| Tuesday, 26th February 2019, 9:53 pm

ഇന്ത്യാ-പാക് സംഘര്‍ഷങ്ങള്‍ക്കിടെയും സജീവമായി ശ്രീനഗര്‍-മുസഫറാബാദ് അതിര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണമടക്കം ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ ഇന്നുണ്ടായ സംഭവങ്ങള്‍ക്കിടെ ശ്രീനഗര്‍-മുസഫറാബാദ് അതിര്‍ത്തിയില്‍ വ്യാപാരം സുഗമമായി നടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 70 ട്രക്കുകള്‍ ഇരു കശ്മീരുകളിലേക്കും കടന്നു പോയിട്ടുണ്ട്.

തക്കാളി, എംബ്രോയിഡറി ഉത്പന്നങ്ങള്‍, മുന്തിരി എന്നിവയാണ് ഇരു രാജ്യങ്ങളും പരസ്പരം കൈമാറിയത്. 35 ട്രക്കുകള്‍ വീതമാണ് ഇന്ത്യയും പാകിസ്ഥാനും പരസ്പരം കടത്തി വിട്ടത്.

ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം അതിര്‍ത്തിയില്‍ വ്യാപാരം ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നാലു ദിവസത്തേക്കാണ് നടക്കാറുള്ളത്. ജനങ്ങള്‍ക്ക് യാത്രാനുമതിയുള്ളത് ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ്.

ഉറിയില്‍ സ്ഥിതി ചെയ്യുന്ന സമാധാനത്തിന്റെ പാലം എന്നര്‍ത്ഥം വരുന്ന “കമന്‍ അമന്‍ സേതു” വഴിയാണ് ശ്രീനഗര്‍-മുസഫറാബാദ് വാഹനങ്ങള്‍ കടന്നു പോവുന്നത്. 2005ല്‍ ഇന്ത്യന്‍ സൈന്യം പുനര്‍ നിര്‍മ്മിച്ച പാലം 2008ലാണ് കച്ചവടത്തിനായി തുറന്നു കൊടുത്തത്.

കഴിഞ്ഞയാഴ്ച 140 ട്രക്കുകള്‍ ഇന്ത്യയില്‍ നിന്നും 70 ട്രക്കുകള്‍ പാകിസ്ഥാനില്‍ നിന്നും പാലം കടന്നിട്ടുണ്ട്.

പുല്‍വാമ ആക്രമണത്തിന് ശേഷം ജമ്മുവില്‍ സംഘര്‍ഷമുണ്ടായതിന് ശേഷം രണ്ട് ദിവസത്തേക്ക് വ്യാപാരം നിര്‍ത്തി വെച്ചിരുന്നു. ഇരു രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാവുമ്പോള്‍ പലതവണ ഈ അതിര്‍ത്തിയിലെ വ്യാപാരം നിര്‍ത്തി വെച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more