| Saturday, 19th August 2023, 10:32 am

കിങ് ഓഫ് കേരള ആന്‍ഡ് കിങ് ഓഫ് രാജസ്ഥാന്‍ എന്ന് കമന്ററി; ക്രീസിലെത്തിയതോടെ ഇളകി മറിഞ്ഞ് അയര്‍ലന്‍ഡ്; വിഡീയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ രണ്ട് റണ്‍സിന് വിജയിച്ചിരുന്നു. ഡബ്ലിനിലെ ദി വില്ലേജ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡി.എല്‍.എസ് മെത്തേഡ് വഴിയാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യവെ ഏഴാം ഓവറില്‍ മഴയെത്തിയതോടെയാണ് ഡക്ക്‌വര്‍ത്ത് – ലൂയീസ് – സ്‌റ്റേണ്‍ നിയമപ്രകാരം ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്.

മത്സരത്തിന്റെ ഏഴാം ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ മഴയെത്തുകയായിരുന്നു. ഒരു പന്തില്‍ നിന്നും ഒരു റണ്‍സ് നേടിയ സഞ്ജു സാംസണും 16 പന്തില്‍ 19 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദുമായിരുന്നു അപ്പോള്‍ ഇന്ത്യക്കായി ക്രീസിലുണ്ടായിരുന്നത്.

ആറാം ഓവറിലെ നാലാം പന്തിലാണ് സഞ്ജു കളത്തിലിറങ്ങിയത്. ഓവറിലെ രണ്ടാം പന്തില്‍ യശസ്വി ജെയ്‌സ്വാളിനെയും മൂന്നാം പന്തില്‍ തിലക് വര്‍മയെയും നഷ്ടപ്പെട്ട് ഇന്ത്യ പരുങ്ങുന്ന വേളയിലാണ് സഞ്ജു ക്രീസിലെത്തിയത്.

ഹാട്രിക് പ്രതീക്ഷയുമായി പന്തെറിയാനെത്തിയ ലോര്‍കന്‍ ടക്കറിനെതിരെ സിംഗിള്‍ നേടിയാണ് സഞ്ജു തുടങ്ങിയത്.\

ഈ മത്സരം നടക്കുന്നത് രാജസ്ഥാനിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലോ അസമിലെ ബര്‍സാപര സ്റ്റേഡിയത്തിലോ തിരുവന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലോ ആണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു അയര്‍ലന്‍ഡ് ക്രൗഡ് സഞ്ജുവിനായി ആര്‍ത്തുവിളിച്ചത്. ഗ്യാലറിയൊന്നാകെ സഞ്ജൂ… സഞ്ജൂ… എന്ന ചാന്റ് മുഴങ്ങിക്കേള്‍ക്കുകയായിരുന്നു.

കമന്റേറ്റര്‍മാര്‍ പോലും ഇതില്‍ മതിമറന്നിരുന്നു. സഞ്ജു ക്രീസിലേക്കെത്തിയപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകള്‍ തന്നെ അതിന് ഉദാഹരണമാണ്.

‘വീ ഗോട്ട് സഞ്ജു സാംസണ്‍. ദി കിങ് ഓഫ് രാജസ്ഥാന്‍ റോയല്‍സ്. ആന്‍ഡ് ദി കിങ് ഓഫ് കേരള. ആസ് ഹി വാക്ക്ഡ് ഇന്‍ ടു ബാറ്റ് യൂ കുഡ് ജസ്റ്റ് ഹിയര്‍ ദ് റോര്‍ ഇന്‍ ദ് ക്രൗഡ്,’ എന്നായിരുന്നു കമന്റേറ്റര്‍മാര്‍ പറഞ്ഞത്.

ഇതാദ്യമായല്ല സഞ്ജു സാംസണ്‍ അയര്‍ലന്‍ഡ് കീഴടക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സഞ്ജു പ്ലെയിങ് ഇലവനിലുണ്ടെന്ന് ടോസിനിടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ പറഞ്ഞപ്പോള്‍ സ്‌റ്റേഡിയം ഒന്നടങ്കം ആവേശത്താല്‍ മുഖരിതമായിരുന്നു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി-20 പരമ്പരയിലെ പോസ്റ്റര്‍ ബോയ്‌യും സഞ്ജു തന്നെയായിരുന്നു. അയര്‍ലന്‍ഡ് ആരാധകര്‍ താരത്തെ അത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് വ്യക്തമാകാന്‍ കൂടുതലൊന്നും ആവശ്യമില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ മത്സരം മഴയെടുത്തതില്‍ ഏറ്റവുമധികം തിരിച്ചടി നേരിടാന്‍ പോകുന്നതും സഞ്ജു സാംസണായിരിക്കും. ലോകകപ്പ് ഇയറില്‍ ഇനിയെന്തെങ്കിലും തെളിയിക്കണമെങ്കില്‍ ഈ പരമ്പര മാത്രമാണ് ഇനി സഞ്ജുവിന് മുമ്പിലുള്ളത്. വിന്‍ഡീസ് പര്യടനത്തിലെ മോശം പ്രകടനത്തെ കവച്ചുവെക്കാന്‍ ഒരുങ്ങിയ സഞ്ജുവിനെ മഴ ചതിക്കുകയായിരുന്നു.

വരും മത്സരങ്ങളില്‍ വിക്കറ്റിന് മുമ്പിലും പുറകിലും സഞ്ജുവിന് തിളങ്ങാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഓഗസ്റ്റ് 20നാണ് പരമ്പരയിലെ രണ്ടാം മത്സരം. ദി വില്ലേജ് തന്നെയാണ് വേദി.

Content Highlight: Crowd goes wild when Sanju Samson came to bat

We use cookies to give you the best possible experience. Learn more