മുംബൈ: മുംബൈയിലെ ഓടയില്‍ നിന്നും നാല് അടി നീളമുള്ള മുതലയെ പിടികൂടി. മുംബൈയുടെ കിഴക്കന്‍ മേഖലയായ മുളണ്ടിനടുത്ത യോഗിഹില്‍സില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ സമീപമുള്ള ഓടയില്‍ നിന്നുമാണ് മുതലയെ പിടികൂടിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പരിസരവാസികളാണ് ആദ്യം മുതലയെ കാണുന്നത്. അവര്‍ മൃഗസംരക്ഷണ സംഘടനയായ റെസ്‌ക്യുഗ് അസോസിയേഷന്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് വെല്‍ഫെയറിനെ(ആര്‍.എ.ഡബ്ല്യു.ഡബ്ല്യു.) വിവരം അറിയിക്കുകയായിരുന്നു എന്ന് ആര്‍.എ.ഡബ്ല്യു.ഡബ്ല്യു. മേധാവി പവന്‍ ശര്‍മ പറഞ്ഞു. മുതലയെ കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് വനപാലകരാണ് ഏഴ് മണിക്കൂര്‍ നീണ്ട് പരിശ്രമത്തിനൊടുവില്‍ മുതലയെ പിടികൂടുന്നത്.
മുംബൈയിലെ ഗാന്ധി നാഷണല്‍ പാര്‍ക്കിലെ തുള്‍സി, വിഹാര്‍ എന്നീ തടാകങ്ങളിലും പൊവായ് തടാകത്തിലും മുതലകള്‍ ഉണ്ട്. മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ ഇവ നീന്തി മറ്റു പ്രദേശങ്ങളിലേക്കെത്താറുമുണ്ട്. അതുകൊണ്ടുതന്നെ മുംബൈയില്‍ ഇതാദ്യമായല്ല മുതലകളെ കാണുന്നത്. കഴിഞ്ഞ മഴക്കാലത്തായി ഇത്തരത്തില്‍ പുറത്തെത്തിയതാവാം ഈ മുതലയെന്നാണ് ആര്‍.എ.ഡബ്ല്യു.ഡബ്ല്യു. നിരീക്ഷിക്കുന്നത്.
അഞ്ചോ ആറോ പ്രായം വരുന്ന ആണ്‍ മുതലയാണതെന്ന് വെറ്റിനേറിയന്‍ ഡോ. റിന ദേവ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുതലയ്ക്ക് 4.4 അടി നീളവും 8.8 കിലോഗ്രാം ഭാരവുമുണ്ട്. ആര്‍.എ.ഡബ്ല്യു.ഡബ്ല്യു. അംഗങ്ങളും വനപാലകരും ചേര്‍ന്ന് തിങ്കളാഴ്ച്ച മുതലയെ സുരക്ഷിതമായിടത്ത് എത്തിച്ചിട്ടുണ്ട്.