ന്യൂദൽഹി: ന്യൂസ്ക്ലിക്ക് മാധ്യമപ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടന്നത് എന്ത് കാരണത്താലാണ് എന്ന് പൊലീസ് വ്യക്തമാക്കിയില്ല എന്ന് ആരോപണം ഉയരുന്നതിനിടയിൽ റെയ്ഡ് നടന്ന മാധ്യമപ്രവർത്തകർ ചെയ്ത വാർത്തകൾ ചർച്ചയാകുന്നു.
യു.എ.പി.എ, ഗൂഢാലോചന (ഐ.പി.സി സെക്ഷൻ 120 ബി), മതത്തിന്റെയും വംശത്തിന്റെയും പേരിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് റെയ്ഡ് നടത്തുന്നതിന് പൊലീസ് നോട്ടീസ് നൽകിയത്.
റെയ്ഡ് ചെയ്യപ്പെട്ട മാധ്യമ പ്രവർത്തകരുടെ വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാർത്തകളിൽ മുഖ്യധാര മാധ്യമങ്ങൾ അവഗണിക്കുന്ന വീക്ഷണങ്ങളാണ് അഭിസാർ ശർമ 30 ലക്ഷം സബ്സ്ക്രൈബർ ഉള്ള തന്റെ യൂട്യൂബ് ചാനലിലൂടെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ വീഡിയോ ബീഹാറിലെ ജാതി സെൻസസ് എങ്ങനെയാണ് ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് എന്നായിരുന്നു.
പഴയ പെൻഷൻ സ്‌കീമിനെ കുറിച്ചായിരുന്നു മറ്റൊരു വീഡിയോ. പഴയ പെൻഷൻ സ്കീം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ ദൽഹിയിലെ രാമലീല മൈതാനത്തിൽ ഒത്തുകൂടിയ പ്രതിഷേധം ദേശീയ മാധ്യമങ്ങൾ തീർത്തും അവഗണിച്ചിരുന്നു. 1.8 മില്യൺ ഫോളോവേഴ്സുള്ള തന്റെ എക്‌സ് അക്കൗണ്ടിൽ കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം നിരന്തരം വിമർശനങ്ങൾ ഉയർത്താറുണ്ട്.
പൊലീസ് റെയ്ഡ് നേരിട്ട മുതിർന്ന മാധ്യമപ്രവർത്തകൻ പരൻജോയ് ഗുഹ തകുർത്ത അദാനി ഗ്രൂപ്പിന്റെ സ്ഥിരം വിമർശകനാണ്. സെപ്റ്റംബർ 30ന് ഹരിയാന സർക്കാരുമായുള്ള വൈദ്യുതി പർച്ചേസ് കരാർ അദാനി ഗ്രൂപ്പ് ലംഘിച്ചത് സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ അന്വേഷണം പ്രോബ് വാർത്താ പോർട്ടലിൽ പ്രസിദ്ധീകരിച്ചിരുന്നു. ബിസിനസ് രാഷ്ട്രീയ സംബന്ധമായ ലേഖനങ്ങൾ എഴുതുന്ന ഗുഹ തകുർത്ത ന്യൂസ് ക്ലിക്കിലെ സ്ഥിരം കോളമിസ്റ്റാണ്.
വിദ്വേഷം പ്രചരിപ്പിക്കുമ്പോൾ ഗാന്ധിയൻ ആശയങ്ങൾ ചൂലും പിടിച്ചു ഫോട്ടോ എടുക്കാനുള്ള അവസരങ്ങൾ മാത്രമായി ചുരുങ്ങുന്നതിനെ കുറിച്ച് ന്യൂസ്‌ക്ലിക്ക് ഹിന്ദി കഴിഞ്ഞ ദിവസം സ്റ്റോറി ചെയ്തിരുന്നു. റെയ്ഡ് ചെയ്യപ്പെട്ട ഭാഷ സിങ്ങിന്റെതാണ് ആ സ്റ്റോറി. വെബ്സൈറ്റിന്റെ യൂട്യൂബ് ചാനലിൽ ‘ഖോജ് ഖബർ’ എന്ന പരിപാടി അവതരിപ്പിക്കുന്നതും ഭാഷയാണ്. നരേന്ദ്രമോദിയുടെ വിമർശകയായ അവരുടെ കഴിഞ്ഞ ആഴ്ചത്തെ പരിപാടിയിൽ സർക്കാർ പദ്ധതികളും നേട്ടങ്ങളും മോദിയുമായി ബന്ധപ്പെട്ടതാക്കി മാറ്റുന്നുവെന്ന് ആരോപിച്ചിരുന്നു.
സഫ്തർ ഹാഷ്മിയുടെ സഹോദരനും എഴുത്തുകാരനുമായ സൊഹൈൽ ഹാഷ്മിയുടെ ഏറ്റവും പുതിയ വീഡിയോയിൽ എഴുത്തുകാരൻ നിലാഞ്ജൻ മുഖോപാധ്യയുമായി അദ്ദേഹം അഭിമുഖം നടത്തുകയും മോദിയുടെ ചരിത്രത്തോടുള്ള അവഗണയെക്കുറിച്ച് ഇരുവരും ചർച്ച നടത്തുകയും ചെയ്തിരുന്നു.
ന്യൂസ്‌ക്ലിക്കിൽ സ്ഥിരമായി ലേഖനങ്ങൾ എഴുതുന്ന ഔനിന്ധ്യോ ചക്രവർത്തിയുടെ ഒരു ലേഖനം ‘റോമില താപ്പറിനെയും ഇർഫാൻ ഹബീബിനെയും വലതുപക്ഷം വെറുക്കുന്നത് എന്തുകൊണ്ടാണ്?‘ എന്നതായിരുന്നു. ഈ ചരിത്രകാരന്മാർ ജാതി വിഭജനത്തെ കുറിച്ച് സംസാരിക്കുന്നതുകൊണ്ടാണ് അവരെ ഹിന്ദുത്വവാദികൾ ഇഷ്ടപ്പെടാത്തത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പൊലീസ് ആരോപിക്കുന്ന പോലെ ഈ സ്റ്റോറികളൊന്നും യു.എ.പി.എ വകുപ്പ് ചുമത്താവുന്ന തീവ്രവാദം പ്രചരിപ്പിക്കുകയോ ജനങ്ങൾക്കിടയിൽ ശത്രുത വളർത്തുകയോ ചെയ്യുന്നതല്ലെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു.
Content Highlight: Critics of Modi government; Stories of Journalists Raided By the Delhi Police in discussion