരെയാണ് കേരള പൊലീസ് നിയോഗിച്ചിട്ടുള്ളത്.
രാജ്ഭവനിലെ ഉദ്യോഗസ്ഥര്‍, കേരള പൊലീസ് ഉന്നതര്‍, സി.ആര്‍.പി.എഫ്, ഐ.ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ യോഗത്തില്‍ പൈലറ്റ്, എസ്‌കോര്‍ട്ട് എന്നിവയിലെ 6 പൊലീസുകാരെ പിന്‍വലിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സി.ആര്‍.പി.എഫിനെ നിയോഗിച്ചത് ഗവര്‍ണറുടെ സുരക്ഷയ്ക്ക് മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനാല്‍ രാജ്ഭവന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തെന്ന വിജ്ഞാപനത്തിന് ഇനി പ്രസക്തിയില്ലെന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
Content Highlight: CRPF could not stop the protests against Governor Arif Muhammad Khan