| Saturday, 4th June 2022, 11:55 pm

ലോ കോളേജ് കാണാത്ത വക്കീലും മണ്ടനായ ജഡ്ജിയും; ജന ഗണ മനയിലെ കോടതി രംഗങ്ങള്‍ക്കെതിരെ വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിന് പുറത്തേക്കും ചര്‍ച്ചയിലേക്ക് വന്ന ജന ഗണ മന ജൂണ്‍ ഒന്നിന് ഒ.ടി.ടി റിലീസ് ചെയ്തിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സില്‍ ജൂണ്‍ ഒന്നിന് അര്‍ധ രാത്രി മുതലാണ് ജന ഗണ മന റിലീസ് ചെയ്തത്. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല പ്രശ്‌നങ്ങളും മുമ്പോട്ട് കൊണ്ടുവന്ന ജന ഗണ മന ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചകളിലേക്കുയരുകയാണ്.

ചിത്രത്തെ പ്രശംസിച്ച് പ്രമുഖര്‍ തന്നെ രംഗത്തെത്തുന്നുണ്ടെങ്കിലും ചില കോണുകളില്‍ നിന്നും വിമര്‍ശനവും ഉയരുന്നുണ്ട്. ചിത്രത്തിലെ കോടതി രംഗങ്ങളിലെ യുക്തിയില്ലായ്മയാണ് പ്രധാനമായും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഷമ്മി തിലകന്‍ അവതരിപ്പിച്ച പബ്ലിക്ക് പ്രോസിക്യൂട്ടറായ രഘുറാം അയ്യര്‍ക്കും രാജാ കൃഷ്ണമൂര്‍ത്തി അവതരിപ്പിച്ച ജഡ്ജിയായ അലോക് വര്‍മക്കുമെതിരെയാണ് വിമര്‍ശനമുയരുന്നത്.

വ്യാജ ഏറ്റുമുട്ടലിനെ പറ്റിയുള്ള വാദം നടക്കുന്ന കോടതി മുറിയില്‍ പ്രതികള്‍ അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിന് വെടിവെക്കേണ്ടി വന്നു എന്ന് വാദിക്കേണ്ട പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പ്രതികള്‍ മരിക്കേണ്ടവരാണെന്ന് പറയുകയും മാതാപിതാക്കളുടെയും പൊതുസമൂഹത്തിന്റേയും വികാരം ഉയര്‍ത്തി പിടിച്ച് വികാരാദീനനാവുകയാണെന്നും വിമര്‍ശകര്‍ പറയുന്നു.

നായകന് മാസ് പറയാന്‍ വേണ്ടി മാത്രം മണ്ടത്തരം പറയുന്ന ജഡ്ജിയാണ് കോടതി മുറിയുടെ മറ്റൊരു ഹൈലൈറ്റ് എന്നും സോഷ്യല്‍ മീഡിയ പറയുന്നു. തെളിവുകള്‍ക്ക് പ്രധാന്യം നല്‍കാതെ നായകന്റെയും പബ്ലിക്ക് പ്രോസിക്യൂട്ടറുടെയും പ്രസംഗത്തിന് പ്രാധാന്യം കൊടുക്കുന്ന ജഡ്ജി ഏത് കോടതിയിലാണ് ഉള്ളതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അതേസമയം ഒ.ടി.ടി റിലീസിന് പിന്നാലെ ഏറ്റവുമധികം കയ്യടികള്‍ ഉയരുന്നതും കോടതി മുറിയിലെ രംഗങ്ങള്‍ക്കാണ്. പൃഥ്വിരാജ് അവതരിപ്പിച്ച അരവിന്ദ് സ്വാമിനാഥന്റെ മാസ് ഡയലോഗുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കോടതി രംഗങ്ങളുടെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാധ്യമ പ്രവര്‍ത്തക റാണാ അയൂബ് ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരാണ് ചിത്രത്തിലെ വീഡിയോ ക്ലിപ്പുകള്‍ പങ്കു വെച്ചത്.

ഒ.ടി.ടി റിലീസിന് ശേഷം നെറ്റ്ഫ്‌ളിക്‌സിലും ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജന ഗണ മന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പങ്കുവെച്ചു.

ക്വീന്‍ എന്ന ചിത്രത്തിലൂടെ 2018ല്‍ സംവിധാന അരങ്ങേറ്റം നടത്തിയ ഡിജോ ജോസ് ആന്റണിയുടെ രണ്ടാം ചിത്രമാണ് ജന ഗണ മന. ഷാരിസ് മുഹമ്മദിന്റേതാണ് ചിത്രത്തിന്റെ രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Critics point out that the court scenes in jana gana mana is  illogical

We use cookies to give you the best possible experience. Learn more