| Wednesday, 11th October 2023, 8:31 pm

വിരാടിന്റെ 'ശത്രുവിനെ' വെറുതെ വിടാനോ, അതും സ്വന്തം തട്ടകത്തില്‍ കിട്ടിയാല്‍; പകവീട്ടി ദല്‍ഹി

സ്പോര്‍ട്സ് ഡെസ്‌ക്

ഈ ലോകകപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടത്തിനെന്ന പോലെ ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തിനായാണ് വിരാട് ആരാധകര്‍ ഏറെ കാത്തിരുന്നത്. ഐ.പി.എല്ലിനിടെ വിരാടുമായി ചില കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയ നവീന്‍ ഉള്‍ ഹഖിനെ ഒരിക്കലും വെറുതെ വിടില്ലെന്ന് പ്രഖ്യാപിച്ചാണ് ആരാധര്‍ ഈ പോരാട്ടത്തിനായി ദിവസങ്ങളെണ്ണി കാത്തിരുന്നത്.

അഫ്ഗാന്റെ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നവീന്റെ പേര് കണ്ടതും, ഈ മത്സരം നടക്കുന്നത് വിരാടിന്റെ ഹോം സ്‌റ്റേഡിയമായ ഫിറോസ് ഷാ കോട്‌ല (അരുണ്‍ ജെയ്റ്റ്‌ലി) സ്‌റ്റേഡിയത്തിലാണ് എന്ന് അറിയുകയും ചെയ്തതോടെ ഈ ദിവസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

ഇന്ത്യക്കെതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ നവീന്‍ ഉല്‍ ഹഖിനെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തിക്കളയുന്നതായിരുന്നു ക്രൗഡ് റിയാക്ഷന്‍. കോഹ്‌ലി, കോഹ്‌ലി വിളികളാല്‍ മുഖരിതമായ സ്‌റ്റേഡിയത്തില്‍ കളത്തിലിറങ്ങിയ ഓരോ നിമിഷവും നവീന്‍ വിരാട് കോഹ്‌ലിയുടെ ഫാന്‍ബേസിന്റെ ചൂടറിഞ്ഞു.

ഇതിന്റെ വീഡിയോ വൈറലാവുകയാണ്.

പത്താമനായി കളത്തിലിറങ്ങിയ നവീന്‍ എട്ട് പന്തില്‍ നിന്നും ഒമ്പത് റണ്‍സ് നേടി പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയുടെയും സൂപ്പര്‍ താരം അസ്മത്തുള്ള ഒമറാസിയുടെയും ചെറുത്തുനില്‍പാണ് അഫ്ഗാന് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.

അഫ്ഗാന്‍ ഉയര്‍ത്തിയ 273 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ അനായാസം ഓടിയടുക്കുകയാണ്. 25 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 പിന്നിട്ടിരിക്കുകയാണ്. 202 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 47 പന്തില്‍ 47 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

82 പന്തില്‍ 16 ബൗണ്ടറിയുടെയും അഞ്ച് സിക്‌സറിന്റെയും അകമ്പടിയോടെ 130 റണ്‍സ് നേടിയ രോഹിത് ശര്‍മയും 22 പന്തില്‍ 17 റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.

Content highlight: Crowd chants ‘Kohli, Kohli’ as Naveen ul Haq comes out to bat in India vs Afghanistan match

We use cookies to give you the best possible experience. Learn more