റിയാദ്: സൗദി അറേബ്യ പ്രഖ്യാപിച്ച പുതിയ കാലാവസ്ഥാ നയത്തിനെതിരെ വ്യാപകമായി പ്രതിഷേധമുയരുന്നു. ഇത് കണ്ണില്‍ പൊടിയിടാനുള്ള സൗദിയുടെ തന്ത്രം മാത്രമാണെന്നും സാമ്പത്തിക രംഗം ശക്തിപ്പെടുത്താന്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഖനനം ചെയ്യുന്നത് സൗദി തുടരുന്നത് അവരുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നുമാണ് വിമര്‍ശനം.
കാര്‍ബണ്‍ മലിനീകരണത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവന്ന കടുത്ത സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്നായിരുന്നു 2060ഓടു കൂടി കാര്‍ബണ്‍ മലിനീകരണത്തിന്റെ കാര്യത്തില്‍ രാജ്യം ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നും കാര്‍ബണ്‍ പുറത്തുവിടുന്നതിന്റെ അളവ് പൂജ്യത്തിലെത്തിക്കുമെന്നുമുള്ള പുതിയ നയമാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്.
വരും വര്‍ഷങ്ങളില്‍ മിഡില്‍ ഈസ്റ്റില്‍ 50 ബില്യണ്‍ മരങ്ങള്‍ നടുമെന്നും നയത്തില്‍ പറഞ്ഞിരുന്നു.
സൗദിയിലെ റിയാദില്‍ വെച്ച് നടന്ന മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവ് ഫോറത്തില്‍ വെച്ചായിരുന്നു ആഗോളതാപനത്തെ ചെറുക്കാനുള്ള നടപടികളുടെ ഭാഗമായ പുതിയ നയത്തിന്റെ പ്രഖ്യാപനം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനായിരുന്നു പ്രഖ്യാപനം നടത്തിയത്.
കാലാവസ്ഥാ സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ക്ക് 2030ല്‍ 187 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്നും സൗദി അറിയിച്ചിരുന്നു. ഐക്യരാഷ്ട്രസംഘടനയ്ക്ക് സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ടിലായിരുന്നു സൗദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ എണ്ണയും ഗ്യാസും ഖനനം ചെയ്യുന്നതും കയറ്റിയയ്ക്കുന്നതും തുടരുമെന്നും അറബ് രാജ്യം വ്യക്തമാക്കിയിരുന്നു.
സൗദിയുടെ ദേശീയ എണ്ണകമ്പനിയും, ലോകത്തിലെ എണ്ണ നിര്‍മാതാക്കളുമായ ആരാംകോ 2027ഓടു കൂടി അവരുടെ ദൈനംദിന ക്രൂഡ് ഓയില്‍ ഉത്പാദനം 12 മില്യണ്‍ ബാരലില്‍ നിന്നും 13 മില്യണ്‍ ആക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ കാലാവസ്ഥാ നയവും പ്രഖ്യാപിച്ചത്. ഈ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാണ് വലിയൊരു വിഭാഗം ശാസ്ത്രജ്ഞരും ഊര്‍ജ വിദഗ്ധരും ആക്ടിവിസ്റ്റുകളും നയത്തെ തള്ളിപ്പറയുന്നത്.