Entertainment news
പുരുഷന്മാരെ സ്ത്രീകള്‍ നന്നാക്കുന്നതാണ് വിവാഹമെന്ന് ഷാഹിദ് കപൂര്‍; കബീര്‍ സിങ്ങില്‍ നിന്നും ഇതുവരെ ഇറങ്ങിയില്ലേയെന്ന് സോഷ്യല്‍ മീഡിയ; വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 07, 07:05 am
Wednesday, 7th June 2023, 12:35 pm

വിവാഹത്തെ പറ്റിയുള്ള നടന്‍ ഷാഹിദ് കപൂറിന്റെ വാക്കുകള്‍ക്കെതിരെ വിമര്‍ശനം. വിവാഹമെന്നാല്‍ സ്ത്രീകള്‍ പുരുഷന്മാരെ നന്നാക്കുന്നതാണെന്നായിരുന്നു ഷാഹിദിന്റെ പരാമര്‍ശം. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തെ പറ്റിയുള്ള കാഴ്ചപ്പാടുകള്‍ ഷാഹിദ് തുറന്ന് പറഞ്ഞത്.

‘വിവാഹം എന്ന് പറഞ്ഞാല്‍ ഒരു കാര്യമുണ്ട്. ഉഴപ്പി കിടക്കുന്ന ആണുങ്ങളുടെ ജീവിതം നന്നാക്കാന്‍ ഒരു സ്ത്രീ വരുന്നു. പിന്നെയുള്ള ജീവിതം നന്നാകാനും നല്ല മനുഷ്യനാവാനുമുള്ള ശ്രമമാണ്. ജീവിതം എന്ന് പറഞ്ഞാല്‍ അതാണ്,’ എന്നാണ് ഷാഹിദ് പറഞ്ഞത്.

എന്നാല്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഷാഹിദിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഷാഹിദിന്റെ കബീര്‍ സിങ് എന്ന സിനിമയോട് ബന്ധപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയ കമന്റുകളും വരുന്നത്.

‘നിങ്ങള്‍ കബീര്‍ സിങ്ങായി അഭിനയിച്ചിട്ടുണ്ടെന്ന് അറിയാം, പക്ഷേ ഇനി അതുപോലെ തന്നെ പെരുമാറണമെന്നില്ല,’ എന്നായിരുന്നു ഒരു കമന്റ്. കബീര്‍ സിങ് പാര്‍ട് 2 എന്നും കമന്റുണ്ട്. ഇദ്ദേഹം കബീര്‍ സിങ്ങിനെ പോലെ ആയതുകൊണ്ടാണെന്ന് തോന്നുന്നു ആ കഥാപാത്രം അവതരിപ്പിച്ചത്,’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

‘ഇതിനാണോ പെണ്ണുങ്ങള് ? ആണുങ്ങളെ ശരിയാക്കാനാണോ? നിങ്ങള്‍ ഇപ്പോഴും ഒരു കുട്ടിയാണോ,’ മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു. ‘ഒരു പുരുഷനെ ശരിയാക്കുക എന്നത് ഒരിക്കലും ഒരു സ്ത്രീയുടെ ജോലിയല്ല. വിവാഹമെന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ തുല്യ ഉത്തരവാദിത്തമാണ്’, ‘പുരുഷനെ നന്നാക്കാനല്ല ഒരു സ്ത്രീയും ജീവിക്കുന്നത്’, ‘പുരുഷന്മാരുടെ പുനരധിവാസ കേന്ദ്രങ്ങളല്ല സ്ത്രീകള്‍. ഇതൊക്കെ ആര്‍ക്കും മനസിലാക്കിയെടുക്കാന്‍ പറ്റും, എന്നിട്ടും…’, ‘കബീര്‍ സിങ്ങില്‍ ആളുകള്‍ കണ്ടെത്തിയതിലും ടോക്‌സിക്കാണ് ഈ അഭിമുഖത്തില്‍ പറയുന്നത്. ഇത് തനി സെക്‌സിസ്റ്റ് സ്റ്റേറ്റ്‌മെന്റും പ്രണയമെന്ന വ്യാജേനയുള്ള മുഖംമൂടിയുമാണ്’, ‘ ഇദ്ദേഹം 13ാം നൂറ്റാണ്ടില്‍ നിന്നുമാണ് വരുന്നത് എന്ന് തോന്നുന്നു,’ എന്നിങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍.

Content Highlight: criticizm against Actor Shahid Kapoor’s comments on marriage