സംസ്ഥാനത്ത് നിലവില്‍ യു.എ.പി.എ ചുമത്തിയിട്ടുള്ള കേസുകളെല്ലാം പുനഃപരിശോധിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനം
Daily News
സംസ്ഥാനത്ത് നിലവില്‍ യു.എ.പി.എ ചുമത്തിയിട്ടുള്ള കേസുകളെല്ലാം പുനഃപരിശോധിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th December 2016, 6:41 pm

uapa


യു.എ.പി.എ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധന. നിയമവിദഗ്ധരുടെ സാന്നിധ്യത്തിലാകും യോഗം. 


തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ ചുമത്തിയിട്ടുള്ള യു.എ.പി.എ കേസുകളെല്ലാം പുനഃപരിശോധിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.

ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പുനഃപരിശോധന നടത്തുക. ഇതിനായി പൊലീസ് ആസ്ഥാനത്ത് പ്രത്യേക യോഗം ചേരും. യു.എ.പി.എ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധന. നിയമവിദഗ്ധരുടെ സാന്നിധ്യത്തിലാകും യോഗം.

നിയമവിരുദ്ധമായി യു.എ.പി.എ ചുമത്തിയെന്ന് വ്യക്തമായാല്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. യു.എ.പി.എ കേസുകളുടെ എല്ലാ വിവരങ്ങളും തിങ്കളാഴ്ചക്കകം എത്തിക്കാന്‍ റേഞ്ച് ഐ.ജിമാര്‍ക്ക് പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കോടതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പരിശോധിക്കും.

കരിനിയമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം വിവേചനരഹിതമായി പ്രയോഗിക്കപ്പെടുന്നുവെന്ന വിമര്‍ശം സജീവമായ പശ്ചാത്തലത്തിലാണ് കേസുകള്‍ പുനപ്പരിശോധിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.

നോവലില്‍ ദേശീയ ഗാനത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് എഴുത്തുകാരന്‍ കമാല്‍ സി ചവറയ്‌ക്കെതിരെ 124 എയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാടക-സിനിമാ-മാധ്യമപ്രവര്‍ത്തകനായ നദീറിനെതിരെ യു.എ.പി.എയും ചുമത്തിയത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസ് പിന്നീട് വിട്ടയച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടില്ലെന്നായിരുന്നു ഡി.ജി.പി പിന്നീട് വ്യക്തമാക്കിയത്.

ഇതിന് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രജീഷ് രജീഷ് കൊല്ലക്കണ്ടിക്കെതിരെയും യു.എ.പി.എ ചുമത്തിയിരുന്നു. ഇക്കാരണത്താല്‍ ഇദ്ദേഹത്തെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. വോട്ട് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിച്ച കേസിലെ പ്രതിയായ എം.എന്‍ രാവുണ്ണിക്ക് താമസിക്കാന്‍ ലോഡ്ജില്‍ സൗകര്യം ഒരുക്കിയെന്ന പേരിലാണ് ഇദ്ദേഹത്തിനെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നത്.

യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ബോധ്യപ്പെടുന്ന കേസുകളില്‍ കുറ്റം പിന്‍വലിക്കും. എഫ്.ഐ.ആര്‍ ചുമത്തപ്പെട്ട കേസുകളാണെങ്കില്‍ വിവരം കോടതിയെ അറിയിക്കാനുമാണ് തീരുമാനം.


നിലവിലുള്ള പല കേസുകളിലും യു.എ.പി.എ നിലനില്‍ക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷം ഒമ്പതോളം കേസുകളിലാണ് യു.എ.പി.എ ചുമത്തിയിട്ടുള്ളത്. യു.എ.പി.എ ചുമത്താന്‍ ജില്ലാ പൊലീസ് മേധാവിയുടെ അനുമതി തേടണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാല്‍ കേസുകളുടെ എണ്ണം സംബന്ധിച്ച് അവ്യക്തതയുണ്ട്.

ഇതിന് പിന്നാലെ യു.എ.പി.എ, രാജ്യദ്രോഹക്കുറ്റം പോലുള്ള വകുപ്പുകള്‍ ചുമത്തുമ്പോള്‍ ജില്ലാ പൊലീസ് മേധാവിമാരുടെ അനുമതി വേണമെന്ന് വ്യക്തമാക്കി ഡി.ജി.പി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.  ഇത്തരം പരാതികളില്‍ അറസ്റ്റുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി കത്തയച്ചിരുന്നു.


മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 65 ഓളം കേസുകള്‍ വേറെയുമുണ്ട്. ഇവയില്‍ കൂടുതലും തീവ്രവാദ ആരോപണങ്ങളില്‍ ചുമത്തപ്പെട്ടവയാണ്. തീവ്രവാദകേസുകളില്‍ യു.എ.പി.എ ചുമത്താമെന്നതാണ് സര്‍ക്കാറിന്റെയും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയുടെയും നിലപാട്.