| Sunday, 9th June 2024, 10:26 am

മോഡ്രിച്ചിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍; യൂറോകപ്പിന് മുമ്പേ പറങ്കിപടയെ ഞെട്ടിച്ച് ക്രൊയേഷ്യ

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ക്രൊയേഷ്യയ്ക്ക് തകര്‍പ്പന്‍ വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പോര്‍ച്ചുഗലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്.

സെന്‍ട്രോ ഡെസ്‌പോര്‍ട്ടിവോ നാഷണല്‍ ഡോര്‍ ജാമൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ആയിരുന്നു പോര്‍ച്ചുഗല്‍ അണിനിരന്നത്. ഇതോടെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മറ്റൊരു അവിസ്മരണീയമായ നിമിഷം കൂടിയാണ് നഷ്ടപ്പെട്ടത്.

പഴയ റയല്‍ മാഡ്രിഡില്‍ ഒരുമിച്ച് കളിച്ച ലൂക്ക മോഡ്രിച്ചും റൊണാള്‍ഡോയും തമ്മില്‍ വീണ്ടും മുഖാമുഖം എത്തുന്ന നിമിഷങ്ങളാണ് മത്സരത്തില്‍ നഷ്ടമായത്. എന്നാല്‍ മത്സരത്തിനു ശേഷം ഇരുവരും തമ്മിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്.

അതേസമയം മത്സരം തുടങ്ങി എട്ടാം മിനിട്ടില്‍ തന്നെ ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് മോഡ്രിച്ചാണ് ക്രൊയേഷ്യയുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതി പിന്നിടുമ്പോള്‍ ക്രൊയേഷ്യ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുകയായിരുന്നു.

രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഡീഗോ ജോട്ടയിലൂടെ മറുപടി ഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ 56ാം മിനിട്ടില്‍ അന്റെ ബുദിമിറിലൂടെ ക്രൊയേഷ്യ രണ്ടാം ഗോളും മത്സരത്തിലെ വിജയവും സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിന്റെ 55 ശതമാനം ബോള്‍ പൊസഷനും പറങ്കിപ്പടയുടെ അടുത്തായിരുന്നു. 15 ഷോട്ടുകളാണ് പോര്‍ച്ചുഗല്‍ ക്രൊയേഷ്യയുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത് ഇതില്‍ നാലെണ്ണം ആണ് ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിച്ചത്. മറുഭാഗത്ത് ക്രൊയേഷ്യ 16 ഷോട്ടുകള്‍ ടീമിന്റെ പോസ്റ്റിലേക്ക് ഉന്നം വെച്ചപ്പോള്‍ ഏഴെണ്ണവും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു.

ജൂണ്‍ 12നാണ് പോര്‍ച്ചുഗലിന്റെ അടുത്ത സൗഹൃദ മത്സരം നടക്കുന്നത് അയര്‍ലാന്‍ഡിനെതിരെയാണ് പറങ്കിപ്പട യൂറോ കപ്പിന് മുന്നോടിയായി അവസാനമായി സന്നാഹ മത്സരത്തില്‍ ഏറ്റുമുട്ടുക. അതേസമയം ക്രൊയേഷ്യയ്ക്ക് ഇനി യൂറോ കപ്പിലാണ് മത്സരം ഉള്ളത്. ജൂണ്‍ 15ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കരുത്തരായ സ്‌പെയിനാണ് മോഡ്രിച്ചിന്റെയും സംഘത്തിന്റെയും എതിരാളികള്‍.

Content Highlight: Croatia beat Portugal in Friendly Match

We use cookies to give you the best possible experience. Learn more