| Thursday, 12th July 2018, 3:21 pm

ഞങ്ങള്‍ ക്ഷീണിച്ചു പോവുമെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി: ലൂക്കാ മോഡ്രിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിലെ കളി വിലയിരുത്തലുകാര്‍ ക്രൊയേഷ്യയെ അപമാനിച്ചെന്ന് നായകന്‍ ലൂക്കാ മോഡ്രിച്ച്. കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വരെയെത്തിയതിനാല്‍ തങ്ങള്‍ തളര്‍ന്നിരിക്കുകയാണെന്ന വിമര്‍ശനങ്ങള്‍ കളിക്കാര്‍ മത്സരം ജയിക്കാനുള്ള പ്രചോദനമായി കണ്ടെന്നും മോഡ്രിച്ച പറഞ്ഞു.

“ഞങ്ങള്‍ ക്ഷീണിച്ചു പോയിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. മാനസികമായും കായികക്ഷമതയിലുമെല്ലാം മേധാവിത്വം ഞങ്ങള്‍ക്കായിരുന്നു. ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകരും ഫുട്‌ബോള്‍ പണ്ഡിറ്റുകളുമെല്ലാം ക്രൊയേഷ്യയെ വിലകുറച്ചു കണ്ടു. പക്ഷെ അവര്‍ക്ക് തെറ്റി. എതിരാളികളെ ബഹുമാനിക്കാന്‍ അവര്‍ പഠിക്കേണ്ടതുണ്ട്. ” മോഡ്രിച്ച് പറഞ്ഞു.

അവരുടെ വാക്കുകള്‍ ഞങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ ആരാണ് തളരാന്‍ പോകുന്നതെന്ന് തങ്ങള്‍ പരസ്പരം പറഞ്ഞെന്നും മോഡ്രിച്ച് പറഞ്ഞു. ക്രൊയേഷ്യയുടെ കായിക ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണെന്നും അതുകൊണ്ട് അഭിമാനമുണ്ടെന്നും നായകന്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. ഫിഫ റാങ്കിങ്ങില്‍ 20ാം സ്ഥാനക്കാരാണ് ക്രൊയേഷ്യ. 1998ലെ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് ക്രൊയേഷ്യയുടെ നേരത്തെയുള്ള ഏറ്റവും വലിയ നേട്ടം.

We use cookies to give you the best possible experience. Learn more