ജിദ്ദ: സൗദിയില്‍ രാജഭരണകൂടം ചുവപ്പു രേഖയാണെന്നും അവര്‍ക്കെതിരായ വിമര്‍ശനങ്ങളെ അംഗീകരിക്കില്ലെന്നും സൗദി വിദേശകാര്യമന്ത്രി അദില്‍ അല്‍ ജുബൈര്‍. ഖഷോഗ്ജി വധത്തില്‍ എം.ബി.എസ്സിനെതിരായ (മുഹമ്മദ് ബന്‍ സല്‍മാന്‍) വിമര്‍ശനങ്ങളോടാണ് ആദില്‍ അല്‍ ജുബൈറിന്റെ പ്രതികരണം.
രാജനേതൃത്വം സൗദി ജനതയെയും സൗദി ജനത രാജഭരണകൂടത്തെയും പ്രതിനിധീകരിക്കുന്നു. രാജാവിനും കിരീടാവകാശിക്കുമെതിരായ ഒരു വിമര്‍ശനങ്ങളെയും തങ്ങള്‍ അംഗീകരിക്കുകയില്ല ആദില്‍ ജുബൈര്‍ പറഞ്ഞു.
ഖഷോഗ്ജി വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കില്ലെന്ന് വ്യക്തമാക്കിയതാണ്. അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും ജുബൈര്‍ പറഞ്ഞു. കൊലപാതകം സംബന്ധിച്ചുള്ള മുഴുവന്‍ തെളിവുകളും തുര്‍ക്കി തങ്ങള്‍ക്ക് കൈമാറണമെന്നും വിവരങ്ങള്‍ പുറത്തു വിടരുതെന്നും ജുബൈര്‍ ആവശ്യപ്പെട്ടു.
അദില്‍ അല്‍ ജുബൈര്‍
കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് അന്വേഷിക്കണമെന്ന് യു.എസ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൗദിയുടെ പ്രതികരണം. എം.ബി.എസ്സിന്റെ അറിവോടെ തന്നെയാണ് ഖഷോഗ്ജിയെ കൊന്നതെന്ന് സി.ഐ.എ കണ്ടെത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പടെയുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എം.ബി.എസ്സിന്റെ സഹോദരനും സൗദിയുടെ യു.എസ് അംബാസഡറുമായ ഖാലിദ് ബിന്‍ സല്‍മാന്‍ ഖഷോഗ്ജിയെ ഫോണില്‍ വിളിച്ചിരുന്നെന്ന് സി.ഐ.എ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖാലിദാണ് ഖഷോഗ്ജിയെ തുര്‍ക്കിയിലേക്കുള്ള എംബസിയിലേക്ക് വിളിച്ചുവരുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.