| Thursday, 5th September 2024, 12:10 pm

50 വയസായാലും അവർ ഫുട്ബോളിൽ പലതും നേടും: പ്രസ്താവനയുമായി ക്രൊയേഷ്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2024 യുവേഫ നേഷന്‍സ് ലീഗില്‍ നാളെ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ പോര്‍ച്ചുഗലും ക്രൊയേഷ്യയുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. ഈ ആവേശകരമായ മത്സരത്തിന് മുന്നോടിയായി പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ചും ക്രോയേഷ്യന്‍ സൂപ്പര്‍താരം ലൂക്ക മോഡ്രിച്ചിനെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് ക്രോയേഷ്യന്‍ ഡിഫന്‍ഡറായ സോസ. ദി നസര്‍ സോണിലൂടെ സംസാരിക്കുകയായിരുന്നു സോസ.

‘റൊണാള്‍ഡോ ഒരു കഥയാണ്. ഫുട്‌ബോളില്‍ അദ്ദേഹം വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. അത്തരമൊരു താരത്തെക്കുറിച്ച് മോശമായി പറയുക എന്നത് പ്രയാസകരമാണ്. ഞങ്ങള്‍ക്ക് ലൂക്കയുണ്ട്. അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്. ഒരിക്കലും വില കുറച്ചു കാണാന്‍ കഴിയാത്ത പരിചയസമ്പന്നരാണ് അവര്‍. അവര്‍ക്ക് 50 വയസ് പ്രായമായാലും പല നേട്ടങ്ങളും സ്വന്തമാക്കാന്‍ സാധിക്കും,’ ക്രൊയേഷ്യന്‍ താരം പറഞ്ഞു.

റൊണാള്‍ഡോയും മോഡ്രിച്ചും 2012 മുതല്‍ 2018 വരെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ ഒരുമിച്ച് പപന്തുതട്ടിയിട്ടുണ്ട്. ലോസ് ബ്ലാങ്കോസിനൊപ്പം ഒരുപാട് കിരീടങ്ങള്‍ സ്വന്തമാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഒരു ലാ ലിഗ, കോപ്പ ഡെല്‍റേ, രണ്ട് വീതം സൂപ്പര്‍ കോപ്പ ഡി എസ്പാന, യുവേഫ സൂപ്പര്‍ കപ്പ്, മൂന്ന് ഫിഫ ക്ലബ്ബ് ലോകകപ്പ്, നാല് ചാമ്പ്യന്‍സ് ലീഗ് എന്നീ കിരീടങ്ങളാണ് റയലിനൊപ്പം റൊണാള്‍ഡോയും മോഡ്രിച്ചും നേടിയത്.

ക്രൊയേഷ്യന്‍ ടീമില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ താരമാണ് മോഡ്രിച്ച്. 2018 ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് മോഡ്രിച്ച് വഹിച്ചത്. ഈ ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ 2018ലെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവര്‍ മികച്ച പ്രകടനം നടത്തിയ കാലഘട്ടത്തില്‍ തന്നെ മോഡ്രിച്ച് ഈ അവാര്‍ഡ് നേടിയെടുത്തത് ഏറെ ശ്രദ്ധേയമാണ്.

മറുഭാഗത്ത് റൊണാള്‍ഡോ നിലവില്‍ ഒരു ചരിത്രനേട്ടത്തിനരികെയാണ് ഉള്ളത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ 900 ഗോളുകളെന്ന പുതിയ നാഴികക്കല്ലിലേക്കും റൊണാള്‍ഡോക്ക് കാലെടുത്തുവെക്കാം.

ഇതിനോടകം തന്നെ പോര്‍ച്ചുഗല്‍ ദേശീയ ടീമിനും ക്ലബ്ബ് തലത്തില്‍ വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കുമായി 899 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. ക്രോയേഷ്യക്കെതിരെ ഒരു ഗോള്‍ കൂടി നേടിയാല്‍ 900 ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടത്തിലേക്ക് പോര്‍ച്ചുഗീസ് ഇതിഹാസം കാലെടുത്തുവെക്കും.

Content Highlight: Croatian Player Talks About Cristaino Ronaldo and Luka Modric

We use cookies to give you the best possible experience. Learn more