സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മോദി; ഗുരുവായൂരില്‍ 48 വിവാഹങ്ങള്‍ മാറ്റിവയ്ക്കാന്‍ നടപടി; വിവാദം
Kerala News
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മോദി; ഗുരുവായൂരില്‍ 48 വിവാഹങ്ങള്‍ മാറ്റിവയ്ക്കാന്‍ നടപടി; വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th January 2024, 6:40 pm

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ ഗുരുവായൂരില്‍ അന്നേ ദിവസം നടക്കാനിരിക്കുന്ന വിവാഹങ്ങള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശം. നിലവില്‍ നിശ്ചയിച്ചിരിക്കുന്ന 48 വിവാഹങ്ങളാണ് മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ബി.ജെ.പി നേതാവായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് നരേന്ദ്ര മോദി 17ന് ഗുരുവായൂരിലെത്തുന്നത്.

17ന് രാവിലെ 8.45നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നിശ്ചയിട്ടുള്ളത്. എന്നാല്‍ ഈ ദിവസത്തില്‍ മറ്റു 64 വിവാഹങ്ങള്‍ ഗുരുവായൂരില്‍ നടക്കേണ്ടതുണ്ട്. അതില്‍ 12 വിവാഹങ്ങള്‍ രാവിലെ എട്ട് മണിക്കും 9.15നും ഇടയിലാണ്. ഈ വിവാഹ സമയങ്ങളിലാണ് നിലവില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. ഓരോ വിവാഹത്തിലും 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ.


ഇതിനുപുറമെ അന്നേ ദിവസം ഗുരുവായൂരില്‍ തുലാഭാരവും കുട്ടികളുടെ ചോറൂണും നടക്കില്ലെന്ന് പ്രധാനമന്ത്രിക്ക് സുരക്ഷ നല്‍കുന്ന എസ്.പി.ജി നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ പ്രധാനമന്ത്രി വരുന്ന സമയം മുതല്‍ മടങ്ങുന്ന സമയം വരെ നാല് മണിക്കൂറോളം മറ്റുള്ളവര്‍ക്ക് ക്ഷേത്രത്തിലേക്കും പരിസരത്തേക്കും ഉള്ള പ്രവേശനം നിഷേധിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി പാസ് നേടിയ ആളുകള്‍ക്ക് മാത്രമേ ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂവെന്നും എസ്.പി.ജി അറിയിച്ചിട്ടുണ്ട്.

എന്നാല്‍ നിശ്ചിയച്ച വിവാഹങ്ങള്‍ മാറ്റിവയ്ക്കണമെന്ന നിര്‍ദേശത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതിനായി വെള്ളിയാഴ്ച രാവിലെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു.

Content Highlight: critisism against Action to postpone 48 weddings in Guruvayur on Suresh Gopi’s daughter’s wedding day