ലാറ്റിനമേരിക്കന്‍ ശക്തിയായ ബ്രസീലിനെ ക്വാര്‍ട്ടറില്‍ തകര്‍ത്ത് ലുക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പിന്റ സെമിയില്‍ കടന്നിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയുടെ തൂടര്‍ച്ചയായ രണ്ടാം സെമി ഫൈനല്‍ പ്രവേശനമാണിത്.
ക്വാര്‍ട്ടറില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ബ്രസീലിനെ ക്രൊയേഷ്യ തകര്‍ത്തത്. ഇതോടെ ലോകകപ്പില്‍ ഷൂട്ടൗട്ടില്‍ പരാജയപ്പെടാത്ത ടീമെന്ന തങ്ങളുടെ റെക്കോഡ് ഒന്നുകൂടെ ഊട്ടിയുറപ്പിക്കുകയാണ് ക്രൊയേഷ്യ.
നാല് തവണയാണ് ക്രൊയേഷ്യ ലോകകപ്പിലെ നോക്കൗട്ട് സ്‌റ്റേജില്‍ പെനാല്‍ട്ടിയില്‍ രക്ഷപ്പെടുന്നത്. ഫൈനലിസ്റ്റുകളായ 2018ലെ ലോകകപ്പിലും ഖത്തര്‍ ലോകകപ്പിലുമാണ്‍ ഈ നാല് ഷൂട്ടൗട്ടുകളും നടന്നത്.
മത്സരത്തിന്റെ 90 മിനിട്ടും ഇന്‍ജുറി ടൈമിലും ഇരു ടീമും ഗോളടിക്കാതെ സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നത്.
തുടര്‍ന്ന് എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ നെയ്മറാണ് ബ്രസീലിനെ മുമ്പിലെത്തിച്ചത്. എന്നാല്‍ 116ാം മിനിട്ടില്‍ ബ്രൂണോ പെറ്റ്കോവിച്ചിലൂടെ ക്രൊയേഷ്യ ഗോള്‍ മടക്കി. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് പോയത്.