| Tuesday, 14th September 2021, 11:53 am

നിസാമുദ്ദീന്‍ മര്‍ക്കസ് തുറക്കാന്‍ അനുവദിക്കാതെ കേന്ദ്രം, എത്രകാലം നിങ്ങള്‍ ഇങ്ങനെ അടച്ചിടുമെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് അടച്ചുപൂട്ടിയ ദല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസ് തുറക്കേണ്ടതില്ലെന്ന വാദം ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 31 മുതല്‍ അടച്ചിട്ടിരിക്കുന്ന മര്‍ക്കസ് വീണ്ടും തുറക്കണമെന്ന ദല്‍ഹി വഖഫ് ബോര്‍ഡിന്റെ ഹരജി പരിഗണിക്കവെയാണ് അടച്ചിടല്‍ ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചത്.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ് ഗൗരവമുള്ളതാണെന്നും രാജ്യാതിര്‍ത്തി കടന്നുള്ള പ്രത്യാഘാതങ്ങളുള്ളതുമാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം പറഞ്ഞു.

എന്നാല്‍, നിസാമുദ്ദീന്‍ മര്‍ക്കസ് ഉള്‍പ്പെടുന്ന പ്രദേശം എക്കാലവും അടച്ചിടാന്‍ കഴിയില്ലെന്ന നിലപാടിലാണ് ദല്‍ഹി ഹൈക്കോടതി. എത്രനാള്‍ മര്‍ക്കസ് പൂട്ടിയിടാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് മുക്ത ഗുപ്ത കേന്ദ്രത്തോട് ചോദിച്ചു. ഇതിങ്ങനെ തുടരാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

മര്‍ക്കസ് വീണ്ടും തുറക്കുന്നതിനുള്ള നിയമനടപടി സ്വത്തിന്റെ പാട്ടക്കാരന് മാത്രമേ ആരംഭിക്കാന്‍ കഴിയൂവെന്നാണ് കേന്ദ്രം പറയുന്നത്. സമീപവാസിയായ വ്യക്തി മര്‍ക്കസിന്റെ താമസസ്ഥലം കൈമാറണമെന്നാവശ്യപ്പെട്ട് ഇതിനകം മറ്റൊരു ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.

ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിക്ക് മുമ്പാകെ അന്തിമവിധിക്കായി ഹരജി മാറ്റിവച്ചിരിക്കുകയാണെന്നും നിയമപരമായ വീക്ഷണത്തില്‍ മാത്രമേ ഹരജി തീര്‍പ്പാക്കാനാകൂവെന്നും വഖഫ് ബോര്‍ഡിന് പാട്ടക്കാരനെ മറികടക്കാന്‍ അധികാരമില്ലെന്നും കേന്ദ്രത്തിന്റെ അഭിഭാഷകന്‍ രജത് നായര്‍ പറഞ്ഞു.

” കൊവിഡ് മഹാമാരിയുടെ സമയത്ത് ചില വ്യക്തികള്‍ സ്വത്ത് കൈവശം വെച്ചിരുന്നു, അതില്‍ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നിങ്ങള്‍ കേസിന്റെ ഭാഗമായി സ്വത്ത് കൈവശപ്പെടുത്തുന്നു. അത് കൈമാറണം. സ്വത്ത് എന്നെന്നേക്കുമായി സൂക്ഷിക്കാന്‍ (കോടതി ഉത്തരവുകള്‍ക്ക് വിധേയമായി) പറ്റില്ല. കേസിന്റെ വസ്തുതകളെക്കുറിച്ച് നിങ്ങളുടെ നിലപാട് എന്താണ് ? നിങ്ങള്‍ പറ ഇത് ആരില്‍നിന്നാണ് ഏറ്റെടുത്തതെന്ന്. കേസില്‍പ്പെട്ട വസ്തുവെന്ന നിലയില്‍ എത്രകാലം നിങ്ങളിത് സ്വന്തമാക്കി വെക്കും,” ജഡ്ജി കേന്ദ്രത്തിന്റെ അഭിഭാഷകനോട് ചോദിച്ചു.

തങ്ങള്‍ക്ക് സ്വത്തുക്കള്‍ വിട്ടുനല്‍കാന്‍ കേന്ദ്രം തയ്യാറാവണമെന്നും കേന്ദ്രത്തിന് ഇത് പിടിച്ചുവയ്ക്കാന്‍ യാതൊരു അധികാരവുമില്ലെന്നും വഖഫ് ബോര്‍ഡ് പറഞ്ഞു.

മര്‍ക്കസിന്റെ മാനേജിങ് കമ്മിറ്റി അംഗം സമര്‍പ്പിച്ച അപേക്ഷയില്‍ കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ വഖഫ് ബോര്‍ഡിന് കോടതി അനുമതി നല്‍കുകയും ചെയ്തു.

ഒന്നര വര്‍ഷത്തിലേറെയായി ഹരജി തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്നും മസ്ജിദ്, മദ്രസ പാര്‍പ്പിട സമുച്ഛയം എന്നിവ ഉള്‍പ്പെടുന്ന മുഴുവന്‍ മര്‍ക്കസ് സ്വത്തുക്കളും വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടാണ് തന്റെ ഹരജിയെന്നും വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ പറഞ്ഞു.

കേസ് അടുത്ത വാദം കേള്‍ക്കാന്‍ നവംബര്‍ 16ലേക്ക് മാറ്റിവെച്ചു. വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ചത് രമേശ് ഗുപ്തയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: “Cross-Border Implications”: Centre’s Counter To Plea On Reopening Markaz

We use cookies to give you the best possible experience. Learn more