| Friday, 7th August 2020, 5:50 pm

മഴക്കെടുതി മരണങ്ങള്‍ സംഭവിക്കവേ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരുടെ 'സര്‍ക്കാര്‍ ഇസ്തം' പോസ്റ്റ്; വിവിധ തുറകളില്‍ നിന്ന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങളുടെ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് സര്‍ക്കാര്‍ വിരുദ്ധ പരിഹാസ പോസ്റ്റുമായി രംഗത്തെത്തിയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു.

‘വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു. പക്ഷെ എനിക്ക് സര്‍ക്കാരില്‍ പ്രതീക്ഷയുണ്ട്. നെതര്‍ലാന്‍ഡ്‌സില്‍ നിന്നും പഠിച്ച ടെക്‌നോളജി, റൂം ഫോര്‍ റിവര്‍ എന്നീ മാര്‍ഗങ്ങള്‍ വഴിയാവും ഇത്തവണ നാം അതിജീവിക്കുക. നോക്കിക്കോ.

സര്‍ക്കാര്‍ ഇസ്തം.’, എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.

മഴയെ തുടര്‍ന്നുള്ള അപകട വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കേയുള്ള ഈ പോസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നു. ഡോ. ജിനേഷ് പി.എസ്, മാധ്യമ പ്രവര്‍ത്തകരായ കെ.ജെ ജേക്കബ്ബ്, ശ്രീജിത്ത് ദിവാകരന്‍, കെ.എ സൈഫുദ്ദീന്‍, സംവിധായകന്‍ ജിയോ ബേബി എന്നിവരടക്കം നിരവധി പേരാണ് വിമര്‍ശനം നടത്തിയത്.

നിരീക്ഷണം കൃത്യമാണ്.

വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

പതിനൊന്നു പേര് മരിച്ചിരിക്കുന്നു; അന്‍പതിലധികം മനുഷ്യര്‍ മണ്ണിലടിയിലുണ്ട്; അവരെ രക്ഷപ്പെടുത്താന്‍ സംവിധാനങ്ങള്‍ ഒത്തൊരുമിച്ചു ശ്രമിക്കുന്നുണ്ട്.

ഒരുവിധപ്പെട്ട മനുഷ്യരൊക്കെ അവര്‍ തിരിച്ചു വരുന്നുണ്ടോയെന്നു കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കും. കാരണം അവര്‍ സഹോദരങ്ങളാണ്.

കഴുകന്മാര്‍ ശവം വീഴുന്നുണ്ടോയെന്നു നിരീക്ഷിക്കും.

നിരീക്ഷണം അത്രയും ഗംഭീരമായതുകൊണ്ടു ചാനലുകള്‍ ഉടനെത്തന്നെ വണ്ടിവിട്ടു ആളെ സ്റ്റുഡിയോയിലെത്തിക്കും.

ഇതൊക്കെ ബാക്കിയുള്ളവര്‍ അറിയാതെ പോയെങ്കിലോ?

നാടിനു എന്തൊരു നഷ്ടമാകും!

അപ്പോള്‍ ബാക്കി നിരീക്ഷണം രാത്രി.

***

നിരീക്ഷകന്‍ ഇസ്തം
ചാനലുകള്‍ പെരുത്തിസ്തം കെ.ജെ ജേക്കബ്ബിന്റെ പ്രതികരണം

എന്തൊരു മാനസികാവസ്ഥ ആയിരിക്കണം…

പ്രളയം ആരംഭിച്ചു, മരണങ്ങളുടെ വാര്‍ത്തകളും വന്നു തുടങ്ങി. എങ്ങനെയും അതിജീവിക്കാന്‍ വേണ്ടി മനുഷ്യര്‍ പൊരുതുകയാണ്.

പക്ഷേ, നിരീക്ഷകന് ആക്ഷേപഹാസ്യവും ആഹ്ലാദവും! ഈ പോസ്റ്റിന് 12000 ലൈക്കും ആയിരം ഷെയറും കഴിഞ്ഞു.

വളരെ പ്രയത്നിച്ച് കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങളെ നമ്മള്‍ അതിജീവിച്ചു. നിപ്പയെ അതിജീവിച്ചു. ഇപ്പോള്‍ കോവിഡിനെതിരെ പൊരുതി കൊണ്ടിരിക്കുന്നു. ഇപ്പോള്‍ അടുത്ത പ്രളയവും എത്തി. നിരവധി ആള്‍ക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. എങ്കിലും എങ്ങനെയും അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. മനുഷ്യര്‍ ഒരുമിച്ച് ശ്രമിച്ച് അതിജീവിക്കുക തന്നെ ചെയ്യും.

ഈ പോസ്റ്റിന് ലൈക്ക് അടിച്ച 12000 പേരുണ്ട്, ഷെയര്‍ ആയിരം കടന്നു. മനുഷ്യര്‍ കഷ്ടപ്പെടുമ്പോള്‍ എങ്ങനെ ഇങ്ങനെ പറയാന്‍ തോന്നുന്നു!

കോവിഡിനെയും പ്രളയത്തെയും നമ്മള്‍ അതിജീവിക്കും. മനസ്സാക്ഷിയുള്ള, മനുഷ്യത്വമുള്ള മനുഷ്യര്‍ ഒരുമിച്ച് നിന്ന് അതിജീവിക്കും. പക്ഷേ… ഡോ. ജിനേഷ് പി.എസിന്റെ പ്രതികരണം

ഇജ്ജാതി കക്കൂസ് ടാങ്കുകള്‍ക്കുമേല്‍ ‘നിരീക്ഷകന്‍ ‘ എന്ന ബോര്‍ഡടിച്ച് പൊതുദര്‍ശനത്തിനിരുത്തുന്ന എന്റെ മാധ്യമ സുഹൃത്തുക്കളോട് മാത്രമേ ഇത്തരുണത്തില്‍ സഹതാപമുള്ളു– മാധ്യമ പ്രവര്‍ത്തകന്‍ കെ.എ സൈഫുദ്ദീന്റെ പ്രതികരണം

തോട്ടം തൊഴിലാളികളായ തമിഴരായ ദളിതരായ മനുഷ്യര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. അവരെ രക്ഷിക്കാന്‍ ഒരു സംവിധാനം മുഴുവന്‍ പ്രവര്‍ത്തിക്കുകയാണ്.

ഫീഡില്‍ മുഴുവന്‍ ഭീതിയാണ്. വീട് മുങ്ങിത്തുടങ്ങിയവര്‍ മുതല്‍ പുഴക്കരകളിലും പാടത്തിനോരത്തും കുന്നിന്‍ ചെരിവുകളിലും ജീവിക്കുന്ന മനുഷ്യര്‍ കരഞ്ഞ് തുടങ്ങി.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇടിഞ്ഞ മണ്‍കൂമ്പാരത്തിനുള്ളില്‍ നിന്ന് 11 മനുഷ്യരെ മൃതദേഹമായി പോലും ഇനിയും കിട്ടിയിട്ടില്ല.

പക്ഷേ, മനുഷ്യരേയും ജീവജാലങ്ങളേയുമാണ് ഏത് ദുരന്തവും ബാധിക്കുക. ഇതു പോലുള്ള വൈറസുകളെ അല്ല . ഇയാളോടൊന്നും സംസാരിക്കാന്‍ ഒരു ഭാഷയും ബാക്കിയില്ല. പക്ഷേ, ഇവനെയൊക്കെ നിരീക്ഷകരായി അവതരിപ്പിച്ചെഴുന്നള്ളിക്കുന്നവരോട് കഷ്ടമെന്നേ പറയാനുള്ളൂ.

Rajeev പറഞ്ഞത് പോലെ, ഇന്നുമുണ്ടാകും ഏതെങ്കിലും ഒരു ചാനലില്‍ നിഷ്പക്ഷ നിരീക്ഷക പ്രമാണിയായി.– മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്റെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more