| Monday, 9th July 2018, 7:57 am

മത്സരശേഷം ഉക്രൈന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ ക്രൊയേഷ്യന്‍ താരം വിവാദത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

സോചി: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയെ പരാജയപ്പെടുത്തിയ ശേഷം ഉക്രൈന്‍ അനുകൂല മുദ്രാവാക്യം വിളിച്ച ക്രൊയേഷ്യന്‍ പ്രതിരോധ താരം വിദ വിവാദത്തില്‍.

മത്സരശേഷം വിദയും സുഹൃത്തും ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ടീം സ്‌കൗട്ടുമായ ഒഗ്‌നന്‍ വുകോജെവിച്ചും ചേര്‍ന്നാണ് ഉക്രൈന്‍ അനുകൂല മുദ്രാവാക്യം സമൂഹമാധ്യമത്തില്‍ പുറത്ത് വിട്ട് വീഡിയോയിലൂടെ മുഴക്കിയത്.

വീഡിയോയില്‍ തുര്‍ക്കിഷ് ക്ലബ് ബെസിക്റ്റാസിന്റെ താരം വിദ “ഗ്ലോറി ഫോര്‍ ഉക്രൈന്‍” എന്ന മുദ്രാവാക്യമാണ് മുഴക്കിയത്. ഉക്രൈനിലെ റഷ്യന്‍ വിരുദ്ധരുടെ മുദ്രാവാക്യമാണിത്. വിദ മുമ്പ് ഉക്രൈന്‍ ക്ലബായ ഡൈനാമോ കീവിന്റെ താരമായിരുന്നു. മുന്‍ യു.എസ്.എസ്.ആറിനെ ഭാഗമായ ഉക്രൈനും റഷ്യയും തമ്മില്‍ കാലങ്ങളായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.



നേരത്തെ റഷ്യക്കെതിരായ മത്സരത്തില്‍ വിദ ക്രൊയേഷ്യക്ക് വേണ്ടി നിര്‍ണ്ണായക ഗോള്‍ നേടിയിരുന്നു. തുടര്‍ന്ന് ജേഴ്‌സി ഊരി ആഘോഷിച്ചതിന് താരത്തിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നീട് ഷൂട്ടൗട്ടിലും വിദ ഗോള്‍ നേടി. വിദക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചാല്‍ അത് ക്രൊയെഷ്യന്‍ പ്രതിരോധനിരയെ കാര്യമായി ബാധിക്കും.

സംഭവത്തില്‍ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഫിഫയുടെ നിയമപ്രകാരം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുന്നവര്‍ക്ക് സസ്‌പെന്‍ഷനും പിഴയുമുണ്ട്. എന്നാല്‍ വിദയെ താക്കീത് ചെയ്ത് ഒഴിവാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more