| Saturday, 25th June 2022, 8:33 pm

രഞ്ജി ട്രോഫിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എന്തുകാര്യം? നടക്കുന്നത് രഞ്ജി ഫൈനലാണ് എന്ന കാര്യം പോലും മറന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ മുംബൈയും മധ്യപ്രദേശും തമ്മിലുള്ള വാശിയേറിയ ഫൈനല്‍ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഫൈനല്‍ മത്സരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഫൈനലിന്റെ ആവേശത്തില്‍ മതിമറന്നിരുന്ന സ്റ്റേഡിയം പൊടുന്നനെ സി.എസ്.കെ ചാന്റുകള്‍ കൊണ്ട് നിറയുകയായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്ത്യന്‍ പേസര്‍ ദീപക് ചഹര്‍ സ്റ്റേഡിയത്തിലെത്തിയതോടെയാണ് ആരാധകര്‍ രഞ്ജി ഫൈനല്‍ നടക്കുകയാണെന്ന കാര്യം പോലും മറന്ന് താരത്തിനെ വരവേറ്റത്.

ഫൈനലിനിടെ അപ്രതീക്ഷിതമായി ചിന്നസ്വാമിയിലെത്തിയ ചഹറിനെ കണ്ടതോടെ ആരാധകരൊന്നാകെ സി.എസ്.കെ സി.എസ്.കെ എന്ന് വിളിക്കുകയും ആര്‍ത്തിരമ്പുകയുമായിരുന്നു.

ഇതിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

2022 ഫെബ്രുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തിനിടെ താരത്തിന് പരിക്കേറ്റതോടെ താരത്തെ എന്‍.സി.എയിലേക്കയച്ചിരുന്നു. പരിക്ക് ഭേദമായി മടങ്ങിവരവിനൊരുങ്ങവെ വീണ്ടും പരിക്കേല്‍ക്കുകയും അതോടെ താരത്തിന് ഐ.പി.എല്‍ നഷ്ടമാവുകയുമായിരുന്നു.

പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായതിനാല്‍ അദ്ദേഹത്തെ ദക്ഷിണാഫ്രിക്ക, അയര്‍ലാന്‍ഡ് എന്നിവരുമായുള്ള പരമ്പരകളില്‍ നിന്നും ഒഴിവാക്കിയിരുന്നു.

ഇതിനിടെയാണ് താരം രഞ്ജി ഫൈനല്‍ വേദിയിലെത്തിയത്. കാലങ്ങളായി കാണാതിരുന്ന തങ്ങളുടെ പ്രിയ താരത്തെ കണ്ടതോടെ ആരാധകര്‍ ഒന്നടങ്കം സി.എസ്.കെ ചാന്റ് മുഴക്കുകയായിരുന്നു.

ചഹറിന് പകരമാണ് ഇന്ത്യ അര്‍ഷ്ദീപ് സിങ്ങിനെയും ഉമ്രാന്‍ മാലിക്കിനെയും ടീമില്‍ ഉള്‍പ്പെടുത്തിയത്. ആദ്യ പരമ്പരയില്‍ ബെഞ്ചിലിരിക്കേണ്ടി വന്നെങ്കിലും അയര്‍ലാന്‍ഡുമായുള്ള മത്സരത്തില്‍ ഇരുവര്‍ക്കും കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, രഞ്ജിയില്‍ തങ്ങളുടെ 42ാം കിരീടം മുംബൈ ലക്ഷ്യം വെക്കുമ്പോള്‍ കന്നി കിരീടത്തിലേക്കാണ് മധ്യപ്രദേശിന്റെ നോട്ടം. സര്‍ഫറാസ് ഖാന്റെ പ്രകടനമികവില്‍ മുംബൈ ഒന്നാം ഇന്നിങ്‌സില്‍ 374 റണ്‍സ് സ്വന്തമാക്കിയരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശും അതേ കരുത്ത് തന്നെയാണ് കാണിക്കുന്നത്. മുന്‍നിര ബാറ്റര്‍മാരെല്ലാം തന്നെ തകര്‍ത്തടിച്ചതോടെ മധ്യപ്രദേശ് 500+ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

Content Highlight:  Crowd chant CSK as they spot Deepak Chahar at venue during Ranji Trophy finals

We use cookies to give you the best possible experience. Learn more