ന്യൂദല്‍ഹി: 1988ലേ ഡിജിറ്റല്‍ ക്യാമറയും ഇമെയിലും ഉപയോഗിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തിനും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം. ‘ഇന്‍ക്രെഡിബിള്‍ ലയര്‍’ എന്നു വിളിച്ചാണ് സോഷ്യല്‍ മീഡിയ മോദിയെ ട്രോളുന്നത്.
ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച ആദ്യ വ്യക്തി താനാണെന്ന മോദിയുടെ അവകാശവാദത്തെയാണ് സോഷ്യല്‍ മീഡിയ ട്രോളുന്നത്. 1987-88 കാലഘട്ടത്തോടെ തന്നെ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്നാണ് മോദിയുടെ അവകാശവാദം. ന്യൂസ് നാഷണ്‍സിനു നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ പരാമര്‍ശം.
അഹമ്മദാബാദിനു സമീപമുള്ള വിരംഗം ടെഹ്‌സിലില്‍വെച്ച് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ ഫോട്ടോ ഈ ക്യാമറ ഉപയോഗിച്ച് താന്‍ പകര്‍ത്തിയെന്നും മോദി അവകാശപ്പെട്ടിരുന്നു. ഇത് ഇമെയില്‍ വഴി ദല്‍ഹിയിലേക്ക് അയച്ചു. ‘അക്കാലത്ത് വളരെക്കുറച്ചുപേര്‍ മാത്രമാണ് ഇമെയില്‍ ഉപയോഗിച്ചിരുന്നത്.’ എന്നു പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ അവകാശവാദം. ‘ പിറ്റേന്ന് ദല്‍ഹിയില്‍ തന്റെ കളര്‍ഫോട്ടോ പ്രിന്റു ചെയ്തുകണ്ട അദ്വാനി അത്ഭുതപ്പെട്ടെന്നും മോദി പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പല പ്രമുഖരും മോദിയെ പരിഹസിക്കുന്നുണ്ട്. 1995ല്‍ നമുക്ക് ഇമെയില്‍ ഔദ്യോഗികമായി പരിചയപ്പെടുത്തുന്നതിനു മുമ്പുതന്നെ മോദി എങ്ങനെയൊക്കെയോ ഇമെയില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നു പറഞ്ഞാണ് ഇക്‌ണോമിസ്റ്റ് രൂപ സുബ്രഹ്മണ്യ മോദിയെ ടോളുന്നത്.