| Thursday, 21st July 2022, 11:08 pm

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കേരളത്തില്‍ നിന്ന് വോട്ട് ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ക്രോസ് വോട്ടിങ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് കേരളത്തില്‍ നിന്ന് മുഴുവന്‍ വോട്ടും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഫലം വന്നപ്പോള്‍ കേരളത്തില്‍ നിന്നും ഒരു വോട്ട് കുറഞ്ഞതയാണ് റിപ്പോര്‍ട്ട്. 140 അംഗ നിയമസഭയില്‍ 139 അംഗങ്ങളുടെ പിന്തുണയാണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്.

ഇതോടെ സംസ്ഥാനത്തെ ഒരു എം.എല്‍.എ മുര്‍മുവിന് വോട്ട് ചെയ്തതയാണ് റിപ്പോര്‍ട്ട്. പതിനഞ്ചാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മു വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ ജയിക്കാന്‍ വേണ്ട മിനിമം വോട്ടുകള്‍ ദ്രൗപദി മുര്‍മു നേടിയിരുന്നു.

4025 എം. എല്‍. എമാരും 771 എം. പിമാരുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 99 ശതമാനം പേരും വോട്ടു രേഖപ്പെടുത്തിയിരുന്നു.

ചില സംസ്ഥാനങ്ങളില്‍ വോട്ടുചോര്‍ച്ച ഉണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രതിപക്ഷത്ത് ആശങ്ക നിലനിന്നിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും.

പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ മുന്‍പേ പ്രഖ്യാപിച്ചിട്ടും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ഇടഞ്ഞു നിന്ന പാര്‍ട്ടികള്‍ ഉള്‍പ്പെടെ ബി.ജെ.പിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

വിജയിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും ഇതിനെയെല്ലാം പിന്തള്ളി കൊണ്ടായിരുന്നു മുര്‍മുവിന്റെ ജയം.

Content Highlight; cross voting in kerala amid presidential elections

We use cookies to give you the best possible experience. Learn more