| Friday, 17th December 2021, 5:15 pm

മുന്‍ ഏകാധിപതി അഗസ്റ്റൊ പിനോഷെറ്റിന്റെ ഭാര്യയുടെ മരണം ആഘോഷമാക്കി ചിലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്റിയാഗോ: ചിലിയുടെ മുന്‍ പ്രസിഡന്റും ഏകാധിപതിയുമായിരുന്ന അഗസ്റ്റൊ പിനോഷെറ്റിന്റെ വിധവയുടെ മരണം ആഘോഷമാക്കി ചിലിയിലെ ജനങ്ങള്‍.

99ാം വയസില്‍ അന്തരിച്ച ചിലിയുടെ മുന്‍ പ്രഥമ വനിത മരിയ ലൂസിയ ഹിരിയര്‍ട് റോഡ്രിഗസിന്റെ മരണമാണ് തലസ്ഥാനമായ സാന്റിയാഗോയില്‍ ആഘോഷത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ഡിസംബര്‍ 16നായിരുന്നു ലൂസിയ ഹിരിയത്ത് അന്തരിച്ചത്.

മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ ജനങ്ങള്‍ ആഘോഷങ്ങള്‍ ആരംഭിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഘോഷത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അഗസ്റ്റൊ പിനോഷെറ്റിന്റെ വംശപരമ്പരയുടെ അവസാനമായാണ് ജനങ്ങള്‍ അയാളുടെ ഭാര്യയുടെ മരണത്തെ നോക്കിക്കാണുന്നത്. 2006ല്‍ പിനോഷെറ്റിന്റെ മരണശേഷവും ചിലിയില്‍ ഒരു ധ്രുവീകരണശക്തിയായി ലൂസിയ ഹിരിയര്‍ട് നിലകൊണ്ടിരുന്നു.

ചിലിയില്‍ ആര്‍മി ജനറലായിരുന്ന അഗസ്റ്റൊ പിനോഷെറ്റ് 1973 മുതല്‍ 1990 വരെ ചിലിയുടെ പ്രസിഡന്റായിരുന്നു. പിനോഷെറ്റിന്റെ ഭരണകാലത്ത് ചിലിയില്‍ 3000ലധികം പേര്‍ ഭരണകൂടത്താല്‍ വധിക്കപ്പെടുകയോ കാണാതാവുകയോ ചെയ്‌തെന്നാണ് കണക്കുകള്‍ പറയുന്നത്.

ചിലിയന്‍ പട്ടാളത്തിന്റെ മേധാവിയായിരുന്ന പിനോഷെറ്റ് 1974 ചിലിയുടെ പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുകയും ഏകാധിപത്യ ഭരണം നടത്തുകയുമായിരുന്നു.

ഈ വരുന്ന ഞായറാഴ്ച ചിലിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലൂസിയ ഹിരിയര്‍ട്ന്റെ മരണം എന്നതും ശ്രദ്ധേയമാണ്. ഹിരിയര്‍ട്നെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം സ്വാഭാവികമായും ചിലിയില്‍ ഉള്ളതുകൊണ്ട് തന്നെ മരണവാര്‍ത്ത ആളുകള്‍ക്കിടയില്‍ വിരുദ്ധാഭിപ്രായങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Crowds celebrate former autocrat Augustus Pinochet’s wife’s death

We use cookies to give you the best possible experience. Learn more