ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ ടീം അറ്റാക്കിങ് രീതിയിലായിരുന്നു മത്സരത്തെ സമീപിച്ചത്.
ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ ഇന്ത്യ മികച്ച ടോട്ടലില്‍ എത്തുകയായിരുന്നു. 208 റണ്‍സാണ് ഇന്ത്യ നിശ്ചിത ഓവറില്‍ അടിച്ചത്.
ഇന്ത്യക്കായി ഹര്‍ദിക് 71 റണ്‍സും രാഹുല്‍ 55 റണ്‍സും നേടിയപ്പോള്‍ സൂര്യ 46 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും തിളങ്ങാന്‍ സാധിച്ചില്ല. 11 റണ്‍സ് നേടി രോഹിത് മടങ്ങിയപ്പോള്‍ കോഹ്‌ലി രണ്ട് റണ്‍സാണ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കം മുതല്‍ ആക്രമിച്ചായിരുന്നു കളിച്ചത്. ഓസീസിനായി കാമറൂണ്‍ ഗ്രീന്‍ 61 റണ്‍സ് നേടി കളിയിലെ താരമായി. കരിയറില്‍ ആദ്യമായി ഓപ്പണിങ് ഇറങ്ങിയ ഈ 23 വയസുകാരന്‍ ആദ്യ ഓവര്‍ മുതല്‍ തകര്‍ത്തടിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ഫിനിഷിങ്ങില്‍ മാരക അടി അടിച്ച മാത്യു വെയ്ഡ് 21 പന്തില്‍ 45 റണ്‍സ് നേടിയിരുന്നു. മൂന്നാമനായി ഇറങ്ങിയ സ്റ്റീവ് സ്മിത് 35 റണ്‍സ് നേടിയിരുന്നു.
മത്സരത്തിന് ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെയും ക്യാപ്റ്റനെതിരെയും ഒരുപാട് ട്രോളുകളും വിമര്‍ശനങ്ങളും വന്നിരുന്നു. ഇവരെയൊക്കെ കൊണ്ട് ലോകകപ്പിന് പോയാല്‍ ഒന്നും നടക്കില്ലെന്നാണ് ആരാധകര്‍ വാദിക്കുന്നത്. അക്‌സര്‍ പട്ടേലൊഴികെ എല്ലാ ഇന്ത്യന്‍ ബൗളര്‍മാരും കണക്കിന് തല്ല് വാങ്ങിയിരുന്നു.
ബാറ്റര്‍മാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും നായകന്‍ രോഹിത്തിന് തിളങ്ങാന്‍ സാധിച്ചില്ലായിരുന്നു. ആദ്യം ബാറ്റിങ്ങില്‍ 11 റണ്‍സ് നേടി പുറത്തായ താരം ക്യാപ്റ്റന്‍സിയിലും മോശം പ്രകടനമാണ് കാഴ്ചവെച്ചത്.
രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. 208 റണ്‍സ് പോലും ഡിഫന്‍ഡ് ചെയ്യാന്‍ അറിയാത്ത ഇവനാണോ ലോകകപ്പ് നേടി തരാന്‍ പോകുന്ന ക്യാപ്റ്റന്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
രോഹിത്തിന്റെ നായകത്വത്തില്‍ ഇപ്പോഴും പ്രശ്‌നമൊന്നുമില്ലെന്ന് വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അത് അന്തം ഫാന്‍സാണെന്ന് കമന്റ് ചെയ്യുന്നവര്‍ കുറച്ചൊന്നുമല്ല.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ചാമ്പ്യന്‍മാരാക്കിയ നായകനാണ് രോഹിത്. അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിനെ കിരീടങ്ങളിലേക്ക് നയിക്കാന്‍ സാധിക്കുമോ എന്ന് കണ്ടറിയണം.
Content Highlight: Critics against Rohit sharma’s captaincy