| Monday, 13th May 2019, 12:08 pm

ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച ആദ്യ വ്യക്തി ഞാനായിരിക്കുമെന്ന് മോദി; ഇമെയില്‍ ഉപയോഗിച്ചതുകണ്ട് അദ്വാനി ഞെട്ടി; അഭിമുഖത്തിലെ മറ്റ് അവകാശവാദങ്ങളും പരിഹാസ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച ആദ്യ വ്യക്തി താനാണെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 1987-88 കാലഘട്ടത്തോടെ തന്നെ താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്നാണ് മോദിയുടെ അവകാശവാദം. ന്യൂസ് നാഷണ്‍സിനു നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ പരാമര്‍ശം.

അഹമ്മദാബാദിനു സമീപമുള്ള വിരംഗം ടെഹ്‌സിലില്‍വെച്ച് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ ഫോട്ടോ ഈ ക്യാമറ ഉപയോഗിച്ച് താന്‍ പകര്‍ത്തിയെന്നും മോദി അവകാശപ്പെട്ടു. ഇത് ഇമെയില്‍ വഴി ദല്‍ഹിയിലേക്ക് അയച്ചു. ‘അക്കാലത്ത് വളരെക്കുറച്ചുപേര്‍ മാത്രമാണ് ഇമെയില്‍ ഉപയോഗിച്ചിരുന്നത്.’ എന്നു പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ അവകാശവാദം. ‘ പിറ്റേന്ന് ദല്‍ഹിയില്‍ തന്റെ കളര്‍ഫോട്ടോ പ്രിന്റു ചെയ്തുകണ്ട അദ്വാനി അത്ഭുതപ്പെട്ടെന്നും മോദി പറഞ്ഞു.

1987ലാണ് നിക്കോണിന്റെ ആദ്യ ഡിജിറ്റല്‍ ക്യാമറ വിപണിയിലെത്തിയത് എന്നിരിക്കെയാണ് മോദി ഇത്തരമൊരു അവകാശവാദം നടത്തിയിരിക്കുന്നത്. അത്തരം ക്യാമറകള്‍ക്ക് അന്ന് വന്‍ വിലയും നല്‍കേണ്ടിവന്നിരുന്നു. ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ന്നുവന്നയാളാണ് താനെന്ന് ഇടയ്ക്കിടെ പറയുന്ന മോദിയ്ക്ക് എങ്ങനെയാണ് ഇത് വാങ്ങാന്‍ കഴിഞ്ഞതെന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്.

പൊതുമേഖലാ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ വി.എസ്.എന്‍.എല്‍ 1995വാണ് ഇന്ത്യയില്‍ പൊതു ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചത്. 1980കളില്‍ ഇമെയിലുകളും ഇന്റര്‍നെറ്റുകളും ഗവേഷണ, അക്കാദമിക് രംഗത്തുള്ളവര്‍ക്കു മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നായി നിയന്ത്രിക്കപ്പെട്ടവയായിരുന്നു.

ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഈ അഭിമുഖത്തില്‍ മോദി നടത്തിയ അവകാശവാദങ്ങളുടെ പേരില്‍ അദ്ദേഹത്തിന് വലിയ പരിഹാസങ്ങളാണ് നേരിടേണ്ടി വന്നത്.

‘നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യം അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. വ്യോമാക്രമണം നടത്താമെന്ന് തീരുമാനിച്ച ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ ഒരു കാര്യം റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമുക്ക് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നത്. ‘- എന്നായിരുന്നു മോദി പറഞ്ഞത്.

മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിപ്ലവകരമായ ശാസ്ത്ര സിദ്ധാന്തം എന്ന രീതിയില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ബി.ജെ.പി ഗുജറാത്ത് ട്വിറ്റര്‍ അക്കൗണ്ടിലും പ്രസ്താവന അതേപടി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. തൊട്ടുപിറകെ തന്നെ വ്യാപകമായി പരിഹാസവും വിമര്‍ശനവും ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രസ്തുത ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.

ആധുനിക റഡാര്‍ ഡിറ്റക്ഷന്‍ സംവിധാനത്തില്‍ കാലാവസ്ഥാ മാറ്റത്തിന് പ്രസക്തിയില്ലെന്നും മോദിയുടെ ഇത്തരമൊരു നിര്‍ദേശം തികച്ചും തെറ്റായിരുന്നെന്നും ഇന്ത്യന്‍ മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ഖാലിദ് എഹ്സാനും പ്രതികരിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് അഭിമുഖത്തിലെ മോദിയുടെ മറ്റ് അവകാശവാദങ്ങളും ചര്‍ച്ചയാവുന്നത്.

We use cookies to give you the best possible experience. Learn more