വെള്ളിയാഴ്ച നടന്ന ബ്രസീൽ-ക്രൊയേഷ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഷൂട്ടൗട്ട് വരെ നീണ്ടപോരാട്ടത്തിനൊടുവിൽ ബ്രസീലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഇതോടെ ആറാം കിരീടം പ്രതീക്ഷിച്ചെത്തിയ കാനറിപടക്ക് ലോകകപ്പിൽ നിന്നും കണ്ണീരോടെ മടങ്ങേണ്ടി വന്നു.
ലോകകപ്പിലെ തന്നെ മികച്ച സ്‌ക്വാഡ് ഡെപ്ത്തുള്ള ടീം എന്ന വിശേഷണത്തോടെയാണ് ബ്രസീൽ ലോകകപ്പിലെത്തുന്നത്. കളിച്ച മത്സരങ്ങളിലെല്ലാം സാംബാ നൃത്തചുവടുകളെ അനുസ്മരിപ്പിക്കുന്ന ബ്രസീലിന്റെ മുൻ കാല കളി ശൈലി പുറത്തെടുക്കാൻ അവർക്കായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നെങ്കിലും ക്വാർട്ടർ ഫൈനൽ സ്റ്റേജിൽ തന്നെ കാനറിപ്പട പുറത്തുപോകുമെന്ന് ആരാധകർ ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല.
മത്സരത്തിലേറ്റ പരാജയത്തിന് ശേഷം വിതുമ്പിക്കൊണ്ട് എല്ലാം നഷ്ടപ്പെട്ടവരെ പോലെയാണ് ബ്രസീൽ ടീമംഗങ്ങൾ മൈതാനം വിട്ടത്.
മത്സരശേഷം ബ്രസീലിന്റെ സൂപ്പർ താരമായിരുന്ന നെയ്മർ പൊട്ടിക്കരയുകയായിരുന്നു. ദേശീയ ടീമിനായുള്ള ഗോൾ നേട്ടത്തിൽ പെലെയ്ക്കൊപ്പം എത്താൻ ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിലൂടെ സാധിച്ചെങ്കിലും അതൊന്നും ആസ്വദിക്കാൻ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല മത്സരശേഷം നെയ്മറും സംഘവും.
എന്നാൽ കളി അവസാനിച്ച ശേഷം മൈതാനത്തേക്കിറങ്ങി വന്ന ക്രൊയേഷ്യൻ ഫുട്ബോൾ താരം ഇവാൻ പെരിസിച്ചിന്റെ മകനായ ലിയോ പെരിസിച്ചാണ് നെയ്മറെ ആശ്വസിപ്പിച്ചത്.
സുരക്ഷാ ജീവനക്കാരുടെ നിർദേശത്തെ തുടർന്ന് മൈതാനത്തിൽ അൽപനേരം കാത്തിരുന്ന ലിയോ പിന്നീട് നെയ്മറുടെ അടുക്കലെത്തുകയും അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയുമായിരുന്നു.
കളിയിൽ ബ്രസീൽ പരാജയപ്പെട്ടെങ്കിലും നെയ്മറുടെയും കുഞ്ഞു ലിയോയുടെയും ഫോട്ടോയും വീഡിയോയും പങ്കുവയ്ക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ.
അതേസമയം ഷൂട്ടൗട്ടിൽ ക്രൊയേഷ്യൻ ഗോൾ കീപ്പർ ഡോമിനിക്ക് ലിവക്കോവിച്ച് റോഡ്രിഗോയുടെ കിക്ക് തടയുകയും, മാർക്കിനോസിന്റെ കിക്ക് ഗോൾ പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തതോടെയാണ് ബ്രസീൽ പരാജയപ്പെട്ടത്.
Content Highlights:Croatian child fan comforts Neymar who was devastated lost in the game