വെള്ളാപ്പള്ളി നടേശന്‍ എന്തറിഞ്ഞിട്ടാണ് മലപ്പുറം പ്രത്യേക ചിലരുടെ സംസ്ഥാനവും രാജ്യവുമാണെന്നൊക്കെ തട്ടിവിടുന്നത്. എന്നുമുതലാണ് മിസ്റ്റര്‍ വെള്ളാപ്പള്ളി മലപ്പുറം ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാത്ത പ്രദേശമായി മാറിയതെന്ന് താങ്കള്‍ക്ക് വിശദീകരിക്കാന്‍ കഴിയുമോ?
നിലമ്പൂരില്‍ നടന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ ഒരു സമ്മേളനത്തിലാണ് വെള്ളാപ്പള്ളി അത്യന്തം അപലപനീയമായ ഈ വിദ്വേഷപ്രസംഗം നടത്തിയിരിക്കുന്നത്. മലപ്പുറത്തെക്കുറിച്ച് ഹിന്ദുത്വവാദികളും അവരുടെ യജമാനന്മാരായിരുന്ന ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളും പ്രചരിപ്പിച്ച കെട്ടുകഥകളിലാണ് വെള്ളാപ്പള്ളിയെപോലുള്ളവര്‍ ഇപ്പോഴും കഴിയുന്നത്.
മലപ്പുറത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ കൊളോണിയലിസ്റ്റുകളുണ്ടാക്കിയ വര്‍ഗീയപാഠങ്ങള്‍ തട്ടിവിടുന്ന ഇത്തരക്കാര്‍ എത്ര ക്രൂരവും നിര്‍ഭാഗ്യകരവുമായ സാമൂഹ്യവിഭജന വികാരങ്ങള്‍ക്കാണ് തീകൊളുത്താന്‍ നോക്കുന്നതെന്ന് സ്വയം ആലോചിക്കുന്നത് നന്നാകും.
വെള്ളാപ്പള്ളി നടേശന്‍
വെള്ളാപ്പള്ളി വിദ്വേഷം തുപ്പിയ ഇതേ നിലമ്പൂരില്‍ നിന്നാണ് 2019 ജൂണ്‍ 17-ന് മരണപ്പെട്ട സുബൈദയെന്ന ഉമ്മയ്ക്കുവേണ്ടി ഒമാനില്‍ കഴിയുന്ന അവരുടെ വളര്‍ത്തുമകനായ ശ്രീധരന്‍ ഹൃദയസ്പൃക്കായ ഒരു ഫെയ്സ്ബുക്ക് കുറിപ്പിട്ടത്. ആ കുറിപ്പിന്റെ അന്തര്‍ചോദന എന്തായിരുന്നുവെന്ന് ഒരുപക്ഷെ വര്‍ഗീയപാഠങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാലും ആ കുറിപ്പിന്റെ പശ്ചാത്തലം ഹൃദയമുള്ളവര്‍ക്കായി ഇവിടെ വിശദീകരിക്കാതിരിക്കാനാവില്ല.
എന്റെ ഉമ്മ അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി, അവരുടെ ഖബറിടം വിശാലമാക്കിക്കൊടുക്കാന്‍ പ്രാര്‍ത്ഥിക്കേണമെ… എന്നായിരുന്നു ആ കുറിപ്പ്. സുബൈദ എങ്ങനെയാണ് ശ്രീധരന്റെ ഉമ്മയായതെന്നല്ലേ. അതെ പറയാം.
നന്നെ ചെറുപ്പത്തില്‍ അതായത് ശിശുപ്രായത്തില്‍തന്നെ ശ്രീധരന്റെ അമ്മയായിരുന്ന ചക്കി മരണപ്പെട്ടു. അതിനെതുടര്‍ന്ന് ശ്രീധരനെയും അദ്ദേഹത്തിന്റെ രണ്ട് സഹോദരിമാരെയും സ്വന്തം മക്കളായി ഏറ്റെടുത്ത് ഹിന്ദുമതവിശ്വാസത്തിനനുസരിച്ച് വളര്‍ത്തി വലുതാക്കിയതും ഈ സുബൈദയായിരുന്നു.
സുബൈദ ഉമ്മയാവുകമാത്രമല്ല, സുബൈദയുടെ ഭര്‍ത്താവ് മദ്രസ അധ്യാപകന്‍കൂടിയായ അബ്ദുള്‍അസീസ് ഹാജി ശ്രീധരനും സഹോദരങ്ങള്‍ക്കും വാപ്പയുമായിരുന്നു.
എന്നുമുതലാണ് മിസ്റ്റര്‍ വെള്ളാപ്പള്ളി മലപ്പുറം ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാത്ത പ്രദേശമായി മാറിയതെന്ന് താങ്കള്‍ക്ക് വിശദീകരിക്കാന്‍ കഴിയുമോ?
ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാത്ത സ്ഥലമാണ് മലപ്പുറമെന്നൊക്കെ തട്ടിവിടുന്ന വെള്ളാപ്പള്ളിമാര്‍ മലപ്പുറത്തിന്റെ ഈ സ്നേഹസംസ്‌കാരത്തെ ഈ സാഹോദര്യ മാഹാത്മ്യത്തെ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നാണ് പറയാനുള്ളത്.
മലപ്പുറം ബഹുസ്വരതയുടെ സംസ്‌കാരവും ജീവിതവുമുള്ള സമൂഹവും നാടുമാണെന്ന യാഥാര്‍ത്ഥ്യത്തെ വിദ്വേഷപ്രചരണങ്ങളുടെ പുകമറയില്‍ മറച്ചുവെക്കാന്‍ കഴിയുകയില്ല. മലപ്പുറത്തിന്റെ യാഥാര്‍ത്ഥ്യത്തെ കൊളോണിയല്‍ ശക്തികളും ഹിന്ദുത്വവര്‍ഗീയവാദികളും സൃഷ്ടിച്ച കെട്ടുകഥകളെക്കൊണ്ട് മറച്ചുപിടിക്കാന്‍ ഇനിയും അനുവദിച്ചുകൂട. അതിനായി ഇത്തരം കെട്ടുകഥകളെ മതനിരപേക്ഷ ജനാധിപത്യശക്തികള്‍ അഴിച്ചുപണിയുകതന്നെ ചെയ്യണം.
വായില്‍തോന്നിയതെന്തും കോതയ്ക്ക് പാട്ടെന്നപോലെ തട്ടിവിടുകയാണോ വെള്ളാപ്പള്ളി നടേശന്‍, അല്ല ഹിന്ദുത്വ പൊതുബോധത്തില്‍ നിന്ന് മലപ്പുറത്തെ ഇകഴ്ത്തുന്ന വര്‍ഗീയവീര്യം കാണിക്കുകയാണോ? മലബാര്‍ കലാപത്തെത്തുടര്‍ന്ന് കൊളോണിയല്‍ശക്തികളും അവരോടൊപ്പം ചേര്‍ന്ന സവര്‍ണ ജന്മിമാരുമാണ് മലപ്പുറത്തെ മോശപ്പെടുത്തുന്നതരത്തില്‍ വര്‍ഗീയപാഠങ്ങള്‍ പടച്ചുവിട്ടത്.
വെള്ളാപ്പള്ളി നടേശന്‍
വാരിയംകുന്നത്ത് കുഞ്ഞമ്മദ്ഹാജിയും ആലിമുസ്‌ലിയാരുമൊക്കെ അടിമത്വം അനുഭവിക്കാന്‍ വിസമ്മതിച്ച സാമ്രാജ്യത്വ വിരുദ്ധ പോരാളികളായിരുന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ടാണ് ബ്രിട്ടീഷ് ഇന്റലിജന്‍സ് വിഭാഗവും സവര്‍ണ ജാതിമേധാവികളും അവരെ മുസ്‌ലിം വര്‍ഗീയവാദികളായി ചിത്രീകരിച്ചത്.
ദാശരഥി എന്ന പേരില്‍ ഏതോ സംഘി എഴുതി പ്രസിദ്ധീകരിച്ച മലബാറിലെ മാപ്പിള ലഹളകള്‍ എന്ന പുസ്തകം ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രത്തെ പിന്‍പറ്റി മലപ്പുറത്തെയാകെ വര്‍ഗീയവാദികളുടെ കേന്ദ്രമാക്കി മുദ്ര കുത്തുന്നതായിരുന്നു.
കുടിയാന്മാരുടെ സംഘടിതശക്തിയില്‍ പൊട്ടിപ്പുറപ്പെട്ട ജന്മിത്വവിരുദ്ധ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളൊന്നും ഒരിക്കലും മാപ്പിള ലഹളകളായിരുന്നില്ല. ദേശീയപ്രസ്ഥാനം ശക്തിപ്പെട്ടതോടെയാണ് ഹിന്ദു – മുസ്‌ലിം വിഭജനത്തെ അതിജീവിച്ച് കര്‍ഷകരുടെ സമരങ്ങള്‍ മലബാര്‍ സമരമായി വികസിച്ചത്. ഹിന്ദുക്കള്‍ക്കിടയിലെന്നപോലെ മുസ്‌ലിങ്ങള്‍ക്കിടയിലും ബ്രിട്ടീഷ് അനുകൂലികള്‍ ഉണ്ടായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. കൊണ്ടോട്ടി തങ്ങളെപോലുള്ള ആളുകള്‍ ബ്രിട്ടീഷ് അനുകൂലികളായിരുന്നു.
മലപ്പുറത്തെ മുസ്‌ലിം പ്രദേശമായി സമീകരിക്കുന്ന പ്രത്യയശാസ്ത്രം കൊളോണിയല്‍ പ്രത്യയശാസ്ത്രമാണെന്നും ഒരു പ്രത്യേക പ്രദേശത്തെയും തങ്ങള്‍ അപരരായി കാണുന്ന ജനവിഭാഗത്തെയും ബന്ധിപ്പിച്ചവതരിപ്പിക്കുന്നത് വര്‍ഗീയരാഷ്ട്രീയമാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ഈയൊരു വര്‍ഗീയ രാഷ്ട്രീയത്തില്‍ നിന്നാണ് മലപ്പുറത്തെ സംബന്ധിച്ച് മാപ്പിളസ്ഥാന്‍ എന്നൊക്കെയുള്ള വാദങ്ങള്‍ ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.
മുസ്‌ലിങ്ങളെ അപരരാക്കുന്ന കൊളോണിയല്‍ പ്രത്യയശാസ്ത്രവും ഹിന്ദുത്വപ്രത്യയശാസ്ത്രവും ചേര്‍ന്നാണ് മലപ്പുറത്തെ മാപ്പിളസ്ഥാനാക്കിയുള്ള പ്രതീതി നിര്‍മ്മാണം നടത്തിയത്. മതേതരമായ ജനകീയ കൂട്ടായ്മകളെ തകര്‍ക്കാനാണ് എല്ലാകാലത്തും ചൂഷകവര്‍ഗങ്ങള്‍ മതസമുദായങ്ങളുമായി പ്രദേശങ്ങളെ സമീകരിച്ചുകാണുന്ന അധിനിവേശതന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്.
ഇ.എം.എസ്
1967-ലെ ഇ.എം.എസ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരണത്തിനുവേണ്ടിയുള്ള നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ ഹിന്ദുത്വവാദികളോടൊപ്പം ചേര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും മലപ്പുറം ജില്ല കുട്ടിപാക്കിസ്ഥാന്‍ സൃഷ്ടിക്കാനുള്ള നീക്കമാണെന്ന വിദ്വേഷ പ്രചരണമാണ് നടത്തിയത്.
മലബാര്‍ കലാപത്തെത്തുടര്‍ന്ന് കൊളോണിയല്‍ശക്തികളും അവരോടൊപ്പം ചേര്‍ന്ന സവര്‍ണ ജന്മിമാരുമാണ് മലപ്പുറത്തെ മോശപ്പെടുത്തുന്നതരത്തില്‍ വര്‍ഗീയപാഠങ്ങള്‍ പടച്ചുവിട്ടത്.
1921-ലെ മലബാര്‍ കാര്‍ഷികകലാപെത്ത മുസ്ലീം ജനതയുടെ ഹാലിളക്കമായിട്ടാണ് സാമ്രാജ്യത്വശക്തികള്‍ അവതരിപ്പിച്ചത്. ആ വഴിയില്‍തന്നെയാണ് ഹിന്ദുത്വവാദികള്‍ മലബാര്‍ കലാപത്തെ മാപ്പിളലഹളയാക്കി വ്യാഖ്യാനിച്ചത്. കൊളോണിയല്‍ ചരിത്രബോധത്തില്‍ നിന്ന് മലപ്പുറത്തെ കാണുകയാണ് മതരാഷ്ട്രവാദികള്‍ ചെയ്തത്. അത്തരക്കാരുടെ ചരിത്രവിരുദ്ധതയും പൊള്ളത്തരങ്ങളും തുറന്നുകാട്ടേണ്ടതുണ്ട്. മലപ്പുറത്തിന്റെ യഥാര്‍ത്ഥ ചരിത്രവും ജീവിതവും വൈവിധ്യപൂര്‍ണമായ ജനവിഭാഗങ്ങളുടെയും പോരാട്ടങ്ങളുടെയും കൂടിച്ചേരലാണ്.
എഴുത്തച്ഛനും പൂന്താനവും മോയിന്‍കുട്ടിവൈദ്യരും എല്ലാം ഉള്‍ക്കൊള്ളുന്ന സമ്പന്നമായ സാഹിത്യപാരമ്പര്യമാണ് മലപ്പുറത്തിനുള്ളത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും തൊഴിലാളി കര്‍ഷക സമരങ്ങളുടെയും ഇതിഹാസസമാനമായ പാരമ്പര്യം മലപ്പുറത്തിനവകാശപ്പെട്ടതാണ്.
ഒരു ജനസമൂഹമെന്ന നിലയില്‍ മലപ്പുറം ഊത്താലകളും ഉപ്പളങ്ങളും മുന്നോട്ടുവെച്ച സാങ്കേതികവിദ്യയുടെ കുതിപ്പിനൊപ്പം വളര്‍ന്നുവന്ന നാടാണ്. സംസ്‌കൃത, ഗണിതശാസ്ത്രമേഖലകളിലും വലിയ സംഭാവന മലപ്പുറത്തിന്റേതായുണ്ട്.
വിശ്വപ്രസിദ്ധമായ ആയുര്‍വേദ ചരിത്രം മലപ്പുറത്തിന്റെ സ്വന്തം കോട്ടയ്ക്കലിന്റേതാണ്. അത് മാത്രമല്ല മാമാങ്കത്തില്‍ പരിക്ക് പറ്റിയ ഭടന്മാരെ ശുശ്രൂഷിച്ച ചങ്ങമ്പിള്ളിയുടെ ആയുര്‍വേദപാരമ്പര്യവും മലപ്പുറത്തിന്റേതാണ്.
സൂഫി ചിന്തകളുടെ സജീവതയും മമ്പുറം തങ്ങന്‍മാരുടെ ആത്മീയതയും ഇഴുകിചേര്‍ന്ന നാടാണിത്. എന്തിന് ഇന്ത്യയാകെ അറിയപ്പെടുന്ന മാര്‍ക്സിസ്റ്റ് ധൈഷണികതയുടെ പ്രതിനിധികളായ ഇ.എം.എസും കെ.ദാമോദരനുമൊക്കെ മലപ്പുറത്ത് ജനിച്ചവരാണ്. മലപ്പുറത്തിന്റെ ഈ മഹനീയ ചരിത്രത്തെ കൊളോണിയലിസം സൃഷ്ടിച്ച വര്‍ഗീയപാഠങ്ങളില്‍ മുക്കിക്കളയാന്‍ ആരെയും അനുവദിച്ചുകൂട.
CONTENT HIGHLIGHTS: Criticizing Vellapalli Natesan’s hate speech about Malappuram, Article written by KT. Kunhikannan